News - 2024

ഗ്വാഡലൂപ്പയില്‍ കാല്‍നടയായും സൈക്കിളിലുമായി എത്തിയത് അറുപതിനായിരം തീര്‍ത്ഥാടകര്‍

സ്വന്തം ലേഖകന്‍ 26-07-2018 - Thursday

മെക്സിക്കോ സിറ്റി: 185 മൈലുകളോളം താണ്ടി മെക്സിക്കോ സിറ്റിയിലെ ഗ്വാഡലൂപ്പ മരിയൻ തീര്‍ത്ഥാടന കേന്ദ്രത്തില്‍ കാല്‍നടയായും, സൈക്കിളിലുമായി എത്തിയത് അറുപതിനായിരത്തോളം വിശ്വാസികള്‍. ക്യുരെറ്റാരോ സംസ്ഥാനത്ത് നിന്നുമാരംഭിച്ച തീര്‍ത്ഥാടനം 17 ദിവസങ്ങള്‍ കഴിഞ്ഞ് ഇക്കഴിഞ്ഞ ജൂലൈ 22-നാണ് ഗ്വാഡലൂപ്പ ബസലിക്കയില്‍ എത്തിയത്. മൂന്ന്‍ സംഘങ്ങളായിട്ടായിരുന്നു തീര്‍ത്ഥാടന സംഘം തങ്ങളുടെ യാത്ര ആരംഭിച്ചത്. ഞായറാഴ്ച രാവിലെ ആറ് മണിക്കെത്തിയ ആദ്യ സംഘത്തില്‍ മുന്നൂറോളം സൈക്കിള്‍ യാത്രക്കാരാണ് ഉണ്ടായിരുന്നത്. പിന്നീട് ഉച്ചയോട് കൂടി ഇരുപത്തിമൂവായിരത്തോളം സ്ത്രീകള്‍ അടങ്ങുന്ന സംഘമെത്തി.

അതിനുശേഷമാണ് 'ഗ്വാഡലൂപെ മാതാവിന്റെ പടയാളികള്‍' എന്നറിയപ്പെടുന്ന മുപ്പത്തി അയ്യായിരത്തോളം വരുന്ന പുരുഷന്‍മാരുടെ സംഘമെത്തിയത്. ക്യുരെറ്റാരോയിലെ മെത്രാനായ അര്‍മെന്‍ഡാരിസ് ജിമെനെസും തീര്‍ത്ഥാടകര്‍ക്ക് ധൈര്യവും, പ്രചോദനവും നല്‍കികൊണ്ട് വിശ്വാസികള്‍ക്കൊപ്പം തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ എത്തിയിരിന്നു. മൂന്നു കുര്‍ബാന ബിഷപ്പ് ജിമെനെസ് മെത്രാന്‍ തീര്‍ത്ഥാടകര്‍ക്കൊപ്പം അര്‍പ്പിച്ചു. നമ്മുടെ സമയം യേശുവുമായി ചിലവഴിക്കുന്നതില്‍ ഭയപ്പെടരുതെന്നും സമയം യേശുവിനായി സമര്‍പ്പിക്കണമെന്നുമായിരിന്നു ആദ്യ കുര്‍ബാനക്കിടയില്‍ മെത്രാന്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചത്.

യേശുവിനോടൊപ്പം മാത്രമേ ദൈവത്തിലും, മറ്റ് സഹജീവികളിലും ശരിയായ സമാധാനവും, അനുതാപത്തിന്റെ ഫലവും അനുഭവിക്കുവാന്‍ കഴിയുകയുള്ളൂ എന്ന് തീര്‍ത്ഥാടനത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കൊപ്പം അര്‍പ്പിച്ച കുര്‍ബാനക്കിടയില്‍ മെത്രാന്‍ പറഞ്ഞു. യേശുവില്‍ നമ്മുടെ ഹൃദയം നവീകരിക്കുന്നില്ലെങ്കില്‍ നമുക്ക് ഒന്നും തന്നെ ചെയ്യുവാന്‍ സാധ്യമല്ലെന്നു മൂന്നാമത്തെ ദിവ്യബലിയില്‍ ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. തങ്ങളെ ശക്തിപ്പെടുത്തിയ ഒരു വ്യത്യസ്ഥമായ വിശ്വാസ അനുഭവമായിരുന്നുവെന്നാണ് തീര്‍ത്ഥാടനത്തിനു ശേഷം ക്യുരെറ്റാരോ രൂപതയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ജിമെനെസ് മെത്രാന്‍ തീര്‍ത്ഥാടനത്തെ വിശേഷിപ്പിച്ചത്.

500 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് പരിശുദ്ധ കന്യകാമറിയം മെക്‌സിക്കന്‍, അമേരിക്കന്‍ ജനതകള്‍ക്കിടയില്‍ ക്രിസ്തീയ വിശ്വാസത്തെ ആഴമായി ഉറപ്പിച്ചത്. 'ഔര്‍ ലേഡി ഓഫ് ഗ്വാഡലൂപ്പെ' എന്ന പേരില്‍ ലോക പ്രശസ്തി നേടിയ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷപ്പെടല്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികളുടെ ഇടയിലും വലിയ പ്രതീക്ഷയും, വിശ്വാസതീഷ്ണതയുമാണ് വര്‍ഷങ്ങള്‍ക്ക് ശേഷവും നല്‍കുന്നത്.


Related Articles »