Faith And Reason - 2024

കത്തോലിക്ക കോൺഫറൻസിൽ പ്രതിഷേധിക്കാൻ എത്തിയവരെ വിശുദ്ധ മിഖായേലിനോടുള്ള പ്രാർത്ഥന കൊണ്ട് പ്രതിരോധം തീര്‍ത്ത് വിശ്വാസികള്‍

പ്രവാചകശബ്ദം 02-08-2022 - Tuesday

നാപ്പ: കാലിഫോർണിയ സംസ്ഥാനത്തെ നാപ്പയിൽ, നാപ്പ ഇൻസ്റ്റിറ്റ്യൂട്ട് എന്ന കത്തോലിക്ക സംഘടനയുടെ കോൺഫറൻസിൽ പ്രതിഷേധിക്കാൻ എത്തിയവരെ വിശുദ്ധ മിഖായേലിനോടുള്ള പ്രാർത്ഥനയുമായി പ്രതിരോധം സൃഷ്ട്ടിച്ച വിശ്വാസികളുടെ ദൃശ്യങ്ങള്‍ ശ്രദ്ധനേടുന്നു. ജൂലൈ 31നു കോൺഫറൻസ് നടക്കുന്നതിനിടയിൽ ഒരു സംഘം ആളുകൾ വേദിക്ക് സമീപത്തെത്തി അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയായിരിന്നു. എണ്ണൂറോളം ആളുകൾ ഈ സമയത്ത് കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. വിശുദ്ധ മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥനയും മരിയന്‍ സ്തുതിഗീതങ്ങളുമായി അവർ പ്രതിഷേധക്കാരെ നേരിടുകയായിരിന്നു.

വിശുദ്ധ മിഖായേലിനോടുള്ള പ്രാർത്ഥന കൂടാതെ, നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയും, സാൽവേ റജീന മരിയൻ ഗാനവും അവർ ആലപിച്ചു. ഈ ഗാനം ആലപിച്ചതിനുശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്. കോൺഫറൻസിലെ അംഗങ്ങൾ സാൽവേ റജീന പാടുന്ന വീഡിയോ ദൃശ്യങ്ങൾ കത്തോലിക്കാ പ്രഭാഷകനായ ക്രിസ്സ് സ്റ്റെഫാനിക്ക് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭ്രാന്തന്മാരെ പോലെ അലറുന്ന മാർക്സിസ്റ്റ് പ്രതിഷേധക്കാർക്ക് നാപ്പ കോൺഫറൻസ് നൽകിയ മറുപടി എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു കത്തോലിക്കാ വിശ്വാസി ആയിരിക്കുന്നതിൽ അഭിമാനമുണ്ടെന്നു ക്രിസ്സ് സ്റ്റെഫാനിക്ക് കൂട്ടിച്ചേർത്തു. നിരവധി ആളുകൾ ഇതിനെ അനുകൂലിച്ചുകൊണ്ട് കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

നിരവധി ആളുകൾ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വിഷയം മാധ്യമ ശ്രദ്ധ നേടുന്നുന്നത്. പ്രതിഷേധക്കാർ എത്തിയപ്പോൾ തങ്ങൾ അവരെ തണുപ്പിക്കാൻ ശ്രമിച്ചെന്നും, അത് നിഷ്ഫലമായപ്പോൾ സാത്താനെ പരാജയപ്പെടുത്താൻ പ്രാർത്ഥനയാണ് ഏറ്റവും ഉചിതമായ ഉത്തരമെന്ന് ചിന്തിച്ചുവെന്നും ഫാദേഴ്സ് ഓഫ് മേഴ്സി കോൺഗ്രിഗേഷനിലെ അംഗം ഫാ. കെൻ ഗെരാസി പറഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഫാദേഴ്സ് ഓഫ് മേഴ്സി കോൺഗ്രിഗേഷൻ തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. ഫാ. കെൻ ഗെരാസിയാണ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയത്.

ഈ ഗാനവും, ആരാധനയും കേട്ടതിനു ശേഷം പിശാചുക്കൾ അവരെ വിട്ടുപോയെന്ന് ഒരാള്‍ കമന്റ് ചെയ്തു. ഞാനും കത്തോലിക്കാ വിശ്വാസിയായതിൽ അഭിമാനിക്കുന്നു, അലറുന്നവർക്കും, വിദ്വേഷം ഉള്ളവർക്കും നൽകാൻ സാധിക്കുന്ന ഏറ്റവും മനോഹരമായ മറുപടി ഇതാണ് തുടങ്ങീ നിരവധി കമന്റുകളാണ് വീഡിയോയില്‍ കാണുന്നത്. വിശുദ്ധ മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥന പിശാചുക്കളിൽ വലിയ വേദന ഉളവാക്കുമെന്നും അതാണ് കോണ്‍ഫറന്‍സില്‍ കണ്ടെതെന്നും ഭൂതോച്ചാടകനായ മോൺ. സ്റ്റീഫൻ റോസറ്റി ചൂണ്ടിക്കാട്ടി. ജൂലൈ 29നു ആരംഭിച്ച കോണ്‍ഫറന്‍സ് മുപ്പത്തിയൊന്നാം തീയതിയാണ് സമാപിച്ചത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »