Life In Christ

''ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ഞാന്‍ യേശുവിന്റെ സ്നേഹം അനുഭവിച്ചു''; തുറന്ന സാക്ഷ്യവുമായി മുന്‍ സാത്താന്‍ ആരാധകന്‍

പ്രവാചകശബ്ദം 18-08-2022 - Thursday

പത്തൊന്‍പതാം വയസ്സില്‍ ലഹരിക്കും വിഷാദരോഗത്തിനും അടിമയായി സൈന്യത്തില്‍ നിന്നും പുറത്താക്കപ്പെട്ട് ഒടുവില്‍ യേശുവിന്റെ ദര്‍ശനത്താല്‍ ലഹരിയില്‍ നിന്നും ആത്മഹത്യ പ്രവണതയില്‍ നിന്നും മോചനം നേടിയ മുന്‍ സാത്താന്‍ ആരാധകന്റെ ജീവിതസാക്ഷ്യം ശ്രദ്ധ നേടുന്നു. സാം ബിഷപ്പ് എന്ന യുവാവിന്റെ പരിവര്‍ത്തന സാക്ഷ്യമാണ് സി‌ബി‌എന്‍ ന്യൂസിലൂടെ പുറംലോകം അറിഞ്ഞിരിക്കുന്നത്. സാത്താന്റെ ശക്തിക്കായി തന്നെ പൂര്‍ണ്ണമായി സമര്‍പ്പിച്ചിരിന്നുവെന്നും ആരാലും സ്നേഹിക്കപ്പെടാതെയും അംഗീകരിക്കപ്പെടാതെയും ജീവിച്ച് മടുത്ത് തുടങ്ങിയിരുന്ന താന്‍ സാത്താന്റെ ശക്തി ഏറെ ആഗ്രഹിച്ചിരിന്നുവെന്ന് ഇദ്ദേഹം പറയുന്നു.

“എന്നെത്തന്നെ സാത്താന് സമര്‍പ്പിച്ചു കഴിഞ്ഞു എന്ന ഒരു തോന്നല്‍ എന്റെ ഉള്ളിലുണ്ടായി. ഞാന്‍ ദുര്‍മന്ത്രവാദം പരീക്ഷിക്കാന്‍ തുടങ്ങിയ ശേഷം എനിക്ക് ചുറ്റുമുള്ള ലോകത്തേയും, ആളുകളേയും കൈകാര്യം ചെയ്യുവാന്‍ എനിക്ക് കഴിയുമെന്ന് തോന്നിത്തുടങ്ങി. ആരാലും സ്നേഹിക്കപ്പെടാതെയും അംഗീകരിക്കപ്പെടാതെയും ജീവിച്ച് എനിക്ക് മടുത്ത് തുടങ്ങിയിരുന്നു. അതിനാല്‍ തന്നെ സാത്താന്റെ ശക്തി ഞാന്‍ ആഗ്രഹിച്ചു.- സാം പറയുന്നു. ജയിലിലും പുറത്തുമായി ജീവിതം ചിലവഴിച്ചിരുന്ന സാമിന്റെ പിതാവ് കടുത്ത മദ്യപാനിയായിരുന്നു. അമ്മയാകട്ടെ ലഹരിക്കടിമയും.

പഴയ ഓര്‍മ്മകളില്‍ നല്ലത് ഒന്നുമില്ലായിരിന്നു. വീട്ടിലുടനീളം അരാജകത്വം. സ്നേഹവും, സ്വീകാര്യതയുമായിരുന്നു ജീവിതത്തില്‍ അവന് നഷ്ടപ്പെട്ടത്. 4 വയസ്സുമുതല്‍ വീട്ടില്‍ നിന്നും അകന്ന് ഫോസ്റ്റര്‍ കെയറിലായിരുന്നു അവന്‍ വളര്‍ന്നത്. 15 വയസ്സായപ്പോഴേക്കും ആരും തന്നെ സ്വീകരിക്കുന്നില്ലെങ്കില്‍ സ്വീകരിക്കത്തക്കതായി തന്നില്‍ ഒന്നുമില്ലെന്നും, മാതാപിതാക്കള്‍ പോലും സ്നേഹിക്കാത്ത തനിക്കൊരു വിലയുമില്ലെന്ന തോന്നല്‍ അവനില്‍ ശക്തമായി. പിന്നീട് പിതാവിന്റെ കൂടെ താമസമാരംഭിച്ചപ്പോഴാണ് അവന്‍ മദ്യത്തിനും ലഹരിക്കും വിഷാദരോഗത്തിനും അടിമയായത്.

ക്രമേണ ആത്മഹത്യ പ്രവണതയും അവനില്‍ ശക്തമായി. ഹൈസ്കൂള്‍ പഠനത്തിനു ശേഷം ആര്‍മിയില്‍ ചേര്‍ന്ന്‍ പുതിയൊരു ജീവിതം ആരംഭിക്കുവാന്‍ ശ്രമിച്ചെങ്കിലും 2 മാസങ്ങള്‍ക്കുള്ളില്‍ ആര്‍മിയില്‍ നിന്നും സാം പുറത്താക്കപ്പെട്ടു. താന്‍ ആളുകളുമായി എപ്പോഴും വഴക്ക് കൂടുമായിരുന്നെന്നും, ലഹരിക്കടിമയായ സൈന്യത്തില്‍ ചേരുവാന്‍ പറ്റിയ ആളല്ലെന്ന് എല്ലാവരും തന്നോട് പറയുമായിരുന്നെന്നും സാം പറയുന്നു.

പിന്നീട് ഒരു ഹൈസ്കൂളില്‍ സുരക്ഷജീവനക്കാരനായി ജോലി ചെയ്യുവാന്‍ സാം ആരംഭിച്ചു. കടുത്ത ലഹരി പദാര്‍ത്ഥങ്ങളായ മെത്തും ഹെറോയിനും അവന്റെ ദിനചര്യയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. ക്രമേണ സ്ത്രീകളുമായിട്ടുള്ള അവിഹിത ബന്ധവും തുടങ്ങുകയുണ്ടായി. ദൈവത്തില്‍ നിന്നും അകന്നാല്‍ ദൈവം നമ്മെ തകര്‍ത്ത് കളയുമെന്നായിരുന്നു ദൈവത്തേക്കുറിച്ച് അവന്‍ കരുതിയിരുന്നത്. ആ സമയത്താണ് സാം ഒരു സ്ത്രീയുമായി പരിചയപ്പെടുന്നത്. അവര്‍ അവനെ സാത്താന്‍ ആരാധനയിലേക്കു നയിക്കുകയായിരിന്നു.

സാത്താന്‍ ആരാധനയിലൂടെ താന്‍ ആഗ്രഹിച്ചതെല്ലാം നേടാമെന്ന് അവന്‍ കരുതി. 2018 ഡിസംബറിന്റെ തുടക്കത്തിലാണ് അവന്‍ സാത്താന് സ്വയം സമര്‍പ്പിച്ചുകൊണ്ടുള്ള രക്ത ഉടമ്പടി നടത്തിയത്. അധികം താമസിയാതെ തന്നെ അത് തെറ്റായിപ്പോയെന്ന് സാമിന് മനസ്സിലായി. ജീവിതത്തില്‍ എന്തെന്നില്ലാത്ത ഒരു ശൂന്യത അനുഭവപ്പെടുവാന്‍ തുടങ്ങി. താന്‍ ഒന്നുമല്ലാത്തതുപോലേയും, ഇനി തനിക്ക് രക്ഷയില്ലെന്നും താന്‍ നരകത്തില്‍ പോകുമെന്നും അവന് തോന്നിത്തുടങ്ങി. തന്റെ ജീവിതം അവസാനിപ്പിക്കുവാന്‍ തീരുമാനിച്ച സാമിനെ തേടി അത്ഭുതകരമായ സ്വര്‍ഗ്ഗീയ സ്പര്‍ശനം ലഭിക്കുകയായിരിന്നു. തന്റെ മനസ്സില്‍ ഒരു ചിത്രമുണ്ടായിരുന്നെന്നും അത് യേശുവിന്റേതായിരുന്നെന്നും, യേശു തന്നോട് ക്ഷമിക്കുമെന്നും, പാപമോചനം നേടണമെന്ന തോന്നല്‍ തന്നില്‍ ഉണ്ടായെന്നും സാം വിവരിച്ചു. കര്‍ത്താവിന്റെ ദൃശ്യമായ ഇടപെടല്‍ ജീവിതത്തില്‍ ഉണ്ടായതായാണ് അദ്ദേഹം ഇതിനെ കുറിച്ച് പറയുന്നത്.



സാത്താനെ ഉപേക്ഷിക്കുന്നതിന്റെ ആദ്യപടിയായി അവന്‍ അതിനുപറ്റിയ ബൈബിള്‍ വാക്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പരതുവാന്‍ തുടങ്ങി. “ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്‌തികളുടെയും മീതേ ചവിട്ടി നടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല.” (ലൂക്കാ 10:19) എന്ന ബൈബിള്‍ വാക്യത്താല്‍ സ്പര്‍ശിക്കപ്പെട്ട സാം, മന്ത്രവാദവുമായി ബന്ധപ്പെട്ട എല്ലാ സാധനങ്ങളും വലിച്ചെറിഞ്ഞു. തന്നോട് ക്ഷമിക്കുവാന്‍ അവന്‍ ദൈവത്തോട് കരഞ്ഞപേക്ഷിച്ചു. ഇതിന് പിന്നാലെ എന്തെന്നില്ലാത്ത സമാധാനവും സന്തോഷവും ജീവിതത്തില്‍ നിറയുകയായിരിന്നുവെന്ന് അദ്ദേഹം പറയുന്നു.

ഇപ്പോള്‍ തനിക്ക് വിഷാദമോ, അസ്വസ്ഥതയോ ഇല്ല. തന്റെ ജീവിതം സജീവമായി തുടങ്ങിയെന്നും തുടര്‍ന്ന് ജീവിക്കുവാനുള്ള ഒരു പ്രതീക്ഷ തനിക്ക് ലഭിച്ചു കഴിഞ്ഞുവെന്നും അവന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ആഗ്രഹിച്ച ജീവിതം തനിക്ക് ലഭിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് സാമിന്റെ സാക്ഷ്യം അവസാനിക്കുന്നത്. സാത്താന്‍ ആരാധനയിലും തിന്മകള്‍ക്കും അടിമപ്പെട്ട് ജീവിതം നയിക്കുന്ന അനേകര്‍ക്ക് നിത്യസത്യമായ ക്രിസ്തുവിലേക്ക് നയിക്കുവാന്‍ സഹായകരമായ സാമിന്റെ സാക്ഷ്യം വരും നാളുകളില്‍ അനേകര്‍ക്ക് വലിയ മാര്‍ഗ്ഗദീപമാകുമെന്നാണ് കരുതപ്പെടുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »