News - 2024

അര്‍ജന്റീനയില്‍ സക്രാരി തകര്‍ത്ത് വാഴ്ത്തപ്പെട്ട തിരുവോസ്തി കടത്തി കൊണ്ടുപോയി

പ്രവാചകശബ്ദം 29-09-2022 - Thursday

ബ്യൂണസ് അയേഴ്സ്: തെക്കേ അമേരിക്കന്‍ രാഷ്ട്രമായ അര്‍ജന്റീനയിലെ കത്തോലിക്ക ദേവാലയത്തില്‍ അതിക്രമിച്ച് കയറിയ അജ്ഞാതര്‍ സക്രാരി തകര്‍ത്ത് വാഴ്ത്തപ്പെട്ട തിരുവോസ്തി അടങ്ങുന്ന കുസ്തോതി മോഷ്ടിച്ചു. മാര്‍ ഡെല്‍ പ്ലാറ്റാ രൂപതയിലെ ചാപഡ്മലാലിലെ ഔര്‍ ലേഡി സ്റ്റെല്ലാ മേരീസ് കത്തോലിക്കാ ദേവാലയത്തിലാണ് മോഷണം നടന്നത്. സെപ്റ്റംബര്‍ 24-ന് ദേവാലയത്തിലെത്തിയ വിശ്വാസികളാണ് ബലിപീഠം അലംകോലമാക്കപ്പെട്ട നിലയിലും, തിരുവോസ്തി ഉള്‍പ്പെടെയുള്ള വിശുദ്ധ വസ്തുക്കള്‍ ദേവാലയത്തിന്റെ നിലത്ത് ചിതറികിടക്കുന്നതുമായി കണ്ടത്. പിന്നീട് നടത്തിയ പരിശോധനയിലാണ് കുസ്തോതി ഉള്‍പ്പെടെ വാഴ്ത്തിയ തിരുവോസ്തികള്‍ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്.

സംഭവിച്ചത് വളരെ ഗൗരവമേറിയതും വേദനാജനകവുമായ കാര്യമാണെന്നും, ഇത് ചെയ്തവര്‍ക്കു, വേണ്ടി തങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും ഇടവക വികാരിയായ ഫാ. സാന്റിയാഗോ അരിയോള കത്തോലിക്കാ ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വാര്‍ത്താ പങ്കാളിയായ ‘എ.സി.ഐ പ്രെന്‍സാ’യോട് പറഞ്ഞു. വാഴ്ത്തപ്പെട്ട തിരുവോസ്തി മോഷ്ടിക്കപ്പെട്ടതില്‍ അതിയായ വിഷമമുണ്ടെന്നും വിവരം അറിഞ്ഞ ഉടന്‍ തന്നെ ഇടവകക്കു വേണ്ടി പരിഹാര കുര്‍ബാന ചൊല്ലുവാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും മാര്‍ ഡെല്‍ പ്ലാറ്റാ രൂപതയുടെ മെത്രാനായ മോണ്‍. ഗാരിയല്‍ മെസ്ട്രെ പ്രതികരിച്ചു.

ബതാന്‍ പട്ടണത്തിലെ യൂത്ത് മിനിസ്ട്രിയുടെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കുവാന്‍ പോയതിനാല്‍ തനിക്ക് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞില്ലെന്നും വിശുദ്ധ കുര്‍ബാനയെ അവഹേളിച്ചവരുടെ മാനസാന്തരത്തിന് വേണ്ടി താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്നും, ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായ ദിവ്യകാരുണ്യ നാഥനോടുള്ള സ്നേഹത്തില്‍ ആഴപ്പെടുത്തുവാന്‍ തങ്ങള്‍ ഈ സാഹചര്യം പ്രയോജനപ്പെടുത്തുകയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മോഷ്ടിക്കപ്പെട്ട തിരുവോസ്തി ആഭിചാരങ്ങള്‍ക്കോ സാത്താന്‍ സേവകരുടെ പൈശാചിക പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കുമോ എന്ന ആശങ്കയിലാണ് വിശ്വാസീ സമൂഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഴ്ത്തപ്പെട്ട തിരുവോസ്തികള്‍ മോഷണം പോകുന്നത് പതിവു സംഭവമായി മാറുകയാണ്.


Related Articles »