Life In Christ

ദെബോറയുടെ ദാരുണാന്ത്യത്തിന് പിന്നാലെ പ്രദേശത്ത് ഇരുപതോളം പേര്‍ യേശുവിനെ രക്ഷകനായി സ്വീകരിച്ചു

പ്രവാചകശബ്ദം 23-05-2022 - Monday

സൊകോട്ടോ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മതനിന്ദ ആരോപിച്ച് മതഭ്രാന്തരായ സഹപാഠികളുടെ ക്രൂരമായ മര്‍ദ്ദനത്തിനും, കല്ലേറിനും ഇരയായി കൊല്ലപ്പെടുകയും, മൃതദേഹം ചുട്ടെരിക്കപ്പെടുകയും ചെയ്ത ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനി ദെബോറ സാമുവല്‍ യാക്കുബുവിന്റെ മരണത്തിന് പിന്നാലേ ഇരുപതോളം പേര്‍ യേശുവിനെ രക്ഷകനായി സ്വീകരിച്ചിട്ടുണ്ടെന്നു പിതാവിന്റെ വെളിപ്പെടുത്തല്‍. ഇവാഞ്ചലിക്കല്‍ സമൂഹത്തിന്റെ സാമൂഹ്യ രാഷ്ട്രീയ വിഭാഗമായ ‘ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍’ (ഇ.സി.ഡബ്യു.എ) സംഘടന 2,50,000 നൈറ ആശ്വാസ സഹായമായി നല്‍കിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ദെബോറയുടെ മരണത്തേത്തുടര്‍ന്ന്‍ ഇരുപതോളം പേര്‍ തന്റെ വീട്ടില്‍വെച്ച് തങ്ങളുടെ ജീവിതം ക്രിസ്തുവിനായി സമര്‍പ്പിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയതായി ആഫ്രിക്കന്‍ വാര്‍ത്താ വെബ്സൈറ്റായ ‘ലെജിറ്റ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ വീട്ടില്‍ അവരെത്തി പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുവിശേഷത്തോടുള്ള ദെബോറയുടെ ആവേശം ജ്വലിപ്പിച്ച അഗ്നി അവളുടെ മരണം കൊണ്ട് അണയില്ലെന്നും അത് പൂര്‍വ്വാധികം ശക്തിയോടെ ജ്വലിക്കുമെന്നും ഇ.സി.ഡബ്യു.എ പ്രതിനിധി റവ. ജൂലിയസ് ഒഡോഫിന്‍ (ജെ.പി) പറഞ്ഞു. സംഭവത്തിന്റെ പേരില്‍ മറ്റുള്ള കുട്ടികളെ വിദ്യാലയങ്ങളില്‍ വിടാന്‍ മടിക്കരുതെന്നും, അങ്ങനെ ചെയ്യുകയാണെങ്കില്‍ അത് സാത്താന്റെ ദൗത്യത്തിനു നല്‍കുന്ന വിലകുറഞ്ഞ വിജയമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ നൈജീരിയന്‍ സര്‍ക്കാരില്‍ നിന്നും ദെബോറയുടെ മൃദേഹം അടക്കം ചെയ്യുന്നതിനായി വിട്ടുകിട്ടുന്നതിന് ചിലവായ 1,20,000 നൈറയും സംഘടന തന്നെയാണ് നല്‍കിയത്. സംഘടനയുടെ ഉദാരമനസ്കതക്ക് നന്ദി പറയുവാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നു ദെബോറയുടെ പിതാവ് പറഞ്ഞു. “എനിക്കും എന്റെ കുടുംബത്തിനും വേണ്ടി നിങ്ങള്‍ ചെയ്തതിനെ ഞാന്‍ അഭിനന്ദിക്കുന്നു. എനിക്ക് എന്താണ് പറയേണ്ടതെന്നറിയില്ല. ദെബോറയുടെ പ്രശ്നത്തില്‍ ഇടപെട്ട എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ” - അദ്ദേഹം പറഞ്ഞു.

ഇതിനിടെ ദെബോറയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത രണ്ടുപേരെ കോടതി റിമാന്‍ഡ് ചെയ്തു. ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുവാന്‍ സമയമാവശ്യമുണ്ടെന്ന്‍ പോലീസ് അറിയിച്ചതിനെ തുടര്‍ന്ന്‍ വിധിപ്രസ്താവം നീട്ടിവെച്ചിരിക്കുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്ന 4 പേര്‍ക്കായി പോലീസ് ‘ലുക്ക്ഔട്ട്‌’ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്, സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയില്‍ കാണുന്ന ഇവരേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ പോലീസിനെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം.

ഇക്കഴിഞ്ഞ ആഴ്ചയാണ് സൊകോട്ടോയിലെ ഷെഹു ഷഗാരി കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന ദെബോറ ക്രൂരമായി കൊല്ലപ്പെട്ടത്. വാട്സാപ്പില്‍ പോസ്റ്റ്‌ ചെയ്ത വോയിസ് മെസേജില്‍ മതനിന്ദയുണ്ടെന്ന ആരോപണത്തേത്തുടര്‍ന്നായിരിന്നു കൊലപാതകം. കോളേജ് അധികാരികള്‍ സുരക്ഷിതമായി ഒളിപ്പിച്ചിരുന്ന മുറിയില്‍ നിന്നും ബലമായി വലിച്ചിഴച്ചു കൊണ്ടുപോയ മുസ്ലീം സഹപാഠികള്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചും, കല്ലെറിഞ്ഞും കൊലപ്പെടുത്തിയ ശേഷം അഗ്നിക്കിരയാക്കുകയായിരുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




Related Articles »