Life In Christ

ഫുലാനികള്‍ നടത്തുന്ന വംശഹത്യ; ഭവനരഹിതരാക്കിയ ആയിരങ്ങളെ സംരക്ഷിക്കുവാന്‍ നൈജീരിയന്‍ ഇടവക

പ്രവാചകശബ്ദം 16-08-2022 - Tuesday

അബൂജ: നൈജീരിയയില്‍ ഫുലാനികളുടെ ആക്രമണങ്ങള്‍ നിരാലംബരാക്കിയ ആയിരങ്ങളെ സംരക്ഷിക്കുവാന്‍ നൈജീരിയയിലെ കത്തോലിക്ക ഇടവക ഏറെ കഷ്ട്ടപ്പെടുന്നു. ഫുലാനികളും കൊള്ളക്കാരും നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ കാരണം നിരവധി പേരാണ് സെന്റ്‌ ഫ്രാന്‍സിസ് സേവ്യര്‍ ഇടവക അടക്കമുള്ള കേന്ദ്രങ്ങളില്‍ സജ്ജമാക്കിയിരിക്കുന്ന അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിരിക്കുന്നത്. ബെന്യൂ സംസ്ഥാനത്തില്‍ ജൂണ്‍ 30-ന് ഉണ്ടായ ആക്രമണത്തില്‍ വെടിയേറ്റ്‌ കൊല്ലപ്പെട്ട ഓര്‍ഗൂസ് അകായുടെ ഭാര്യയും മൂന്ന്‍ മക്കളും ഇതില്‍ ഉള്‍പ്പെടുന്നു. ബെന്യൂ ഗവര്‍ണര്‍ സാമുവല്‍ ഒര്‍ട്ടോം വാഗ്ദാനം ചെയ്തിരിക്കുന്ന സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അകായുടെ ഭാര്യ.

നൈജീരിയയിലെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ പത്തുലക്ഷത്തിലധികം ആളുകളെ ഭവനരഹിതരാക്കിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ ഏതാണ്ട് 82%-നും മാകുര്‍ഡി രൂപതയാണ് അഭയം നല്‍കിയിരിക്കുന്നതെന്നു ബിഷപ്പ് വില്‍ഫ്രഡ് ചിക്പാ അനാഗ്ബെ വെളിപ്പെടുത്തി. എന്നാല്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനായി സെന്റ്‌ ഫ്രാന്‍സിസ് ഇടവക പോലെയുള്ള അഭയാര്‍ത്ഥി ക്യാമ്പുകള്‍ പാടുപെടുകയാണ്. ഇവരില്‍ പലരും പട്ടിണിയിലാണ്. വല്ലപ്പോഴും മാത്രമാണ് ഫെഡറല്‍ ഗവണ്‍മെന്റ് എന്തെങ്കിലും അയച്ചു തരാറുള്ളതെന്ന്‍ സെന്റ്‌ ഫ്രാന്‍സിസ് സേവ്യര്‍ ഇടവകയിലെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഇബാ ടെര്‍ണാ ജേക്കബ് പറയുന്നു.

കാലിമേക്കുന്ന മുസ്ലീം ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് നുഴഞ്ഞുകയറുവാന്‍ പറ്റുന്ന രീതിയില്‍ വളരെ ആസൂത്രിതമായിട്ടാണ് കൊള്ളക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും, ക്രൈസ്തവരെ പുറത്താക്കി അവരുടെ നിലങ്ങള്‍ ഫുലാനികള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള നിഗൂഡ പദ്ധതിയുടെ ഭാഗമാണ് ഈ ആക്രമണങ്ങളെന്നും ബിഷപ്പ് അടുത്തിടെ പ്രസ്താവിച്ചിരിന്നു. തുടര്‍ച്ചയായ ആക്രമണങ്ങളില്‍ സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയ മെത്രാന്‍ കാലാവസ്ഥാ വ്യതിയാനമാണ് ആക്രമണങ്ങളുടെ പിന്നിലെ കാരണമെന്ന് പറയുന്നത് അപഹാസ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.

2014 മുതല്‍ ഫുലാനികള്‍ ക്രൈസ്തവരെ കൊലപ്പെടുത്താത്ത വാര്‍ത്ത കേള്‍ക്കാത്ത ഒരു ദിവസം പോലുമില്ലെന്നും, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തനിക്ക് അജപാലക പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പറ്റുന്നില്ലെന്നും, മെയ് 1 മുതല്‍ ജൂണ്‍ 30 വരെ ബെന്യു സംസ്ഥാനത്തില്‍ 70 പേര്‍ ഫുലാനി തീവ്രവാദികളാല്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മെത്രാന്‍ പറയുന്നു. ഗ്രാമവാസികള്‍ തങ്ങളുടെ കൃഷിയിടങ്ങളില്‍ പോകുന്ന സമയത്താണ് ഫുലാനികള്‍ ആക്രമണം നടത്തുന്നതെന്നു ഗ്വേര്‍ വെസ്റ്റ്‌ ലോക്കല്‍ ഗവണ്‍മെന്റ് ഏരിയയുടെ തലവനായ അയാണ്ടേ ആന്‍ഡ്ര്യു പറഞ്ഞു. തോക്കുകളുമായി സ്വതന്ത്രമായി വിഹരിക്കുന്ന ഫുലാനികള്‍ മുപ്പതോളം ഗ്രാമങ്ങള്‍ പിടിച്ചടക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫുലാനികളുടെ ആക്രമണങ്ങള്‍ കാരണം ഏതാണ്ട് ഇരുപതിനായിരത്തോളം വരുന്ന വിശ്വാസികള്‍ക്ക് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാനോ, കൂദാശകള്‍ സ്വീകരിക്കുവാനോ കഴിയാത്ത അവസ്ഥയാണെന്നു സെന്റ്‌ ഫ്രാന്‍സിസ് സേവ്യര്‍ ഇടവകയുടെ ചുമതലയുള്ള ഫാ. ക്ലീറ്റസ് ബുവാ പറയുന്നു. അഗ്ബാഗെയില്‍ മാത്രം ഫുലാനികള്‍ ഭവനരഹിതരാക്കിയവരുടെ 50 അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയായില്‍ സാധാരണക്കാരുടെ അവസ്ഥ ഓരോ ദിവസവും ക്ലേശകരമാകുകയാണ്.


Related Articles »