Life In Christ - 2024

നാസികൾ കൊലപ്പെടുത്തിയ രണ്ട് വൈദികരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു

പ്രവാചകശബ്ദം 17-10-2022 - Monday

ബോവ്സ്: നാസികൾ കൊലപ്പെടുത്തിയ രണ്ടു ഇറ്റാലിയൻ വൈദികരെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തി. ഫാ. ജൂസപ്പേ ബർണാർഡി, ഫാ. മാരിയോ ഗിബൗഡു എന്നീ വൈദികരെയാണ് ഇന്നലെ ഒക്ടോബർ 16 ഞായറാഴ്ച, വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയത്. ഇറ്റലിയിലെ, ബോവ്സിൽ സ്ഥിതി ചെയ്യുന്ന മഡോണ ഡി ബോച്ചി ദേവാലയത്തിൽവെച്ച് വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘം തലവൻ കർദ്ദിനാൾ മാർസലോ സെമറാറോയാണ് പ്രഖ്യാപനം നടത്തിയത്. 1943 സെപ്റ്റംബർ മാസത്തില്‍ സഖ്യകക്ഷിയുമായി ഇറ്റലി വെടിനിർത്തൽ കരാർ ഉണ്ടാക്കിയതിനെ തുടർന്നാണ് ബോവ്സിൽ ജർമ്മൻ നാസികൾ വലിയ അക്രമമാണ് അഴിച്ചുവിട്ടത്.

അവിടുത്തെ ജനങ്ങളുടെ ഇടയിൽ സ്തുത്യര്‍ഹമായ സേവനം ചെയ്തു വരികയായിരിന്നു ഇരു വൈദികരും. സെപ്റ്റംബർ 19നു ഫാ. മാരിയോ ഗിബൗഡു നടത്തിയ ഇടപെടലാണ് അവിടെയുള്ള ഒരു അനാഥാലയത്തിലെ കുട്ടികൾ ഉൾപ്പെടെയുള്ള ചില ആളുകൾ മരണത്തിൽ നിന്ന് രക്ഷപ്പെടാൻ കാരണമായത്. ഇതേ ദിവസം ഇരുവരെയും നാസികള്‍ ക്രൂരമായി കൊലപ്പെടുത്തി. ജനങ്ങൾക്കുവേണ്ടി വൈദികർ നടത്തിയ ഇടപെടൽ പഴയ നിയമത്തിൽ അമലേക്യരുമായി ജോഷ്വ യുദ്ധം ചെയ്തപ്പോൾ ഇരുകൈകളും ഉയർത്തിപ്പിടിച്ചു നിന്ന മോശയുടെ പ്രവർത്തിയോടാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങിൽ സന്ദേശം നൽകി സംസാരിച്ച കർദ്ദിനാൾ മാർസലോ ഉപമിച്ചത്. വിശ്വാസികളോടുള്ള സ്നേഹമാണ് അവരെ മരണം പുൽകാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക മെത്രാന്മാരും വൈദികരും സന്യസ്തരും വിശ്വാസികളും അടക്കം നൂറുകണക്കിനാളുകൾ നാമകരണ ചടങ്ങിൽ പങ്കെടുത്തു.


Related Articles »