Life In Christ

അനുദിനം രണ്ടു ജപമാല നിര്‍ബന്ധം: ലോകത്തെ ഏറ്റവും പ്രായമേറിയ പുരുഷന്‍ അടിയുറച്ച കത്തോലിക്ക വിശ്വാസി

പ്രവാചകശബ്ദം 10-06-2022 - Friday

കാരക്കാസ്: ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായമേറിയ പുരുഷനെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ കുറിക്കപ്പെട്ട വെനിസ്വേലന്‍ സ്വദേശിയും 113 വയസ്സുമുള്ള ജുവാന്‍ വിന്‍സെന്റെ പെരെസ് മോറ ആഴമേറിയ ക്രൈസ്തവ വിശ്വാസത്തിന്റെ ഉടമ. ഈ പ്രായത്തിലും ദിവസവും രണ്ടു പ്രാവശ്യം ജപമാല ചൊല്ലുന്ന കാര്യത്തില്‍ മോറ യാതൊരു വീഴ്ചയും വരുത്താറില്ല. 1909 മെയ് 27-ന് ജനിച്ച മോറക്ക് ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് 113 വയസ്സ് തികഞ്ഞത്. മെയ് 17ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തിലൂടെ മോറ തന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യങ്ങളുടെ നിരയില്‍ ദൈവത്തോടുള്ള സ്നേഹം, ദൈവത്തെ സദാ ഹൃദയത്തില്‍ കൊണ്ടുനടക്കല്‍ ആണെന്ന് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. അനുദിനം രണ്ട് ജപമാല ചൊല്ലുന്നത് പതിവാണെന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നു.

തന്റെ കുടുംബവും സുഹൃത്തുക്കളുമാണ് തന്റെ സന്തത സഹചാരികളെന്ന് പറഞ്ഞ മോറ “ദൈവ സ്നേഹം, കുടുംബത്തിന്റെ സ്നേഹം, ജോലിക്കായി നേരത്തേ എഴുന്നേക്കല്‍” തുടങ്ങിയവയാണ് ഈ ജീവിതത്തില്‍ നിന്നും താന്‍ പഠിച്ച ഏറ്റവും വലിയ കാര്യങ്ങളെന്നു കൂട്ടിച്ചേര്‍ത്തു. 2022 ഫെബ്രുവരി നാലിനാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് മോറയെ ലോകത്തെ ഏറ്റവും പ്രായമുള്ള പുരുഷനെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ചു അടുത്തിടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് അധികൃതര്‍ പുറത്തിറക്കിയ വീഡിയോയുടെ തമ്പ്നെയില്‍ ചിത്രത്തില്‍ മോറ ജപമാല പിടിച്ചിരിക്കുന്ന ദൃശ്യമാണ് ഉള്ളത്. യൂട്ടിക്കുയോ ഡെല്‍ റൊസാരിയോ പെരെസ് മോറ-എഡെല്‍മിര മോറ ദമ്പതികളുടെ 10 മക്കളിലെ ഒൻപതാമനായിരിന്നു മോറ.

60 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോറ എഡിയോഫിന ഡെല്‍ റൊസാരിയോ ഗാര്‍ഷ്യയെ വിവാഹം ചെയ്തു. 1997-ല്‍ അവര്‍ മരണപ്പെടുകയും ചെയ്തു. 6 ആണ്‍മക്കളും, 5 പെണ്‍മക്കളും ഉണ്ടായിരുന്ന മോറയുടെ കുടുംബം ഇന്ന്‍ 41 പേരമക്കളും, അവരുടെ 18 മക്കളും, അവരുടെ 12 മക്കളും ഉള്ള വലിയൊരു വൃക്ഷമായി വളര്‍ന്നുകഴിഞ്ഞു. ദൈവവിശ്വാസത്തിന്റെ കാര്യത്തിലാണ് കുടുംബത്തില്‍ മോറ ഏറ്റവും കൂടുതലായി അറിയപ്പെടുന്നത്. തന്റെ വാർദ്ധക്യത്തിന്റെ ബുദ്ധിമുട്ടുകൾക്കിടയിലും വിശ്വാസത്തിന്റെ പരിച ധരിച്ച് ജീവിതം സന്തോഷകരമായി മുന്നോട്ട് കൊണ്ടുപോകുകയാണ് ഈ അപ്പൂപ്പൻ. ലോകത്ത് ഇന്ന്‍ ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായമേറിയ വ്യക്തി, ഏറ്റവും പ്രായമേറിയ സ്ത്രീ എന്നീ പദവികള്‍ക്കര്‍ഹയായിരിക്കുന്നത് ഒരു കത്തോലിക്ക കന്യാസ്ത്രീയാണ്. ഫ്രഞ്ച് സ്വദേശിനിയായ സിസ്റ്റര്‍ ആന്‍ഡ്രെ റാണ്ടോന് ഇപ്പോള്‍ 118 വയസ്സുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »