News - 2024

കര്‍ദ്ദിനാള്‍ ജോസഫ് സെന്നിന് പിന്തുണയുമായി കത്തോലിക്ക നേതാക്കളും മനുഷ്യാവകാശ പ്രമുഖരും

പ്രവാചകശബ്ദം 27-09-2022 - Tuesday

റോം: ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരുടെ നിയമപരമായ ചിലവുകള്‍ വഹിക്കുവാന്‍ രൂപീകരിച്ച ‘612 ഹ്യൂമാനിറ്റേറിയന്‍ റിലീഫ് ഫണ്ട്’ എന്ന മാനുഷിക ദുരിതാശ്വാസ നിധി ചൈനീസ് സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തില്ല എന്ന കുറ്റത്തിന് വിചാരണ നേരിടുന്ന ഹോങ്കോങ്ങ് രൂപതയുടെ മുന്‍ മെത്രാന്‍ കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ ഉള്‍പ്പെടെയുള്ള 6 പേരുടെ വിചാരണ ആരംഭിക്കുവാനിരിക്കേ, മുന്‍ മെത്രാന് പിന്തുണയുമായി കത്തോലിക്കാ നേതാക്കളും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്ത്. കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണി, കര്‍ദ്ദിനാള്‍ ലുഡ്വിഗ് മുള്ളര്‍, കര്‍ദ്ദിനാള്‍ ചാള്‍സ് ബോ, ആർച്ച് ബിഷപ്പ് സാല്‍വത്തോര്‍ കൊര്‍ഡിലിയോണ്‍, ബിഷപ്പ് തോമസ്‌ ടോബിന്‍, ബിഷപ്പ് ജോസഫ് സ്ട്രിക്ക്ലാന്‍ഡ്, ബിഷപ്പ് അത്തനേഷ്യസ് ഷ്നീഡര്‍, ഫാ. ബെനഡിക്ട് കീലി തുടങ്ങിയ കത്തോലിക്ക നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരായ ഡേവിഡ് ആള്‍ട്ടണ്‍, ബെനഡിക്ട് റോജെഴ്സ്, പോള്‍ മാര്‍ഷല്‍ ഉൾപ്പെടെ നിരവധി പേരുമാണ് കര്‍ദ്ദിനാളിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്.

കര്‍ദ്ദിനാള്‍ സെന്‍ ദൈവത്തിന്റെ മനുഷ്യനാണെന്നും ക്രിസ്തുവിന്റെ സ്നേഹത്തിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന വ്യക്തിയാണെന്നും വിശുദ്ധ ഡോണ്‍ ബോസ്കോയേപ്പോലെ അഗാധമായ സ്നേഹമുള്ള അദ്ദേഹത്തെ ക്രിസ്തു തന്നെയാണ് തന്റെ പുരോഹിതനായി തിരഞ്ഞെടുത്തതെന്നും ജനതകളുടെ സുവിശേഷവത്കരണത്തിനുള്ള തിരുസംഘത്തിന്റെ മുന്‍ തലവനായിരുന്ന കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണി ഇറ്റാലിയന്‍ വാര്‍ത്താ പത്രമായ അവെന്നൈറിനോട് പ്രതികരിച്ചു. ‘ചൈനയില്‍ വിചാരണ നേരിടുവാന്‍ പോകുന്ന കര്‍ദ്ദിനാള്‍ സെന്നിനെ നമ്മുടെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണം, ചൈനയിലെ സഭ നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടും മതപീഡനത്തിനിരയായി കൊണ്ടിരിക്കുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക’ എന്ന് ബിഷപ്പ് തോമസ്‌ ടോബിന്‍ ട്വീറ്റ് ചെയ്തു.

“സഹോദരനായ കര്‍ദ്ദിനാള്‍ സെന്നിന് നീതി ലഭിക്കുവാനും അദ്ദേഹത്തിന്റെ ഹൃദയത്തെ സാന്ത്വനപ്പെടുത്തുവാനും കുരുക്കകളഴിക്കുന്ന പരിശുദ്ധ കന്യകാ മാതാവേ, അങ്ങയുടെ മാധ്യസ്ഥം അപേക്ഷിക്കുന്നു” എന്ന പ്രാര്‍ത്ഥനയാണ് സാന്‍ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത സാല്‍വത്തോര്‍ കോര്‍ഡിലിയോണ്‍ പങ്കുവെച്ചിരിക്കുന്നത്. അധികാര കേന്ദ്രീകൃതമായ ഈ ലോകത്ത് സഭക്ക് കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്നും, എങ്ങിനെ ബെയ്ജിംഗിനെ വിമര്‍ശിക്കാതിരിക്കുമെന്നുമാണ് വിശ്വാസ തിരുസംഘത്തിന്റെ മുന്‍തലവനായ കര്‍ദ്ദിനാള്‍ മുള്ളര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഏഷ്യന്‍ ബിഷപ്സ് കോണ്‍ഫറന്‍സസ് ഫെഡറേഷന്റെ പ്രസിഡന്റായ കര്‍ദ്ദിനാള്‍ ചാള്‍സ് ബോയും കര്‍ദ്ദിനാള്‍ സെന്നിന് പിന്തുണച്ചുകൊണ്ട് പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്. കര്‍ദ്ദിനാള്‍ സെന്‍ സ്വാതന്ത്ര്യത്തിന്റെ പോരാളിയാണെന്നും, അദ്ദേഹം രക്തസാക്ഷികളുടെ ഉള്‍പ്പെട്ടു കഴിഞ്ഞുവെ ന്നുമാണ് നസറായന്‍.ഓര്‍ഗ് എന്ന സൈറ്റിന്റെ സ്ഥാപകനായ ഫാ. ബെനഡിക്ട് കീലി പറയുന്നത്. നല്ല കാര്യത്തിനായി സമാധാനപരമായി ധനസമാഹരണം നടത്തിയതിനാണ് കര്‍ദ്ദിനാള്‍ സെന്‍ വിചാരണ നേരിടുന്നതെന്ന് റിലീജിയസ് ഫ്രീഡം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തെക്ക്, തെക്ക്-കിഴക്കന്‍ ആക്ഷന്‍ ടീമിന്റെ ഡയറക്ടറായ പോള്‍ മാര്‍ഷല്‍ ചൂണ്ടിക്കാട്ടി. ഡേവിഡ് ആള്‍ട്ടണ്‍, ബെനഡിക്ട് റോജേഴ്സ്, പോള്‍ മാര്‍ഷല്‍ തുടങ്ങിയവർ ഉൾപ്പെടെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും കര്‍ദ്ദിനാള്‍ സെന്നിനെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.


Related Articles »