Arts - 2025

ഹോങ്കോങ്ങിൽ ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയർത്തുന്ന കർദ്ദിനാൾ സെൻ നോബൽ സമ്മാന നാമനിര്‍ദേശ പട്ടികയിൽ

പ്രവാചകശബ്ദം 05-02-2023 - Sunday

ന്യൂജേഴ്സി: ഹോങ്കോങ്ങിലെ ജനാധിപത്യ പ്രതിഷേധങ്ങളുടെ മുഖങ്ങളായി മാറിയ മുൻ ബിഷപ്പ് കർദ്ദിനാൾ ജോസഫ് സെന്നും, മാധ്യമപ്രവർത്തകനായ ജിമ്മി ലായും നോബൽ സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ടു. വ്യാഴാഴ്ച കോൺഗ്രസ് അംഗം ക്രിസ് സ്മിത്ത് അധ്യക്ഷനായ കമ്മീഷൻ ആണ് ഇരുവരും ഉൾപ്പെടെ ഹോങ്കോങ്ങിൽ നിന്ന് ആറ് പേരെ നാമനിർദ്ദേശം ചെയ്യുന്ന കാര്യം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര കരാറുകൾ ഹോങ്കോങ്ങിന് ഉറപ്പു നൽകുന്ന സ്വാതന്ത്ര്യത്തിനും, മനുഷ്യാവകാശത്തിനും വേണ്ടി പോരാട്ടം നടത്തുന്നവരായതിനാലാണ് ഇവരെ നാമനിർദേശം ചെയ്യുന്നതെന്ന് പ്രഖ്യാപനത്തിൽ പറയുന്നു.

നഗരത്തിന്റെ ജനാധിപത്യ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ ശ്രമിച്ച ഹോങ്കോങ് സർക്കാരിനെയും, ചൈനീസ് സർക്കാരിനെയും സമാധാനപൂർവ്വം എതിർത്ത ലക്ഷക്കണക്കിന് വരുന്ന ഹോങ്കോങ് പൗരന്മാരുടെ പ്രതിനിധികളാണ് ഇവർ. ചൈനയുടെ ഭരണത്തിനെതിരെ 2019ൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളിൽ നാമനിർദേശം ചെയ്യപ്പെട്ട എല്ലാവരും സജീവമായി പങ്കെടുത്തിരുന്നു. ചൈനയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും മതവിശ്വാസം പിന്തുടരുന്നതിൽ വലിയ നിയന്ത്രണങ്ങളാണുള്ളത്. ഹോങ്കോങ്ങിൽ മതസ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കിലും, തങ്ങളുടെ അധീനതയിലുള്ള സ്ഥലമായി ചൈന കരുതുന്ന ഇവിടെ ദേശീയ സുരക്ഷയുടെ പേരിൽ മതവിശ്വാസം പിന്തുടരുന്നത് നിയന്ത്രിക്കാൻ വലിയ ശ്രമം നടക്കുന്നുണ്ട്. 2002 മുതൽ 2009 വരെയാണ് കർദ്ദിനാൾ സെൻ ഹോങ്കോങ്ങിലെ മെത്രാനായി സേവനം ചെയ്തത്.

ജനാധിപത്യത്തിനും, മതസ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയർത്താറുളള അദ്ദേഹം 2018 ൽ വത്തിക്കാനും - ചൈനയും തമ്മിലുള്ള ഒപ്പിട്ട മെത്രാന്മാരെ നിയമിക്കുന്നത് സംബന്ധിച്ചുള്ള കരാറിന്റെ വലിയ വിമർശകനും കൂടിയാണ്. ജനാധിപത്യ പ്രതിഷേധങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ ആരംഭിച്ച ഫണ്ട് രജിസ്റ്റർ ചെയ്യാത്തതിന്റെ പേരിൽ മെയ് മാസം കർദ്ദിനാൾ സെൻ അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണ നേരിടുകയും ചെയ്തിരുന്നു. കോടതി അദ്ദേഹത്തിന് പിഴശിക്ഷ വിധിച്ചെങ്കിലും കർദ്ദിനാൾ സെൻ അപ്പീൽ നൽകിയിട്ടുണ്ട്.

സർക്കാർ അടച്ചുപൂട്ടിയ ആപ്പിൾ ഡെയിലി പത്രത്തിന്റെ സ്ഥാപകനായ ജിമ്മി ലായ് ഡിസംബർ 2020 മുതൽ ജയിൽ ശിക്ഷ അനുഭവിച്ച് വരികയാണ്. കർദ്ദിനാൾ സെന്നുമായി അടുത്ത ബന്ധമുള്ള അദ്ദേഹം കത്തോലിക്ക വിശ്വാസം സ്വീകരിച്ച ആളാണ്. ദേശീയ സുരക്ഷാ നിയമപ്രകാരം ജിമ്മിക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.


Related Articles »