Life In Christ - 2024

ദളിത് സമൂഹത്തിൽ നിന്ന് കർദ്ദിനാൾ പദവിയിലേക്ക്: ആർച്ച് ബിഷപ്പ് അന്തോണി പൂള ശ്രദ്ധ നേടുന്നു

പ്രവാചക ശബ്ദം 30-05-2022 - Monday

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പ പുതുതായി പ്രഖ്യാപിച്ച കർദ്ദിനാളുമാരുടെ നിരയിലേക്ക് ഇതാദ്യമായി ദളിത് വിഭാഗത്തിൽപെട്ട ആർച്ച് ബിഷപ്പും. ഇന്ത്യയിൽ നിന്ന് രണ്ട് പേർക്കാണ് ഇത്തവണ കർദ്ദിനാൾ പദവി ലഭിക്കുന്നത്. ഇതിൽ ഹൈദരാബാദ് ആർച്ചുബിഷപ്പ് അന്തോണി പൂളയാണ് ദളിത് വിഭാഗത്തിൽപ്പെട്ട വ്യക്തി. സമൂഹം മാറ്റി നിർത്തുന്നവരോട് ഫ്രാൻസിസ് മാർപാപ്പ കാണിക്കുന്ന സ്നേഹത്തിന്റെ ഉദാഹരണമായി അദ്ദേഹത്തിന്റെ നിയമനം മാറിയിരിക്കുകയാണെന്ന് നിരവധി പേർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ആന്ധ്രപ്രദേശിലെ കുർണൂൽ രൂപതയിൽ ജനിച്ച 61 വയസ്സുകാരനായ അന്തോണി പൂള പന്ത്രണ്ട് വർഷത്തോളമാണ് രൂപതയെ നയിച്ചത്. ഇതിനുശേഷമാണ് ഹൈദരാബാദ് അതിരൂപതയെ നയിക്കാൻ ഫ്രാൻസിസ് മാർപാപ്പയെ തെരഞ്ഞെടുക്കുന്നത്.

തമിഴ്നാട്ടിലെ 18 രൂപതകളിൽ ഒരു ദളിത് മെത്രാൻ മാത്രമേ ഉള്ളുവെന്ന് ചൂണ്ടിക്കാട്ടി അടുത്തിടെ വിശ്വാസികൾ രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ദളിത് വിഭാഗത്തിൽ നിന്ന് ഒരാളെ സഭയുടെ കർദ്ദിനാളുമാരുടെ പട്ടികയിലേക്ക് പാപ്പ ഉയർത്തുന്നത്. കർദ്ദിനാൾ പദവിയിലെത്താൻ യോഗ്യതയിലെങ്കിലും, എളിമയോടെ കൂടി ദൈവത്തിന്റെ പദ്ധതി താൻ സ്വീകരിക്കുകയാണെന്ന് നിയുക്ത കർദ്ദിനാൾ ഏഷ്യാ ന്യൂസിനോട് പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പ തന്നിൽ വിശ്വാസമർപ്പിച്ചതിൽ അദ്ദേഹം നന്ദി പറഞ്ഞു. താൻ ഒരു ദളിത് വിഭാഗത്തിൽ നിന്നുള്ള ആളായതിനാൽ, നിയമനം ദളിത് കത്തോലിക്കർക്കും, ഭാരത കത്തോലിക്കാ സഭയ്ക്കും സന്തോഷ വാർത്തയാണെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ കത്തോലിക്ക ജനസംഖ്യയിലെ ദളിതർക്ക് വലിയ സന്തോഷവാർത്തയാണ് ഇതെന്ന് ദളിത് ആക്ടിവിസ്റ്റും ജസ്യൂട്ട് വൈദികനുമായ എ എക്സ് ജെ ബോസ്കോ പറഞ്ഞു. എല്ലാവരെയും ശ്രവിക്കുന്ന ഒരു സിനഡൽ സഭയാണ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടത്. ഇതോടുകൂടി വർഷങ്ങൾ നീണ്ട പോരാട്ടത്തിനുശേഷം തങ്ങളുടെ ശബ്ദവും സഭ കേട്ടുവെന്ന് ദളിത് വിശ്വാസികൾക്ക് കരുതാമെന്ന് അദ്ദേഹം വിശദീകരിച്ചു. ഗോവ- ദാമൻ അതിരൂപതയെ 2003 മുതൽ നയിക്കുന്ന 69 വയസ്സുള്ള ആർച്ച് ബിഷപ്പ് ഫിലിപ്പ് നേരിയാണ് കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ മെത്രാൻ.


Related Articles »