News

ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് നൈജീരിയന്‍ മെത്രാന്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍

പ്രവാചകശബ്ദം 15-10-2022 - Saturday

ബ്രസല്‍സ്: അതിക്രൂരമായ ക്രൈസ്തവ പീഡനം നടക്കുന്ന നൈജീരിയയില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ പതിവാകുകയും, ഭരണകൂടം നോക്കുകുത്തിയാവുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്റിനോട് സഹായ അഭ്യര്‍ത്ഥനയുമായി നൈജീരിയന്‍ മെത്രാന്‍. ഒക്ടോബര്‍ 8-ന് ശേഷം തുടര്‍ച്ചയായി നടന്ന തീവ്രവാദി ആക്രമണങ്ങളില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടതോടെയാണ് മാകുര്‍ഡി രൂപതാധ്യക്ഷന്‍ ബിഷപ്പ് വില്‍ഫ്രഡ് ചിക്പാ അനാഗ്ബെയെ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ സഹായം അഭ്യര്‍ത്ഥിക്കുവാന്‍ പ്രേരിപ്പിച്ചത്. നൈജീരിയന്‍ ക്രൈസ്തവരുടെ കഷ്ടപ്പാടുകള്‍ പുറം ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) ജര്‍മ്മനി, ബെല്‍ജിയം, ഹോളണ്ട്, സ്ലോവാക്യ എന്നിവിടങ്ങളിലേക്ക് സംഘടിപ്പിച്ച സന്ദര്‍ശന പരിപാടിയില്‍ പങ്കെടുക്കവേയാണ് ബിഷപ്പ്, ബ്രസ്സല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റില്‍ നൈജീരിയന്‍ ക്രൈസ്തവര്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് വിവരിച്ചത്.

2022 ജൂണ്‍ അവസാനം വരെ സംസ്ഥാനത്തു 200 ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നും, ഏതാണ്ട് 50,000 കോടി നൈറയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും, 20 ലക്ഷത്തോടടുത്ത് കുടുംബങ്ങള്‍ ഭവനരഹിതരായിട്ടുണ്ടെന്നും അദ്ദേഹം യൂറോപ്യന്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്തി. നിരവധി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം മുടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലൈ മുതല്‍ ഏറ്റവും ചുരുങ്ങിയത് 3 കത്തോലിക്കാ വൈദികരെയെങ്കിലും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവരുടെ കാര്യം വളരെ ദുരിതത്തിലാണെന്നും, തന്റെ ഇടവകാംഗങ്ങള്‍ മാനസികമായി ആകെ തകര്‍ന്നിരിക്കുകയാണെന്നും മെത്രാന്‍ പറഞ്ഞു. ബിഷപ്പ് പറഞ്ഞതിനോട് സമാനമായ കാര്യങ്ങള്‍ മാകുര്‍ഡി രൂപതയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ ഫാ. മോസസ് ഇയോരാപു ‘കാത്തലിക് ന്യൂസ് ഏജന്‍സി’ക്ക് നല്‍കിയ അഭിമുഖത്തിലും സൂചിപ്പിച്ചു.

മാകുര്‍ഡിയില്‍ നിന്നും 20 മൈല്‍ അകലേയുള്ള യെലേവാടാ പട്ടണത്തില്‍ ഒക്ടോബര്‍ 12-ന് നടന്ന ആക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന്‍ ഫാ. മോസസ് പറഞ്ഞു. അക്രമികള്‍ ഫുലാനി ഗോത്രവര്‍ഗ്ഗക്കാരുടെ ഭാഷയാണ്‌ സംസാരിച്ചിരുന്നതെന്നും, പട്ടണത്തില്‍ നൈജീരിയന്‍ ആര്‍മിയുടെ സാന്നിധ്യം ഉള്ളപ്പോഴാണ് ഈ ആക്രമണം നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതാണ്ട് 100 പേരടങ്ങുന്ന ഇസ്ലാമിക തീവ്രവാദി സംഘം 3 വശങ്ങളില്‍കൂടിയും പട്ടണത്തില്‍ പ്രവേശിച്ച് സാധാരണക്കാരായ ജനങ്ങള്‍ക്കും, സൈനീകര്‍ക്കുമെതിരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് യെലേവാടാ ഇടവക വികാരിയായ ഫാ. വില്ല്യം ഷോം പറയുന്നത്.

ആക്രമണം മൂന്നു മണിക്കൂറോളം നീണ്ടുവെന്ന്‍ പറഞ്ഞ അദ്ദേഹം, പട്ടണവാസികള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് പലായനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും, ബാക്കിയുള്ളവര്‍ സെന്റ്‌ ജോസഫ് ദേവാലയത്തില്‍ അഭയം പ്രാപിച്ചിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. പട്ടണത്തിലേക്ക് പ്രവേശിച്ച ഒരു വാഹനവ്യൂഹത്തിനെതിരെ നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരിന്നു. ബെന്യൂ സംസ്ഥാനത്തില്‍ ഫുലാനികളുടെ ആക്രമണങ്ങള്‍ ഇത്ര വര്‍ദ്ധിച്ചിട്ടും ഇതുവരെ യാതൊരു അറസ്റ്റും നടന്നിട്ടില്ലെന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത. ഇതാദ്യമായല്ല യെല്‍വാടായില്‍ തീവ്രവാദി ആക്രമണങ്ങള്‍ ഉണ്ടാകുന്നത്. ഇതിനുമുന്‍പുണ്ടായ ആക്രമണങ്ങളില്‍ നിരവധി ദേവാലയങ്ങള്‍ അഗ്നിക്കിരയായിരുന്നു.


Related Articles »