Faith And Reason

പൈശാചിക ബാധയിൽ നിന്ന് രക്ഷപ്പെടാൻ 5 മാർഗ്ഗങ്ങൾ നിര്‍ദ്ദേശിച്ച് പ്രമുഖ കത്തോലിക്ക ഭൂതോച്ചാടകൻ

പ്രവാചകശബ്ദം 29-08-2022 - Monday

മേരിലാന്‍റ്: ദൈവത്തിൽ നിന്ന് നമ്മെ അകറ്റി പൈശാചിക വലയത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുവാന്‍ സാത്താൻ അക്ഷീണ പരിശ്രമം നടത്തുന്ന ഇക്കാലയളവില്‍ മുന്നറിയിപ്പുമായി പ്രമുഖ കത്തോലിക്ക ഭൂതോച്ചാടകനായ മോൺ. സ്റ്റീഫൻ റൊസറ്റി. 'എക്സോർസിസ്റ്റ് ഡയറി' എന്ന ഓണ്‍ലൈന്‍ ലേഖനപരമ്പരയ്ക്കു വേണ്ടി മോൺ. സ്റ്റീഫൻ റൊസറ്റി എഴുതിയ ലേഖനത്തില്‍ നിന്നുള്ള ഭാഗമാണ് ഇപ്പോള്‍ കത്തോലിക്ക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പൈശാചിക ബാധയെ പ്രതിരോധിക്കാൻ അഞ്ചു മാർഗങ്ങളാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. ഒന്നാമതായി അദ്ദേഹം വിവരിക്കുന്നത് - ആദ്യഘട്ടത്തിൽ തന്നെ പൈശാചിക ബാധയെ മനസ്സിലാക്കുകയെന്നതാണ്. പൈശാചിക ബാധയെ ആദ്യം തന്നെ അതിന്റെ ലക്ഷണങ്ങളിലൂടെ മനസ്സിലാക്കുക എന്നതാണ് ഏറ്റവും സുപ്രധാനമായി ചെയ്യേണ്ട കാര്യമെന്ന് മോൺ. സ്റ്റീഫൻ റൊസറ്റി കുറിച്ചു.

വളരെ നേരത്തെ തന്നെ സഹായം തേടണമെന്നാണ് അദ്ദേഹം രണ്ടാമതായി ഓര്‍മ്മിപ്പിക്കുന്നത്. ആത്മീയ ഉപദേശത്തിനും, വിമോചന പ്രാർത്ഥനയ്ക്കും ഒരു വൈദികന്റെ സഹായം തേടുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് അദ്ദേഹം പറയുന്നു. പൂർണ്ണമായും പൈശാചിക ബാധയെ അകറ്റാൻ സാധിച്ചില്ലെങ്കിലും, അതിനെ പ്രതിരോധിച്ച് മുന്നോട്ട് പോകാൻ വൈദികന്റെ ആത്മീയ സഹായം ഉപകരിക്കുമെന്ന് മോൺ. റൊസറ്റി പറയുന്നു. മൂന്നാമതായി സ്വീകരിക്കേണ്ടത്- ആത്മാർത്ഥതയോടും, തുറവിയോടും പ്രശ്നങ്ങൾ വൈദികനോട് പങ്കു വയ്ക്കുകയെന്നതാണ്. പൈശാചിക ബാധയുണ്ടായാൽ ഒറ്റപ്പെടലിലൂടെ അത് കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് മോൺ. റൊസറ്റി മുന്നറിയിപ്പ് നൽകുന്നു. അതിനാൽ തുറവിയോടെ പ്രശ്നങ്ങൾ ആത്മീയ ഗുരുവിന് മുന്നില്‍ പങ്കുവെയ്ക്കേണ്ടതുണ്ടെന്ന് അദ്ദേഹം കുറിച്ചു.

പൈശാചിക സ്വാധീനങ്ങളെ കര്‍ത്താവിന്റെ നാമത്തില്‍ ബന്ധിക്കുകയാണ് നാലാമതായി ചെയ്യേണ്ട കാര്യം. വലിയ പൈശാചിക ബാധയുടെ സമയത്ത്, ആ വ്യക്തിയുടേതാണോ, ഭൂതോച്ചാടനം നടത്തുന്ന ആളുടെതാണോ പൈശാചിക ചിന്തയെന്ന് സംശയം തോന്നാൻ സാധ്യതയുണ്ട്. ഇതിന് പ്രതിവിധിയായി മോൺ. റൊസറ്റി നിർദ്ദേശിക്കുന്ന പ്രാർത്ഥന ഇതാണ്: ''പൈശാചിക ആത്മാക്കളെ ഞാൻ നിരാകരിക്കുകയും, ഉപേക്ഷിക്കുകയും, ശാസിക്കുകയും ചെയ്യുന്നു. കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ അവരെ പുറത്താക്കുന്നു''.

തിന്മയുടെ ചിന്തകള്‍ ഇരുണ്ടതും നിരാശാജനകവുമാണ്. പൈശാചിക ചിന്തകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടെയും ഒപ്പം സമയം ചെലവഴിക്കുന്നതു നല്ല മാർഗ്ഗങ്ങളാണെന്നാണ് അഞ്ചാമത്തെ നിര്‍ദ്ദേശമായി ഭൂതോച്ചാടകൻ വിവരിക്കുന്നത്. എന്നാൽ ഇതിനേക്കാൾ എല്ലാം സുപ്രധാനമായി പൈശാചിക ബാധയെ നേരിടാൻ പ്രാർത്ഥനയും, അനുദിന കൂദാശകളുമാണ് ഏറ്റവും പ്രധാനപ്പെട്ട മാർഗങ്ങളെന്ന് മോൺ. സ്റ്റീഫൻ റൊസറ്റിയുടെ ലേഖനത്തിൽ പ്രത്യേകം പരാമര്‍ശിക്കുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി അമേരിക്കയില്‍ ഭൂതോച്ചാടന രംഗത്ത് സജീവമാണ് ഈ വൈദികന്‍.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »