Arts

2,700 വര്‍ഷം പഴക്കമുള്ള ബൈബിള്‍ കാലഘട്ടത്തിലെ പാപ്പിറസ് ശകലം ഇസ്രായേലിന് തിരികെ കൈമാറി

പ്രവാചകശബ്ദം 14-09-2022 - Wednesday

ജെറുസലേം: പതിറ്റാണ്ടുകളായി വീട്ടില്‍ പ്രദര്‍ശനത്തിനുവെച്ചിരിന്ന 2,700 വര്‍ഷങ്ങളുടെ പഴക്കമുള്ള ബൈബിള്‍ കാലഘട്ടത്തിലെ അപൂര്‍വ്വ പാപ്പിറസ് ശകലം അതിന്റെ ഉടമസ്ഥരായ അമേരിക്കന്‍ കുടുംബം ഇസ്രായേലിന് കൈമാറി. ഇസ്രായേല്‍ ആന്റിക്വിറ്റി അതോറിറ്റി (ഐ.എ.എ) വഴിയായിരുന്നു സംഭാവന. ഇതുപോലുള്ള മൂന്ന്‍ പാപ്പിറസ് ശകലങ്ങള്‍ മാത്രമാണ് ഇന്ന്‍ ലോകത്ത് നിലവിലുള്ളതെന്നതാണ് ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നത്. 1.5 x 2 ഇഞ്ച്‌ വലുപ്പമുള്ള ഈ പാപ്പിറസ് ശകലത്തില്‍ പഴയനിയമ രാജാക്കന്മാരുടെ കാലഘട്ടത്തിലെ ഹീബ്രു ഭാഷയില്‍ “യിഷ്മായേലിലേക്ക് അയക്കുക” എന്നെഴുതിയ വാക്കുകള്‍ മാത്രമാണ് ഉള്ളത്. ബാക്കിയുള്ളവയൊന്നും പൂര്‍ണ്ണമല്ല.

1965-ല്‍ അമേരിക്കയില്‍ നിന്നും ഇസ്രായേലിലേക്ക് നടത്തിയ ഒരു ക്രിസ്തീയ ദൗത്യത്തിനിടയില്‍ ഇതിന്റെ ഉടമയായ അമേരിക്കന്‍ സ്വദേശിനി കുംമ്രാന് ഈ അപൂര്‍വ്വ പാപ്പിറസ് ശകലം ഉദ്ഘനനത്തില്‍ പങ്കെടുത്തതിന്റെ ഓര്‍മ്മക്കായി വാങ്ങിച്ചതോ അല്ലെങ്കില്‍ അവര്‍ക്ക് സമ്മാനമായി ലഭിച്ചതോ ആയാണ് കരുതപ്പെടുന്നത്. സതേണ്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ പ്രൊഫസ്സറായ ബ്രൂസ് സുക്കര്‍മാന്റെ സഹായത്തോടെയാണ് ‘ഐ.എ.എ’യുടെ തെഫ്റ്റ്‌ പ്രിവന്‍ഷന്‍ വിഭാഗത്തിലെ എയിറ്റാന്‍ ക്ലെയിന്‍ ഈ പാപ്പിറസ് ശകലം കണ്ടെത്തുന്നത്. ഈ പാപ്പിറസ് പ്രത്യേകതയുള്ളതും അത്യപൂര്‍വ്വവുമാണെന്ന്‍ ക്ലെയിന്‍ പ്രസ്താവിച്ചു.

ഈ പാപ്പിറസിന് പുറമേ ഈ കാലഘട്ടത്തിലെ രണ്ട് പാപ്പിറസിനെ കുറിച്ച് മാത്രമേ ഗവേഷകര്‍ക്ക് അറിവുള്ളൂയെന്നും അവ ജൂദിയന്‍ മരുഭൂമിയിലെ ഒരു ഗുഹയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും, അവിടുത്തെ വരണ്ട കാലാവസ്ഥ അവയെ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോളമന്‍ രാജാവിന്റെ കാലഘട്ടത്തിലെ ആരാധനാകേന്ദ്രം നിര്‍മ്മിച്ചതുമുതല്‍ ബി.സി 586-ല്‍ ബാബിലോണിയക്കാര്‍ അത് തകര്‍ക്കുന്നത് വരെയുള്ള കാലഘട്ടമാണ് ഒന്നാം ക്ഷേത്ര കാലഘട്ടമായി കണക്കാക്കപ്പെടുന്നത്.

ക്ലെയിന്റെ ക്ഷണ പ്രകാരം ഇസ്രായേലിലെത്തിയ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത നിലവിലെ ഉടമസ്ഥന്‍ ഇതിന്റെ മൂല്യം അറിയാമായിരുന്നെങ്കിലും തന്റെ ക്രിസ്തീയ വിശ്വാസവും, അമ്മയുടെ ഓര്‍മ്മയും പരിഗണിച്ച് ഇത് ‘ഐ.എ.എ’ക്ക് സംഭാവന ചെയ്യുകയായിരുന്നു. പാപ്പിറസ് ശകലത്തില്‍ കണ്ട ‘യിഷ്മായേല്‍’ എന്ന പദം ജൂദാ രാജവംശത്തിന്റെ കാലഘട്ടത്തില്‍ രാജകീയ രേഖകള്‍ മുദ്രവെക്കുവാന്‍ ഉപയോഗിച്ചിരുന്ന ബുള്ള എന്നറിയപ്പെടുന്ന കളിമണ്‍ സീലുകളിലേത് പോലെയുള്ള പാലിയോഗ്രാഫിക് ലിഖിതങ്ങളിലാണ് കാണാറുള്ളതെന്നും, ഒന്നുകില്‍ യിഷ്മായിലില്‍ നിന്നോ അല്ലെങ്കില്‍ യിഷ്മായിലിലേക്കോ അയച്ച എന്തിനെയെങ്കിലും സാക്ഷ്യപ്പെടുത്തുന്ന രേഖയാകാമെന്നാണ് ഗവേഷകരുടെ അനുമാനം.


Related Articles »