News - 2025

ദൈവമാതാവിന് മുന്നില്‍ കസാക്കിസ്ഥാന്‍ യാത്രയെ സമര്‍പ്പിച്ച് പാപ്പ; അപ്പസ്തോലിക സന്ദര്‍ശനം നാളെ മുതല്‍

പ്രവാചകശബ്ദം 12-09-2022 - Monday

റോം: ആഗോള പരമ്പരാഗത മതനേതാക്കളുടെ ഏഴാമത് കോൺഗ്രസിൽ പങ്കെടുക്കുന്നതിനായി ഫ്രാന്‍സിസ് പാപ്പ നാളെ കസാക്കിസ്ഥാനിലേക്ക് യാത്ര തിരിക്കാനിരിക്കെ മരിയ മഗ്ഗിയോരെ ബസിലിക്കയിലെത്തി പ്രാര്‍ത്ഥിച്ചു. ഇന്ന്‍ (സെപ്റ്റംബര്‍ 12) ഉച്ചക്കഴിഞ്ഞു ‘റോമൻ ജനതയുടെ സംരക്ഷക’ ('സാലുസ് പോപുലി റൊമാനി') എന്ന വിശേഷണത്തോടെ വണങ്ങുന്ന മരിയൻ തിരുസ്വരൂപം ഉള്‍പ്പെടുന്ന ദേവാലയത്തില്‍ എത്തിയ പാപ്പ തന്റെ യാത്രയേ ദൈവമാതാവിന്റെ മുന്നില്‍ സമര്‍പ്പണം നടത്തി മധ്യസ്ഥം യാചിച്ചു. വീല്‍ ചെയറില്‍ ഇരിന്ന് അല്‍പ്പസമയം അള്‍ത്താരയ്ക്കു മുന്നില്‍ പ്രാര്‍ത്ഥിച്ച പാപ്പയുടെ ചിത്രങ്ങള്‍ നവ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിന്നു.

2013 മാർച്ച് 14-ന് പത്രോസിന്റെ പിന്‍ഗാമിയായുള്ള ആദ്യ ദിവസം തന്നെ അദ്ദേഹം സന്ദർശിച്ച സ്ഥലമാണിത്. തന്റെ അപ്പസ്തോലിക യാത്രയ്ക്ക് മുന്‍പും ശേഷവും പാപ്പ ഇവിടെയെത്തി പ്രാര്‍ത്ഥിക്കാറുണ്ട്. റോമിലെ നാലു പ്രധാന പേപ്പൽ ബസിലിക്കകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദേവാലയമാണ് സാന്‍റ മരിയ മഗ്ഗിയോരെ (Santa Maria Maggiore) അഥവാ ദ ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍. എ‌ഡി 352ൽ പോപ്പ് ലിബേരിയുസിന്റെ (Liberius 352-366) ഭരണകാലത്താണ് ഈ ദേവാലയം നിർമ്മിച്ചത്. വി. ലൂക്കാ വരച്ചതായി വിശ്വസിക്കപ്പെടുന്ന സാലുസ് പോപ്പുലി റൊമാനി (the Protectress of the People of Rome) അഥവാ റോമിലെ ജനങ്ങളുടെ സംരക്ഷക എന്ന മരിയൻ ചിത്രം ഏറെ പ്രസിദ്ധമാണ്. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ അമ്മയായ വി. ഹെലേനയാണ് ഈ ചിത്രം വിശുദ്ധനാട്ടിൽ നിന്ന് ഇവിടെ കൊണ്ടുവന്നത്.

അതേസമയം കസാക്കിസ്ഥാനിലേക്കു നാളെ ആരംഭിക്കുന്ന തന്റെ അപ്പസ്തോലിക യാത്രയ്ക്ക് ഫ്രാൻസിസ് പാപ്പ വിശ്വാസി സമൂഹത്തിന്റെ പ്രാർത്ഥന യാചിച്ചു. തന്റെ സന്ദർശന വേളയിൽ, 19 ദശലക്ഷമുള്ള ജനസംഖ്യയുടെ 1 ശതമാനത്തിൽ താഴെ മാത്രം വരുന്ന കസാക്കിസ്ഥാനിലെ കത്തോലിക്ക സമൂഹത്തോടൊപ്പവും പാപ്പ സമയം ചെലവഴിക്കും. ഫ്രാൻസിസ് പാപ്പയുടെ കസാക്കിസ്ഥാ൯ സന്ദർശനം പരിശുദ്ധ പിതാവിന്റെ 38-മത് അപ്പസ്തോലിക വിദേശയാത്രയാണ്. 2001-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമനാണ് രാജ്യം സന്ദര്‍ശിച്ച ആദ്യ പാപ്പ.


Related Articles »