News

ചൈനീസ് ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ തുടര്‍ക്കഥ; യൂടോങ്ങിലെ ഭൂഗര്‍ഭ ദേവാലയം തകര്‍ത്തു

പ്രവാചകശബ്ദം 27-07-2022 - Wednesday

വത്തിക്കാന്‍ സിറ്റി: കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി ക്രൈസ്തവര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥ. ചൈനയിലെ സെങ്ഡിങ്ങ് (ഹെബേയി) രൂപതയിലെ യൂടോങ് ഗ്രാമത്തിലെ ഭൂഗര്‍ഭ സഭയില്‍പ്പെട്ട ഇടവക ദേവാലയം ചൈനീസ് അധികാരികള്‍ തകര്‍ത്തതായുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇടവക വികാരിയായ ഫാ. ഡോങ് ബാവൊലു ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സി.പി.സി) നിയന്ത്രണത്തിലുള്ള ചൈനീസ്‌ കാത്തലിക് പാട്രിയോടിക് അസോസിയേഷനില്‍ ചേരുവാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ്‌ ദേവാലയം പ്രവര്‍ത്തിച്ചിരുന്ന വലിയ ടെന്റ് നശിപ്പിച്ചത്. പാര്‍ട്ടിക്ക് കീഴടങ്ങാത്ത ഏക വൈദികനായിരിന്നു ഫാ. ഡോങ് ബാവൊലു. ഹെമിപ്ലേജിയ (ഭാഗിക പക്ഷാഘാതം) എന്ന രോഗം ബാധിച്ച ഫാ. ഡോങ് ആശുപത്രിയില്‍ പരിശോധനക്കായി പോയസമയത്തായിരുന്നു ദേവാലയത്തിനെതിരായ അതിക്രമം.

സര്‍ക്കാര്‍ അംഗീകൃത സഭയില്‍ ചേരാത്ത വൈദികനോ സന്യാസിനിയ്ക്കോ തങ്ങളുടെ വിശ്വാസപരമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുവാന്‍ കഴിയാത്ത സാഹചര്യമാണ് ചൈനയില്‍ ഉള്ളത്. 2018 ഫെബ്രുവരിയിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി ചൈനീസ് സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്.

വത്തിക്കാനും ചൈനയും തമ്മിലുള്ള നീണ്ടകാലമായുള്ള ഭിന്നിപ്പ് ഇല്ലാതാക്കുന്നതിന്റെ ആദ്യപടിയെന്ന നിലയില്‍ പുതിയ മെത്രാന്മാരുടെ നിയമനം സംബന്ധിച്ച് 2018-ല്‍ ചൈനയുമായി രണ്ടു വർഷത്തെ കരാർ വത്തിക്കാൻ ഒപ്പുവെച്ചിരുന്നു. 2020-ല്‍ പ്രസ്തുത കരാര്‍ പുതുക്കുകയും ചെയ്തു. കരാര്‍ നിലനിന്നിട്ടും കത്തോലിക്കര്‍ക്ക്, പ്രത്യേകിച്ച് ഭൂഗര്‍ഭ സഭയില്‍പ്പെട്ടവര്‍ക്കെതിരായ മതപീഡനങ്ങളില്‍ യാതൊരു കുറവും വന്നിട്ടില്ലെന്നതാണ് ഏറെ ശ്രദ്ധേയമായ വസ്തുത. ചൈനീസ്‌ പ്രസിഡന്റ് ഷി ജിന്‍പിംഗ് മതങ്ങള്‍ക്ക് മേലുള്ള തന്റെ പിടി മുറുക്കിക്കൊണ്ടിരിക്കുകയാണ്.

മതങ്ങളുടെ സംഭാവനകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 1-നാണ് നിയമം പ്രാബല്യത്തില്‍ വന്നത്. മാര്‍ച്ച് 1-ന് ഓണ്‍ലൈനിലൂടെയുള്ള വിശ്വാസപരമായ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തിയതിന്റെ പിന്നാലെയാണ് ഈ നിയന്ത്രണങ്ങളും. വൈദികര്‍, സന്യാസികള്‍, മെത്രാന്മാര്‍ തുടങ്ങിയവരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുണൈറ്റഡ് ഫ്രണ്ടിന്റെ കീഴിലുള്ള സ്റ്റേറ്റ് അഡ്മിനിസ്ട്രേഷന്‍ ഫോര്‍ റിലീജിയസ് അഫയേഴ്സ് പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »