News

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ഇന്നേക്ക് 60 വയസ്

പ്രവാചകശബ്ദം 11-10-2022 - Tuesday

വത്തിക്കാന്‍ സിറ്റി: തിരുസഭ ചരിത്രത്തിലെ നാഴികക്കല്ലുകളില്‍ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിന് ഇന്നേക്ക് 60 വയസ്സ്. 1962 ഒക്ടോബര്‍ 11-ന് വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയുടെ കാലത്ത് ആരംഭിച്ച് വിശുദ്ധ പോള്‍ ആറാമന്‍ പാപ്പ പൂര്‍ത്തിയാക്കിയ ആഗോള കത്തോലിക്ക സഭയുടെ 21-മത് സാര്‍വ്വത്രിക സൂനഹദോസായിരിന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍.

അൽബീനോ ലൂസിയാനി (ജോണ്‍ പോള്‍ ഒന്നാമൻ മാർപാപ്പ), കരോൾ വോയ്റ്റീവ (ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പ), കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗർ (ബെനഡിക്ട് പതിനാറാമൻ മാർപാപ്പ) എന്നിവര്‍ സൂനഹദോസിൽ പങ്കെടുത്ത പിതാക്കന്മാരായിരിന്നു. ഇവര്‍ പിൽക്കാലത്തു പത്രോസിന്റെ പിന്‍ഗാമികളായി തെരഞ്ഞെടുക്കപ്പെട്ടു.

സാര്‍വത്രിക സഭയെ സംബന്ധിച്ചും സൂനഹദോസിനെ സംബന്ധിച്ചും ഈ വാര്‍ഷികം പ്രത്യേക അനുഗ്രഹങ്ങളുടെ നിമിഷമാണെന്നു സൂനഹദോസിന് വേണ്ടിയുള്ള വത്തിക്കാന്‍ ജനറല്‍ സെക്രട്ടറിയേറ്റ് പുറത്തുവിട്ട സന്ദേശത്തില്‍ കുറിച്ചു. സൂനഹദോസ് ഏറ്റവും അമൂല്യമായ പൈതൃകങ്ങളില്‍ ഒന്നാണെന്നും ഫ്രാന്‍സിസ് പാപ്പയെ ഉദ്ധരിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് വിശേഷിപ്പിച്ചു. ഇതിന്റെ ചൈതന്യം സഭാത്മക ജീവിതത്തില്‍ നിലനിര്‍ത്തുകയും, ദൈവജനത്തെ സഭാ പ്രബോധനങ്ങളിലൂടെ വളര്‍ത്തുകയുമായിരുന്നു രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ ലക്ഷ്യമെന്ന കാര്യം ജനറല്‍ സെക്രട്ടറിയേറ്റ് അനുസ്മരിച്ചു.

ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സിനഡല്‍ പ്രക്രിയകള്‍ ദൈവജനത്തിനു വേണ്ടിയുള്ള രണ്ടാം വത്തിക്കാന്‍ ദൈവശാസ്ത്രത്തില്‍ വേരൂന്നിയതാണെന്നും ‘സിനഡാത്മകത’ എന്ന പദം കൗണ്‍സില്‍ രേഖകളില്‍ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും, കൗണ്‍സിലില്‍ ഉടനീളം ഈ ആശയം കാണാമെന്നും, ‘കൂട്ടായ്മ’, ‘പങ്കാളിത്തം’, ‘ദൗത്യം’ എന്നിവയെല്ലാം ഈ ആശയവുമായി ബന്ധപ്പെട്ട പദങ്ങളാണെന്നും വത്തിക്കാന്‍ ചൂണ്ടിക്കാട്ടി. 1962 ഒക്ടോബര്‍ 11 മുതല്‍ 1965 ഡിസംബര്‍ 8 വരെയായിരുന്നു രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നടന്നത്. ഏറ്റവും കൂടുതല്‍ മെത്രാന്മാര്‍ പങ്കെടുത്ത സൂനഹദോസ്, അകത്തോലിക്ക പ്രതിനിധികള്‍ നിരീക്ഷകരായെത്തിയ സൂനഹദോസ് തുടങ്ങിയ നിരവധി പ്രത്യേകതകള്‍ ഉള്ള ഒരു സൂനഹദോസായിരുന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍.

രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെ കുറിച്ച് 'പ്രവാചകശബ്ദം' മലയാളത്തില്‍ പഠനപരമ്പര ഒരുക്കുന്നുണ്ട്. പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറും ദൈവശാസ്ത്രജ്ഞനുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തില്‍ നയിക്കുന്ന പഠനപരമ്പര എല്ലാ മാസവും ആദ്യത്തേയും മൂന്നാമത്തെയും ശനിയാഴ്ചകളിലാണ് Zoom-ലൂടെ നടത്തപ്പെടുന്നത്. തെറ്റിദ്ധാരണയിലാണ്ട് വിശ്വാസ ജീവിതത്തില്‍ നിന്ന്‍ അകന്നു പോയ നിരവധി ആള്‍ക്കാരെ വിശ്വാസ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുവാന്‍ ക്ലാസ് സഹായകരമായെന്നത് അനേകര്‍ സാക്ഷ്യപ്പെടുത്തിയ വസ്തുതയാണ്. വൈദികരും സന്യസ്തരും വിശ്വാസികളും ഉള്‍പ്പെടെ നിരവധിയാളുകളാണ് ഓരോ ക്ലാസിലും പങ്കുചേരുന്നത്. ഇതുവരെ നടന്ന പഠനപരമ്പരയുടെ വിവിധ ക്ലാസുകള്‍ പ്രവാചകശബ്ദം യൂട്യൂബ് ചാനലിലും ലഭ്യമാണ്.

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »