India - 2025

ഐക്യദാർഢ്യവുമായി സൈക്കിളില്‍ യാത്ര തിരിച്ച വൈദികന്‍ സമരമുഖത്ത്

പ്രവാചകശബ്ദം 30-08-2022 - Tuesday

കൊച്ചി: മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യവുമായി മുനമ്പത്തു നിന്ന് സൈക്കിളില്‍ യാത്ര തിരിച്ച വൈദികന്‍ വിഴിഞ്ഞം സമരമുഖത്ത് എത്തി. മുനമ്പം തിരുകുടുംബ ദേവാലയ ഇടവക വികാരി ഫാ. രൂപേഷ് കളത്തിലാണ് മുനമ്പത്തു നിന്ന് വിഴിഞ്ഞത്തേക്ക് സൈക്കിളിലൂടെ ഐക്യദാര്‍ഢ്യ യാത്ര നടത്തിയത്. നേരത്തെ കെആർഎൽസിസി സെക്രട്ടറി പി.ജെ. തോമസ് ഫ്ളാഗ് ഓഫ് ചെയ്ത യാത്ര ഇന്നലെ രാത്രി ഏഴേ മുക്കാലോടെ സമരമുഖത്ത് എത്തിച്ചേര്‍ന്നു. വഴിയോരങ്ങളിലെ മത്സ്യ തൊഴിലാളികളെയും ജനങ്ങളെയും ബോധവത്ക്കരിച്ച് കൊണ്ടായിരിന്നു അദ്ദേഹം ഇവിടെ എത്തിചേര്‍ന്നത്.

വലിയ ആരവങ്ങളോടെയാണ് തീരദേശ ജനത അദ്ദേഹത്തെ സ്വീകരിച്ചത്. സര്‍ക്കാരിനോടും ഭരണാധികാരികളോടുമുള്ള നിശബ്ദമായ പ്രതിഷേധമാണ് താൻ നടത്തിയതെന്നും തന്റെ ഇടവകയിലും മത്‍സ്യതൊഴിലാളി മക്കളുണ്ടെന്നും അവരുടെ ദുഃഖം തനിക്ക് നേരിട്ട് അറിയാമെന്നും ഫാ. രൂപേഷ് പറഞ്ഞു. ഇപ്പോൾ നടക്കുന്ന സമരം ക്രിസ്തീയമായ ശൈലിയിൽ നടക്കുന്ന സമരമാണെന്നും അതേസമയം തെറ്റ് കാണുമ്പോൾ പ്രതികരിക്കാൻ കടമയുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. സമരമുഖത്തേക്കുള്ള യാത്രാമദ്ധ്യേ വിവിധയിടങ്ങളിൽ വൈദികന് സ്വീകരണം ലഭിച്ചിരുന്നു.


Related Articles »