Life In Christ

ആഭിചാര പൈശാചിക കൃത്യങ്ങളെ പ്രതിരോധിക്കാന്‍ കത്തോലിക്ക ഭൂതോച്ചാടകര്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ശ്രദ്ധനേടുന്നു

പ്രവാചകശബ്ദം 17-10-2022 - Monday

കാലിഫോര്‍ണിയ: നരബലി അടക്കമുള്ള ആഭിചാര പൈശാചിക കൃത്യങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍, ഇത്തരം തിന്മകളെ ചെറുക്കുന്നതിനു വേണ്ട ആത്മീയ സംരക്ഷണത്തിന്റെ പ്രാധാന്യം വിവരിച്ചുകൊണ്ട്, അവയെ നേരിടുന്നതിനായി പ്രമുഖ കത്തോലിക്ക ഭൂതോച്ചാടകര്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസക്തമാകുന്നു. ദൈവത്തിന്റെ കൃപാവരാവസ്ഥയിലുള്ള കത്തോലിക്കര്‍ക്ക് പ്രകൃത്യാ തന്നെ ഒരു ആത്മീയ പ്രതിരോധ ശക്തിയുണ്ടെന്നും അത് ആരിലും തിന്മയുടെ ഫലം ഉളവാക്കുകയില്ലെന്നും അമേരിക്കയിലെ അറിയപ്പെടുന്ന കത്തോലിക്ക ഭൂതോച്ചാടകനായ ഫാ. തിയോഫിലൂസ് 2020 ഒക്ടോബറില്‍ നാഷ്ണല്‍ കാത്തലിക് രജിസ്റ്ററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിന്നു.

“വിശ്വാസമില്ലാത്ത ജീവിതം- അതായത്, യേശുവുമായി ബന്ധമില്ലാത്തതോ അല്ലെങ്കില്‍ അപൂര്‍ണ്ണമായ ബന്ധമുള്ളതോ ആയ ജീവിതം സാത്താന്റെ അസാധാരണമായ പ്രവര്‍ത്തനത്തിനുള്ള വളക്കൂറുള്ള മണ്ണായി മാറുമെന്നാണ് ലോകത്തെ ഏറ്റവും പ്രശസ്തനായ ഭൂതോച്ചാടകരില്‍ ഒരാളായ ഫാ. പവോളോ കരോളിന്‍ തന്റെ ഒരു പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. ഭാഗ്യ പ്രവചനം, ജാതകം പോലെയുള്ള നിഗൂഢ ആഭിചാര പ്രവര്‍ത്തനങ്ങള്‍ക്കു പിറകെ പോകുന്നത് തിന്‍മയ്ക്കു നമ്മുടെ ജീവിതത്തില്‍ പ്രവേശിക്കുവാനും, നമ്മെ സ്വാധീനിക്കുവാനും ശത്രുവിന് അനുവാദം നല്‍കുന്ന പോലെയാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആഭിചാരത്തെ ചെറുക്കുന്നതിനുള്ള ആത്മീയ സംരക്ഷണ കവചം ഒരുക്കുന്നതിനായി ഫാ. കരോളിന്‍ പ്രധാനമായും 7 നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടുവെയ്ക്കുന്നത്.

പാപത്തെ ഒഴിവാക്കുകയും, ഏറ്റു പറയുകയും ചെയ്യുകയെന്നതാണ് ഒന്നാമത്തെ നിര്‍ദ്ദേശം. വിശുദ്ധ ലിഖിതങ്ങള്‍ വായിക്കുകയെന്നതാണ് രണ്ടാമത്തെ നിര്‍ദ്ദേശം. അടങ്ങാത്ത ആഗ്രഹത്തോടെ ദൈവവചനം കേള്‍ക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നത് സാത്താന്റെ കെണികള്‍ക്കെതിരേയുള്ള പ്രതിരോധമായി മാറുമെന്ന് അദ്ദേഹം പറയുന്നു. തിന്‍മയ്ക്കെതിരെയുള്ള ആത്മീയ പ്രതിരോധത്തില്‍ മൂന്നാമത്തെ ആയുധം പ്രാര്‍ത്ഥനയാണ്. ദൈവേഷ്ടത്തോടുള്ള നമ്മുടെ ഇഷ്ടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉറപ്പാണ്‌ പ്രാര്‍ത്ഥന. ക്രിസ്തുവിന്റെ കുരിശുമരണത്തിലൂടെ ശാശ്വതമായ ഒരു ഉടമ്പടി പിതാവായ ദൈവം മനുഷ്യനുമായി ഉണ്ടാക്കിയിട്ടുണ്ട്. പ്രാര്‍ത്ഥനയാകുന്ന നമ്മുടെ പ്രതികരണം വഴിയാണ് ഈ ബന്ധം നിലനിറുത്തേണ്ടതെന്നു ഫാ. കരോളിന്‍ പറയുന്നു. കൂദാശകള്‍ക്ക് വേണ്ടിയുള്ള ആഗ്രഹം തിന്മയെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന്‍ അദ്ദേഹം നാലാമത്തെ മാര്‍ഗ്ഗനിര്‍ദ്ദേശമായി ചൂണ്ടിക്കാട്ടി.

മാമ്മോദീസ വഴി നമ്മില്‍ സന്നിഹിതനായിരിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയിലും, സത്യത്തിലുമുള്ള ദൈവവുമായുള്ള ആത്മബന്ധം വഴി നാം നേടുന്ന കൃപയുടെ പൂര്‍ണ്ണതയിലൂടെയാണ് കൂദാശയുടെ പ്രവര്‍ത്തനം. അതിനാല്‍, വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയെന്നാല്‍ യേശുവിനെ സ്വന്തം ജീവിതത്തില്‍ സ്വീകരിക്കുന്നതു പോലെയാണ്. കുമ്പസാരം എന്ന കൂദാശയെ സാത്താന്‍ വെറുക്കുകയും ഭയക്കുകയും ചെയ്യുന്നുണ്ടെന്ന് ഭൂതോച്ചാടകരായ തങ്ങള്‍ക്ക് ഉറപ്പിച്ച് പറയുവാന്‍ കഴിയും. “കാരണം കുമ്പസാരം നിരവധി ആത്മാക്കളെ സാത്താനില്‍ നിന്നും മോചിപ്പിക്കുന്നു. സ്വന്തം രക്തം കൊണ്ട് നമ്മുടെ പാപത്തിന്റെ കറകള്‍ തുടച്ചു നീക്കുന്ന യേശുവിന്റെ കരുണാമയമായ കരങ്ങളിലേക്കാണ് കുമ്പസാരം നമ്മളെ ഏല്‍പ്പിക്കുന്നതെന്നും ഫാ. കരോളിന്‍ വിവരിച്ചു.

നല്ല സംഗീതം ശ്രവിക്കുമ്പോള്‍ അത് നമ്മുടെ ആത്മാവിനെ ദൈവത്തിലേക്ക് ഉയര്‍ത്തുമെന്നും എളിമയുള്ളവരായിരിക്കുക വഴി സാത്താന്‍ എളിമയെ ഭയക്കുന്നുണ്ടെന്നും ഫാ. കരോളിന്‍ ചൂണ്ടിക്കാട്ടുന്നു. ദൈവത്തോട് ക്ഷമ യാചിക്കുകയും മറ്റുള്ളവരോട്‌ ക്ഷമിക്കുകയും ചെയ്യുകയെന്നതാണ് അവസാന മാര്‍ഗ്ഗനിര്‍ദ്ദേശമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ദൈവകരുണയില്‍ ആത്മാര്‍ത്ഥമായ വിശ്വസ്തത വളര്‍ത്തണമെന്നും നിരുപാധികം ക്ഷമിക്കുകയും, ശത്രുക്കളേപ്പോലും സ്നേഹിക്കുകയും വഴി ഈ കരുണ നമ്മുടെ അയല്‍ക്കാരോടും പ്രകടിപ്പിക്കണമെന്നും ഫാ. കരോളിന്‍ പൈശാചിക തിന്‍മകളെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗമായി ചൂണ്ടിക്കാട്ടി.


Related Articles »