India - 2024
എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നപരിഹാരത്തിന് തുടക്കമായെന്ന്‍ മാർ ആലഞ്ചേരി
പ്രവാചകശബ്ദം 01-08-2022 - Monday
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പരി ഹാരത്തിന് തുടക്കമായിട്ടുണ്ടെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. അതിന്റെ ഭാഗമായാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ നിയമിച്ചുകൊണ്ടുള്ള വ ത്തിക്കാന്റെ അതിപ്രധാനമായ തീരുമാനം. അതിരൂപതയുടെ മുഴുവൻ ഭരണച്ചുമതല തന്നെയാണ് മാർ താഴത്തിനു നല്കിയിരിക്കുന്നത്. മേജർ ആർച്ച് ബിഷപ്പിനോടു ചേർന്നു നിന്ന് അദ്ദേഹം ഭരണച്ചുമതല നിർവഹിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
അതിരൂപതയുടെ പൊതുഭരണം നിർവഹിക്കുക എന്നതിനൊപ്പം ഏതെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെല്ലാം പരിഹാരം കാണുക എന്നതാണ് മാർ താഴത്തിന്റെ നിയമനോദ്ദേശ്യം. ഒരു നിമിഷംകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല. ഇപ്പോഴത്തെ പ്രശ്നങ്ങൾ മാർ ആൻഡ്രൂസ് താഴത്തിന് പരിഹരിക്കാൻ സാധിക്കുമെന്നാണ് മാർപാപ്പയുടെയും സിനഡിന്റെയും പ്രതീക്ഷയെന്ന് ഒരു ചോദ്യത്തിനു മറുപടിയായി കർദ്ദിനാൾ പറഞ്ഞു. അതിരൂപതയിലെ നല്ലൊരു ശതമാനം വൈദികരും ആളുകളും ആ പ്രതീക്ഷയിൽ തന്നെയാണ്. ഏകീകൃത കുർബാന അർപ്പണ രീതി 34 രൂപതകളിൽ ആയിക്കഴിഞ്ഞു. അതിരൂപതയിൽ പൂർണമായി എന്നത്തേക്കു വരുമെന്ന് പറയാൻ സാധിക്കില്ല. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഒരു തീയതി നിശ്ചയിച്ച് നടപ്പിലാക്കാൻ തുടങ്ങുമെന്നും മാർ ആലഞ്ചേരി പറഞ്ഞു.