India - 2025

ഗോവയിലെ ആദ്യത്തെ സീറോ മലബാർ ദേവാലയം കൂദാശ ചെയ്തു

പ്രവാചകശബ്ദം 19-09-2022 - Monday

ഗോവ: ഗോവയിൽ സീറോ മലബാർ സഭയുടെ ആദ്യത്തെ ദേവാലയത്തിന്റെ വെഞ്ചരിപ്പ് നടന്നു. നോർത്ത് ഗോവയിലെ തിവിം റെയിൽവേ സ്റ്റേഷനു സമീപമാണ് സീറോ മലബാർ സഭയുടെ ആദ്യത്തെ ഇടവക ദേവാലയം നിർമിച്ചിരിക്കുന്നത്. വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തിലുള്ള ദേവാലയത്തിന്റെ കൂദാശ ഇന്നലെ ഷംഷാബാദ് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു. തുടർന്ന് വിശുദ്ധ കുർബാനയർപ്പിച്ചു ബിഷപ്പ് സന്ദേശം നൽകി. കുട്ടികളുടെ വിശുദ്ധ കുർബാന സ്വീകരണവും പൊതുസമ്മേളനവും ഇതോടുനുബന്ധിച്ചു നടന്നു.

എംഎസ്ടി കോൺഗ്രിഗേഷൻ ഡയറക്ടർ ജനറാൾ ഫാ. ആന്റണി പെരുമാനൂർ, ഷംഷാബാദ് രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം പാലത്തിങ്കൽ, കല്യാൺ രൂപത വികാരി ജനറാൾ മോൺ. ഫ്രാൻസീസ് ഇലവത്തിങ്കൽ, ഇടവക വികാരി ഫാ. ടോമി വട്ടുകുളം എംഎസ്ടി, ഫാ. മാത്യു മൂത്താശേരിൽ എംഎസ്ടി, ഫാ. ജോബി ഞള്ളിയിൽ എംഎസ്ടി തുടങ്ങിയവർ പങ്കെടുത്തു. പ്രവാസികളുടെ അജപാലനത്തിനായി സീറോമലബാർ സഭ 2010 മുതൽ രൂപത വൈദികരെ ഗോവയിലേയ്ക്കയച്ചിരുന്നു. ഗോവ അതിരൂപതയുടെ ഭാഗമായി നിന്ന് അവർ ഇടവകയുടെ അടിസ്ഥാന കാര്യങ്ങൾ ക്രമപ്പെടുത്തി.

നോർത്ത് ഗോവയുടെ ചുമതലയുണ്ടായിരുന്ന, ഇപ്പോൾ കടുത്തുരുത്തി കാപ്പുന്തല ഫാത്തിമാപുരം ഇടവക വികാരി യായി സേവനം ചെയ്യുന്ന ഫാ. തോമസ് മൂലേച്ചാലിലിന്റെ നേതൃത്വത്തിലാണ് 2017ൽ സീറോ മലബാർ സഭയ്ക്കു ദേവാലയം നിർമിക്കുന്നതിനായി സ്ഥലം വാങ്ങുന്നത്. പിന്നീടു ചുമതലയേറ്റ ഫാ. ടോമി വട്ടുകുളം എംഎസ്ടിയുടെ നേതൃത്വത്തിൽ 2019 ഓഗസ്റ്റ് 25ന് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ സാന്നിധ്യത്തിൽ ഗോവ ആർച്ച്ബിഷപ് ഡോ. ഫിലിപ്പ് നേരി ഫെറാവോ ദേവാലയത്തിന്റെ ശിലാസ്ഥാപനം നടത്തി. 70 കുടുംബങ്ങളാണ് ഇവിടെയുള്ളത്.


Related Articles »