Arts

ക്രിസ്തീയ ഉള്ളടക്കങ്ങളുള്ള പോസ്റ്റുകള്‍ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്യുന്നത് പതിവാകുന്നു

പ്രവാചകശബ്ദം 14-11-2022 - Monday

ബുഡാപെസ്റ്റ്: സമൂഹ മാധ്യമങ്ങളിലെ ഭീമന്മാര്‍ ക്രിസ്തീയ ഉള്ളടക്കങ്ങള്‍ മനപ്പൂര്‍വ്വം നിയന്ത്രിക്കുകയാണെന്ന സംശയം കൂടുതല്‍ ബലപ്പെടുന്നു. നിരവധി ഉദാഹരണങ്ങളുമായി ‘മാന്‍ഡിനര്‍’ എന്ന ഹംഗേറിയന്‍ ന്യൂസ് സൈറ്റ് പുറത്ത് വിട്ട റിപ്പോര്‍ട്ടാണ് ഈ സംശയം ബലപ്പെടുത്തുന്നത്. യൂട്യൂബ് അടക്കമുള്ള പ്രമുഖ നവമാധ്യമങ്ങളില്‍ എല്ലാം തന്നെ ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്ന ആരോപണം നേരത്തെ മുതല്‍ സജീവമാണ്. നിലവില്‍, ഗൂഗിൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന ഫേസ്ബുക്കിന് നേരെയാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. തങ്ങളുടെ സംഘടനയുടെ പോസ്റ്റുകള്‍ക്ക് ഫേസ്ബുക്ക്’ അനുവാദം തരുന്നില്ലെന്ന് ഹംഗറിയിലെ ‘എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്’ന്റെ പ്രസിഡന്റായ വില്മോസ് ഫിഷി വെളിപ്പെടുത്തി.

എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ ഉള്ളടക്കങ്ങള്‍ തങ്ങളുടെ നയങ്ങളുമായി പൊരുത്തപ്പെടുന്നില്ലായെന്ന ആരോപണമാണ് ഫേസ്ബുക്ക് ഉയര്‍ത്തുന്നത്. യൂറോപ്പിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ശാരീരികമായ അടിച്ചമര്‍ത്തലിനെ കുറിച്ചല്ല, മറിച്ച് ക്രിസ്തീയ വിശ്വാസ പ്രചാരണത്തെ ഇല്ലാതാക്കുന്നതിനായി മനപ്പൂര്‍വ്വം സൃഷ്ടിക്കപ്പെടുന്ന മറ്റൊരു തലമാണ് ഇതിലൂടെ ചൂണ്ടിക്കാണിക്കപ്പെടുന്നതെന്ന് റിഫോംഡ് കൂട്ടായ്മയുടെ അധ്യക്ഷനായ ലാസിയോ കോണ്ടോസ് പറഞ്ഞു. ഫേസ്ബുക്കിന്റെ ഈ വിവേചനത്തിന്റെ ഏറ്റവും ആദ്യത്തെ ഇരയാണ് വചനപ്രഘോഷകനായ ലാസിയോ. ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ പങ്കുവെയ്ക്കപ്പെടുന്ന പ്രൊഫൈല്‍ യാതൊരു കാരണവും കൂടാതെയാണ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്.

പാശ്ചാത്യ ലോകത്ത് സ്വാധീനമുള്ള ഒരു കൂട്ടര്‍ ഒരു വശത്ത് മൂല്യം, സ്വാതന്ത്ര്യം എന്നിവയെ കുറിച്ച് പറയുമ്പോള്‍, ദശലക്ഷകണക്കിന് ആളുകളെ സ്വാധീനിക്കുവാന്‍ കഴിയുന്ന ഫേസ്ബുക്ക് പോലെയുള്ള സാമൂഹ്യ മാധ്യമ ഭീമന്‍മാര്‍ ഔദ്യോഗിക ക്രിസ്തീയ സംവിധാനങ്ങളുടെ ഉള്ളടക്കങ്ങള്‍ നിരോധിക്കുകയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിന്റെ ഇത്തരം നടപടികള്‍ ഹംഗറിയില്‍ മാത്രം ഒതുങ്ങുന്നതല്ല. ആത്മീയ കൂട്ടായ്മയെക്കുറിച്ചുള്ള കത്തോലിക്ക ലേഖനം ഫേസ്ബുക്ക് വിലക്കിയത് ഇതിന്റെ ഉദാഹരണമാണെന്ന് മാന്‍ഡിനര്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള തീവ്രവാദി സംഘടനകള്‍ തങ്ങളുടെ ഭാഗികമായ ഔദ്യോഗിക പേജുകളിലൂടെ തീവ്രവാദികളെ റിക്രൂട്ട് ചെയ്യുമ്പോള്‍ കെ.വി ബ്ലോഗ്‌ പോലെയുള്ള ക്രിസ്ത്യന്‍ സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്യുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

' karizmatikus.hu', 'egyházzene.hu' പോലെയുള്ള ക്രിസ്തീയ വെബ്സൈറ്റുകളുടെ പേജുകളും ഫേസ്ബുക്കിന്റെ ക്രൈസ്തവ വിരുദ്ധതയുടെ ഇരകളാണ്. യേശുക്രിസ്തുവിന്റെ അരക്ക് മുകളില്‍ വസ്ത്രമില്ല എന്ന യുക്തിഹീനമായ കാരണം പറഞ്ഞ് “കുരിശില്‍ നിന്നുള്ള ഇറക്കം” എന്ന റൂബന്റെ ഏറ്റവും വിഖ്യാതമായ പെയിന്റിംഗ് നിരോധിക്കപ്പെട്ട ഉള്ളടക്കങ്ങളില്‍ ഉള്‍പ്പെടുത്തിയ ഫേസ്ബുക്കിന്റെ നടപടി സോഷ്യല്‍ മീഡിയ ഭീമന്റെ ക്രൈസ്തവ വിരുദ്ധതയുടെ ഏറ്റവും ശക്തമായ ഉദാഹരണമായാണ് നിരീക്ഷിക്കപ്പെടുന്നത്. ധാര്‍മ്മിക വിഷയങ്ങളില്‍ ഏറ്റവും ശക്തമായ കൃത്യമായ നിലപാട് സ്വീകരിക്കുന്ന ക്രിസ്തീയ വിശ്വാസ പ്രചാരണത്തിന് മേല്‍ വിലക്കിടാനാണ് നവമാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന ആരോപണം നേരത്തെ മുതല്‍ ശക്തമാണ്.


Related Articles »