Life In Christ - 2024
തീവ്രവാദികളില്‍ നിന്ന് മോചിതരായ കത്തോലിക്ക വൈദികനും കന്യാസ്ത്രീക്കും ആദരവുമായി സ്‌പെയിന്‍
പ്രവാചകശബ്ദം 07-10-2022 - Friday
മാഡ്രിഡ്: ആഫ്രിക്കന്‍ രാജ്യങ്ങളായ മാലിയില്‍ നിന്നും, നൈജറില്‍ നിന്നും ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി വര്‍ഷങ്ങള്‍ക്ക് ശേഷം മോചിപ്പിച്ച കത്തോലിക്കാ മിഷ്ണറിമാര്‍ക്ക് സ്പെയിനിലെ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ ആദരവ്. മൂന്നര വര്‍ഷത്തിലധികം ഇസ്ലാമിക തീവ്രവാദികളുടെ തടവില്‍ കഴിഞ്ഞ കൊളംബിയന്‍ സന്യാസിനി സിസ്റ്റര്‍ ഗ്ലോറിയ സെസിലിയ നര്‍വായെസിനേയും, തട്ടിക്കൊണ്ടുപോയി രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മോചിതനായ ഇറ്റാലിയന്‍ വൈദികന്‍ ഫാ. പിയര്‍ ലൂയിജി മക്കാലിയേയും ബിയാറ്റ പോളിന്‍ ജാരിക്കോട്ട് അവാര്‍ഡ് നല്‍കിയാണ് പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസ് ആദരിച്ചത്. ഇവര്‍ നടത്തിയ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡ്. ഇവര്‍ക്ക് പുറമേ, മാനോസ് യുനിഡാസ്, മിഷന്‍ അമേരിക്ക എന്നീ സന്നദ്ധ സംഘടനകളുടെ മുന്‍ പ്രസിഡന്റായിരുന്ന അന അല്‍വാരെസ് ഡെ ലാറയും ഈ അവാര്‍ഡിനര്‍ഹയായിട്ടുണ്ട്.
ഒക്ടോബര്‍ 22-ന് മാഡ്രിഡില്‍വെച്ചായിരിക്കും അവാര്‍ഡ് ദാനം. സഭയുടെ പ്രേഷിത ദൗത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെ വാഴ്ത്തപ്പെട്ട ഇറ്റാലിയന്‍ വൈദികനായ പാബ്ലോ മന്നായുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡാണ് ബിയാറ്റ പോളിന്‍ ജാരിക്കോട്ട് അവാര്‍ഡ്. പതിനെട്ടാമത്തെ വയസ്സില്‍ ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സമൂഹത്തില്‍ ചേര്‍ന്ന കൊളംബിയന്‍ സന്യാസിനിയായ സിസ്റ്റര്‍ ഗ്ലോറിയ സെസിലിയ തന്റെ പ്രേഷിത മേഖലകളായ കൊളംബിയ, മെക്സിക്കോ, ഇക്വഡോര്‍, ബെനിന്‍, മാലി എന്നിവിടങ്ങളില്‍ വിശ്വാസ പ്രഘോഷണത്തിനു വേണ്ടി തന്നാല്‍ കഴിയുന്നതെല്ലാം ചെയ്തു. 2017 ഫെബ്രുവരി 7ന് മാലിയില്‍വെച്ചാണ് സിസ്റ്റര്‍ ഗ്ലോറിയയെ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോകുന്നത്. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം 2021 ഒക്ടോബര്‍ 9ന് സിസ്റ്റര്‍ ഗ്ലോറിയ മോചിതയായി.
വെള്ള വൈദികര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആഫ്രിക്കന്‍ മിഷന്‍ സൊസൈറ്റി സമൂഹാംഗമായ ഫാ. പിയറി ലൂയിജി മക്കാലിയെ 2018 സെപ്റ്റംബര്‍ 17ന് നൈജറില്‍ നിന്നുമാണ് തട്ടിക്കൊണ്ടു പോകുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2020 ഒക്ടോബര്‍ 8-ന് അദ്ദേഹം മോചിതനായി. വിശ്വാസ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ശതാബ്ദിയോടനുബന്ധിച്ചും പൊന്തിഫിക്കല്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഒന്നാം ശതാബ്ദിയോടനുബന്ധിച്ചും ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ബിയാറ്റ പോളിന്‍ ജാരിക്കോട്ട് അവാര്‍ഡ്. അവാര്‍ഡിന് പുറമേ, ലോക മിഷന്‍ ഞായര്‍ ചരിത്രത്തെക്കുറിച്ചും, മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഇന്നത്തെ അവസ്ഥയെ കുറിച്ചും പ്രതിപാദിക്കുന്ന പ്രദര്‍ശനം ഉള്‍പ്പെടെ വിവിധ പരിപാടികളും യുവജനങ്ങള്‍ക്കും, വിശ്വാസികള്‍ക്കും വേണ്ടിയുള്ള ജാഗരണ പ്രാര്‍ത്ഥനകളും സ്പെയിനിലെ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസ് സംഘടിപ്പിച്ചിരുന്നു.