Arts
യേശുവിന്റെ പുനരുത്ഥാനം വിര്‍ച്വല്‍ റിയാലിറ്റിയില്‍: പ്രദര്‍ശനത്തിന് ജറുസലേമില്‍ ആരംഭം
പ്രവാചകശബ്ദം 10-07-2022 - Sunday
ജെറുസലേം: വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ട് യേശുവിന്റെ പുനരുത്ഥാനത്തിന്റെ പ്രത്യേക അനുഭവം സമ്മാനിക്കുന്ന മള്‍ട്ടിമീഡിയ പ്രദര്‍ശനത്തിന് ജെറുസലേമില്‍ ആരംഭം. ജൂണ്‍ 2ന് വിശുദ്ധ നാടിന്റെ ഉത്തരവാദിത്വമുള്ള ഫാ. ഫ്രാന്‍സെസ്കോ പാറ്റണാണ് ‘ക്രിസ്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സെന്റ’റില്‍ (സി.ഐ.സി) ഒരുക്കിയിരിക്കുന്ന പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. യേശുവിന്റെ കാലഘട്ടത്തിലുള്ള ജറുസലേമിനെ കുറിച്ചും, പുനരുത്ഥാന ബസിലിക്ക കേന്ദ്രീകരിച്ചുകൊണ്ട് ചരിത്രത്തിലുടനീളം ജെറുസലേം നഗരത്തിനുണ്ടായ പരിവര്‍ത്തനങ്ങളെ കുറിച്ചും സന്ദര്‍ശകര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കുക എന്ന ആശയത്തില്‍ നിന്നുമാണ് പ്രദര്‍ശനത്തിന് രൂപം നല്‍കിയിരിക്കുന്നതെന്ന് ക്രിസ്ത്യന്‍ മീഡിയ സെന്ററിന് നല്‍കിയ പ്രസ്താവനയില്‍ ഫാ. ഫ്രാന്‍സെസ്കോ പറഞ്ഞു.
6 മള്‍ട്ടിമീഡിയ മുറികളിലായിട്ടാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഇതില്‍ രണ്ടു മുറികളില്‍ ക്രിസ്തുവിന്റെ പുനരുത്ഥാനം വരെയുള്ള വിവരങ്ങളാണ് സന്ദര്‍ശകര്‍ക്ക് നല്‍കുന്നത്. ബാക്കിയുള്ളവയില്‍ മൂന്ന്‍ മുറികളില്‍ പുനരുത്ഥാനത്തിന് ശേഷം സംഭവിച്ച കാര്യങ്ങളും, അവസാനത്തേ മുറിയില്‍ യേശുവിന്റെ കല്ലറയുടെ പുനരാവിഷ്കാരവുമാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് സി.ഐ.സി ഡയറക്ടര്‍ ടോമാസ് ഫ്രാന്‍സിസെക് പറഞ്ഞു. പ്രദര്‍ശനം കാണുന്നവര്‍ക്ക് പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡിജിറ്റല്‍ റിയാലിറ്റിയിലൂടെ അതുല്യമായ ഓഡിയോ വിഷ്വല്‍ അനുഭവം ലഭിക്കുമെന്നും ടോമാസ് പറഞ്ഞു.
ജെറുസലേമിന്റേയും, തിരുക്കല്ലറപ്പള്ളിയുടെയും നൂറ്റാണ്ടുകളിലൂടെയുള്ള ചരിത്ര വിവരണം വഴി ഓരോ മുറിയിലും ചെല്ലുമ്പോള്‍ ഒരേസ്ഥലത്ത് വിവിധ കാലഘട്ടങ്ങളില്‍ ജീവിക്കുന്ന അനുഭവമാണ് സന്ദര്‍ശകര്‍ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യേശു ആരാണെന്ന്‍ അറിയിക്കുവാനും, മിശിഹയായും, ദൈവപുത്രനും, രക്ഷകനുമായും അവനെ സ്വാഗതം ചെയ്യുവാനുമാണ് നമ്മുടെ സാന്നിധ്യം ഇവിടെ ഉള്ളതെന്നും, ശൂന്യമായ കല്ലറയാണ് നമ്മുടെ വിശ്വാസത്തിന്റേയും, പ്രതീക്ഷയുടേയും കേന്ദ്രമെന്നും ഫാ. ഫ്രാന്‍സിസെക് ഓര്‍മ്മിപ്പിച്ചു.
13 ഭാഷകളില്‍ ലഭ്യമായ പ്രദര്‍ശനം നേരത്തെ ഉദ്ഘാടനം ചെയ്യേണ്ടതായിരുന്നു. എന്നാല്‍ 2020-ലെ കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവുണ്ടായ സാഹചര്യത്തില്‍ ഉദ്ഘാടനം നീട്ടിവെക്കുകയായിരുന്നു. വിശുദ്ധ നാട്ടിലെ സുവിശേഷവത്കരണ ദൗത്യത്തിലെ സുപ്രധാന പടിയായിട്ടാണ് ഈ പ്രദര്‍ശനത്തിന്റെ ആരംഭത്തെ നോക്കികാണുന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക