Faith And Reason - 2024

സ്വർഗ്ഗത്തിലേക്കുളള തന്റെ യാത്രയെപ്പറ്റി ബെനഡിക്ട് പാപ്പ പറഞ്ഞത് നിറകണ്ണുകളോടെ പങ്കുവെച്ച് സെക്രട്ടറി

പ്രവാചകശബ്ദം 06-07-2022 - Wednesday

റോം: എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്വർഗ്ഗത്തിലേക്കുള്ള യാത്രയെപ്പറ്റി നടത്തിയ പരാമർശം നിറകണ്ണുകളോടെ പങ്കുവെച്ച് അദേഹത്തിന്റെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗ്വാന്‍സ്വെയ്ന്‍. ജർമ്മനിയിലെ മ്യൂണിക്കിൽ സ്ഥിതി ചെയ്യുന്ന നിംഫൻബർഗ് കൊട്ടാരത്തിൽ ബെനഡിക് പാപ്പയുടെ 95ാം പിറന്നാളിനോട് അനുബന്ധിച്ച് ജോസഫ് റാറ്റ്സിംഗർ ഫൗണ്ടേഷൻ നടത്തിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ് ഗ്വാന്‍സ്വെയ്ന്‍. പ്രായമാകുമ്പോൾ സഹിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ പറ്റിയും, ബെനഡിക്ട് പാപ്പയുടെ എഴുത്തുകൾക്ക് എതിരെയും, അദ്ദേഹത്തിന് നേരെ വ്യക്തിപരമായി ഉയരുന്ന വിമർശനങ്ങളെ പറ്റിയും സംസാരിക്കുന്നതിനിടയിലാണ് സ്വർഗ്ഗത്തിലേക്കുള്ള യാത്രയെപ്പറ്റി പാപ്പ വിവരിച്ചതെന്ന് സെക്രട്ടറി വെളിപ്പെടുത്തി.

ഇപ്പോൾ താമസിക്കുന്ന മാത്തര്‍ എക്ളേസിയെ ആശ്രമത്തിൽ നിന്നും സ്വർഗ്ഗീയ കവാടം വരെയുള്ള യാത്ര ഇത്രയും ദീർഘം ആയിരിക്കുമെന്ന് താൻ ചിന്തിച്ചിട്ടില്ലായിരുന്നുവെന്നു പാപ്പ സെക്രട്ടറിയോട് പറഞ്ഞു. ഇക്കാര്യം സമൂഹത്തോട് വിവരിക്കുന്നതിനിടെ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗ്വാന്‍സ്വെയ്ന്‍ വികാരാധീനനായി കണ്ണീര്‍വാര്‍ക്കുകയായിരിന്നു. ശാരീരികമായി അവശനാണെങ്കിലും, ജാഗരൂകതയോടെ ഉണർന്നിരിക്കുന്ന മനസ്സാണ് ബെനഡിക്ട് പാപ്പയ്ക്കുളളതെന്ന് ഗ്വാന്‍സ്വെയ്ന്‍ പങ്കുവെച്ചു.

പാപ്പയുടെ ശബ്ദം ഇപ്പോൾ തീരെ ശബ്ദം കുറഞ്ഞതും, മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതുമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾ അദ്ദേഹത്തിന്റെ ആരോഗ്യത്തെ തളർത്തി. എന്നാൽ ഈയൊരു സാഹചര്യത്തിലും ഹൃദയത്തിൻറെ പ്രസന്നത പാപ്പ നിലനിർത്തുകയാണ്. റാറ്റ്സിംഗർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പരിപാടിയെ പറ്റി പറഞ്ഞപ്പോൾ പാപ്പ ഒരു കൊച്ചു കുട്ടിയെപ്പോലെ സന്തോഷവാനായി കാണപ്പെട്ടുവെന്നും, അവിടെയെത്തിയ ആളുകൾക്ക് തന്റെ ഹൃദ്യമായ അനുഗ്രഹം നൽകാൻ തന്നെ നിയോഗിച്ചുവന്നും അദ്ദേഹം പറഞ്ഞു. 65 വയസ്സുകാരനായ ആര്‍ച്ച് ബിഷപ്പ് ഗ്വാന്‍സ്വെയ്ന്‍ 2003 മുതല്‍ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സെക്രട്ടറി പദവി വഹിക്കുകയാണ്.


Related Articles »