News - 2024

ജനാധിപത്യത്തിന് പ്രതിബന്ധം സ‍ൃഷ്ടിക്കുന്നവര്‍ക്കെതിരെ അമേരിക്കയിലെ കത്തോലിക്ക സംഘടനകൾ

പ്രവാചകശബ്ദം 03-10-2022 - Monday

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയിൽ നവംബർ മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കവേ, ജനങ്ങൾക്ക് വോട്ട് ചെയ്യാൻ പ്രതിബന്ധം ഉണ്ടാക്കുന്നത് പാപമാണെന്ന് സന്യാസിനികളുടെ നേതൃത്വത്തിലുള്ള കൂട്ടായ്മകള്‍ ഉള്‍പ്പെടെയുള്ള കത്തോലിക്ക സംഘടനകള്‍. ശക്തമായ പ്രസ്ഥാനങ്ങളും, രാഷ്ട്രീയ നേതാക്കളും വ്യവസ്ഥിതിയെ തകർക്കാൻ ശ്രമിക്കുകയാണെന്നും, വോട്ട് ചെയ്യുന്നതിനും, അമേരിക്കൻ ജീവിതത്തിൽ പൂർണ്ണമായി പങ്കെടുക്കുന്നതിലും വർണ്ണപരമായ വിവേചനം സൃഷ്ടിക്കാൻ അവർ പരിശ്രമിക്കുകയാണെന്നും വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന പബ്ലിക് ലൈഫ് എന്ന സംഘടന വഴി പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ അവർ ആരോപിച്ചു. ഒരു വ്യക്തിയുടെ വോട്ട് ചെയ്യാനുള്ള അവകാശം എടുത്തുമാറ്റാൻ ശ്രമിക്കുന്നത് പാപമാണെന്ന് പ്രസ്താവനയിൽ പറയുന്നു.

ജനാധിപത്യ മൂല്യങ്ങളും, തെരഞ്ഞെടുപ്പും, വോട്ടർമാരും ഭീഷണി നേരിടുമ്പോൾ കത്തോലിക്ക വിശ്വാസികൾ നിശബ്ദമായിരിക്കരുതെന്ന് അവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരെ എതിർക്കാൻ സാധിക്കാതെ പരാജയപ്പെടുമ്പോൾ, വോട്ട് ചെയ്യാനുള്ള വിശുദ്ധമായ അവകാശത്തിനു വേണ്ടി, മർദ്ദനമേൽക്കുകയും, മരണപ്പെടുക പോലും ചെയ്ത ധീരരായ ആക്ടിവിസ്റ്റുകളുടെയും, മത നേതാക്കളുടെയും പേരിനാണ് അപകീർത്തി ഉണ്ടാക്കിവെക്കുന്നതെന്ന് മിൽവോക്കി അതിരൂപതയിലെ വൈദികനും, ഫോർത്താം സർവകലാശാലയിലെ പ്രൊഫസറുമായ ഫാ. ബ്രയാൻ മസിൻഗാൾ പറഞ്ഞു. ഈ വിഷയത്തിൽ ശക്തമായി പ്രതികരിക്കാൻ മെത്രാന്മാരോടും, വൈദികരോടും, വിശ്വാസികളോടും, അദ്ദേഹം ആഹ്വാനം ചെയ്തു.

ജനങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം ലഭിക്കുന്നതിൽ കത്തോലിക്ക ഉപരിപഠന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വലിയ പങ്കുവഹിക്കാൻ ഉണ്ടെന്ന് പെൻസിൽവാനിയയിലെ ഡീ സാലസ് സർവ്വകലാശാലയുടെ അധ്യക്ഷ പദവി വഹിക്കുന്ന ഫാ. ജെയിംസ് ഗ്രീൻഫീൽഡ് പറഞ്ഞു. വോട്ട് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് ജനാധിപത്യ അടിത്തറയെ ഭീഷണിപ്പെടുത്തുന്ന കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സിസ്റ്റേഴ്സ് ഓഫ് മേഴ്സി ഓഫ് ദ അമേരിക്കാസ്, പാക്സ് ക്രിസ്റ്റി യുഎസ്എ, ഫ്രാൻസിസ്കൻ ആക്ഷൻ നെറ്റ്‌വർക്ക് തുടങ്ങിയ സംഘടനകളാണ് പ്രസ്താവനയിൽ ഒപ്പു വച്ചിരിക്കുന്നത്. കൂടാതെ പ്രമുഖരായ ചില കത്തോലിക്കരും പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുണ്ട്.


Related Articles »