Arts

40 മരിയൻ പ്രത്യക്ഷീകരണങ്ങൾ ഒരു വേദിയിൽ; അത്ഭുതം സൃഷ്ടിച്ച് മുക്കാട്ടുകര സെന്റ് ജോർജ് ദേവാലയം

പ്രവാചകശബ്ദം 02-11-2022 - Wednesday

തൃശൂർ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ കാലയളവില്‍ നടന്ന 40 മരിയൻ പ്രത്യക്ഷീകരണങ്ങള്‍ അവതരിപ്പിച്ച് തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള മുക്കാട്ടുകര സെന്റ് ജോർജ് ദേവാലയം. ജപമാല മാസത്തിന്റെ സമാപനാഘോഷങ്ങളുടെ ഭാഗമായി പരിശുദ്ധ അമ്മയുടെ വ്യത്യസ്തമാർന്ന 40 പ്രത്യക്ഷപ്പെടലുകൾ ആധുനിക ഡിജിറ്റൽ ശബ്ദ വെളിച്ച സംവിധാനങ്ങളോടെ 'അമ്മയ്ക്കരികെ' എന്ന പേരില്‍ നടത്തിയത് അനേകായിരങ്ങള്‍ക്ക് അവിസ്മരണീയ അനുഭവം സമ്മാനിക്കുകയായിരിന്നു. മുക്കാട്ടുകര ദേവാലയത്തിന്റെ ഗ്രൗണ്ടിൽ ഒക്ടോബർ 30 ഞായറാഴ്ച വൈകീട്ട് 6.30ന് അവതരിപ്പിച്ച പരിപാടി തൃശൂര്‍ അതിരൂപതയുടെ മീഡിയ കത്തോലിക്ക യൂട്യൂബ് ചാനലില്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരിന്നു.

160 അടി നീളമുള്ള കൂറ്റന്‍ സ്റ്റേജിൽ ആധുനിക ഡിജിറ്റൽ ശബ്ദവെളിച്ച സംവിധാനങ്ങള്‍ കൃത്യമായി സമന്വയിപ്പിച്ചായിരിന്നു മരിയൻ പ്രത്യക്ഷീകരണങ്ങളുടെ പുനരാവിഷ്‌ക്കരണം. നാല് വർഷംമുമ്പ് സോഷ്യൽ മീഡിയയിൽ കണ്ട മരിയൻ പ്രത്യക്ഷീകരണങ്ങളുടെ പ്രദർശനമാണ് ഇടവക വികാരി ഫാ. പോൾ തേയ്ക്കാനത്തിന് പ്രചോദനമായത്. വിദേശത്തു നടത്തിയ പ്രദർശനം തന്റെ ഇടവകയിലും നടത്തണമെന്ന ചിന്ത സഹവികാരിയായ ഫാ. അനു ചാലിലിനെ അറിയിച്ചപ്പോൾ അദ്ദേഹം മുന്നോട്ടുവെച്ച അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ നൂതന സാങ്കേതിക വിദ്യയുടെ സഹാത്തോട് കൂടി പരിപാടി നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു.

ഇടവകയിലുള്ള 40 കുടുംബ യൂണിറ്റുകളിലൂടെയാണ് 40 മരിയൻ പ്രത്യക്ഷീകരണങ്ങൾ വേദിയില്‍ അവതരിപ്പിച്ചത്. ഫാത്തിമ മാതാവ്, ഗ്വാഡലൂപ്പ മാതാവ്, ലാസലൈറ്റ്, കർമല മാതാവ്, അമലോത്ഭവ മാതാവ്, വേളാങ്കണ്ണി മാതാവ് തുടങ്ങീ വിവിധയിടങ്ങളില്‍ നടന്ന മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍ ഒരു വേദിയില്‍ എത്തിക്കാന്‍ ഓരോന്നിനും രൂപ സാദൃശ്യത്തിനാവശ്യമായ കിരീടവും ഗൗണും യൂണിറ്റുകൾ തന്നെ കണ്ടെത്തി. ഇതിന് സാമ്പത്തിക പിന്തുണ നൽകുവാനായി ഓരോ യൂണിറ്റിനും ഇടവക ചെറിയ തുക കൈമാറി. ഒരുക്കാൻ മെയ്ക്കപ്പ് ആർട്ടിസ്റ്റിനുള്ള ചെലവും ദേവാലയം തന്നെ വഹിച്ചു.

വികാരിയച്ചന്‍ മുന്നോട്ടുവെച്ച ആശയത്തോട് ഇടവക ജനം ഒന്നടങ്കം ചേർന്നു നിന്നപ്പോള്‍ പരിപാടി ഏറെ ശ്രദ്ധിക്കപ്പെടുകയായിരിന്നു. ഏറ്റവും വലിയ മരിയന്‍ പ്രത്യക്ഷീകരണങ്ങളുടെ പ്രദര്‍ശനമായി ബെസ്റ്റ് ഓഫ് റെക്കോര്‍ഡ്സില്‍ പരിപാടി ഇടം നേടിയിട്ടുണ്ട്. ഇതിന്റെ അംഗീകാരപത്രം അധികൃതര്‍ ദേവാലയത്തിന് കൈമാറി. വൈദികരും സന്യസ്ഥരും വിശ്വാസികളും ഇതര മതസ്ഥർ ഉൾപ്പെടെ നാലായിരത്തോളം പേര്‍ പരിപാടി നേരിട്ടു കണ്ടുവെന്നാണ് അനുമാനിക്കപ്പെടുന്നത്. മീഡിയ കത്തോലിക്ക യൂട്യൂബ് ചാനലിലൂടെ ഇരുപതിനായിരത്തില്‍പരം പേര്‍ ഇതിനോടകം കണ്ടുവെന്നതും ശ്രദ്ധേയമാണ്.


Related Articles »