Life In Christ - 2024

ദൈവമാണ് തീരുമാനിക്കുന്നവന്‍, എപ്പോഴാണ് സമയമെന്ന് ദൈവത്തിനറിയാം: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി

പ്രവാചകശബ്ദം 15-11-2022 - Tuesday

പാരീസ്: ലോകകപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കേ കാല്‍പ്പന്തുകളിയുടെ ആവേശം ലോകമെങ്ങും കൊടുമ്പിരിക്കൊള്ളുമ്പോള്‍ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരമെന്ന് കരുതപ്പെടുന്ന അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസ്സി തന്റെ ദൈവ വിശ്വാസം ഏറ്റുപറഞ്ഞുക്കൊണ്ട് നടത്തിയ പ്രസ്താവന ശ്രദ്ധ നേടുന്നു. ഖത്തറില്‍ ആരംഭിക്കുവാന്‍ പോകുന്ന ഫുട്ബോള്‍ ലോകകപ്പില്‍ എന്താണ് സംഭവിക്കുകയെന്ന് തീരുമാനിക്കുന്നത് ദൈവമാണെന്നു മെസ്സി പറഞ്ഞു. ഡിസംബര്‍ 18 വരെ നീളുന്ന ലോകകപ്പിന്റെ പ്രിവ്യു, പാരീസില്‍ നടക്കവേ അര്‍ജന്റീനിയന്‍ ദിനപത്രമായ ‘ഡിയാരിയോ ഒലെ’ക്ക് നല്‍കിയ അഭിമുഖത്തിലാണ് മെസ്സി ലോകകപ്പിലെ വിജയപരാജയങ്ങള്‍ ദൈവത്തില്‍ ഏല്‍പ്പിച്ചത്.

“ദൈവമാണ് തീരുമാനിക്കുന്നവന്‍, എപ്പോഴാണ് സമയമെന്ന് ദൈവത്തിനറിയാം. വരുവാനിരിക്കുന്നത് വരും, ദൈവമാണ് അത് തീരുമാനിക്കുന്നതെന്നാണ് എന്റെ വിശ്വാസം”- ഫുട്ബോളിലും ജീവിതത്തിലും തനിക്ക് നല്‍കിയതിനെല്ലാം ദൈവത്തിനു നന്ദി അര്‍പ്പിക്കുന്നതായും മുപ്പത്തിയഞ്ചുകാരനുമായ മെസ്സി പറഞ്ഞു. അര്‍ജന്റീനയുടെ വിജയ സാധ്യതയെ കുറിച്ചുള്ള ചോദ്യത്തിന്, ആര്‍ക്കെതിരെയും പോരാടുവാനാണ് തങ്ങളുടെ തീരുമാനമെന്നും, ഓരോ കളിയും തുല്യ പ്രാധാന്യത്തോടെ തന്നെ കളിക്കുമെന്നുമായിരുന്നു മറുപടി. ദൈവം തങ്ങളെ തുണക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. അര്‍ജന്റീനിയന്‍ വൈദികനായ ഫാ. ജാവിയര്‍ ഒലിവേര റാവാസി മെസിയുടെ പ്രസ്താവന ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

“മെസ്സിയും അവന്റെ ദൈവവിശ്വാസവും. എല്ലാ നല്ല ദാനങ്ങളും ഉന്നതങ്ങളില്‍ നിന്നാണ് വരുന്നതെന്ന്‍ അറിയാവുന്ന ഒരു സാധാരണക്കാരന്‍” എന്നാണ് വീഡിയോയ്ക്കു തലക്കെട്ടായി എഴുതിയിരിക്കുന്നത്. ഒരുപക്ഷേ മെസ്സി കളിക്കുന്ന അവസാന ലോകകപ്പായാണ് ഇത്തവണത്തെ ഫുട്ബോള്‍ മാമാങ്കത്തെ എല്ലാവരും നോക്കികാണുന്നത്. ഏതാണ്ട് 20 വര്‍ഷങ്ങളാണ് മെസ്സി സ്പാനിഷ് ക്ലബ്ബായ എഫ്.സി ബാഴ്സലോണക്ക് വേണ്ടി കളിച്ചത്. 2021-ല്‍ മെസ്സിയുടെ അര്‍ജന്റീന ബ്രസീലിനെ തോല്‍പ്പിച്ച് കോപ്പ അമേരിക്ക കിരീടം നേടിയിരുന്നു.

ആ വിജയത്തിനും മെസ്സി സമൂഹമാധ്യമങ്ങളിലൂടെ ദൈവത്തോടു നന്ദി അര്‍പ്പിച്ചിരിന്നു. ഇതിനു മുന്‍പും മെസ്സി തന്റെ ദൈവവിശ്വാസം പരസ്യമാക്കിയിട്ടുണ്ട്. “എന്നെ ഇതുപോലെ കളിപ്പിക്കുന്നത് ദൈവമാണ്, അവന്‍ തന്നെയാണ് എനിക്ക് ഈ കഴിവ് നല്‍കിയത്. അവന്‍ എന്നെ തിരഞ്ഞെടുത്തു, അതിനു ശേഷം മികച്ചവനാകുവാന്‍ ഞാന്‍ ഒരുപാടു പരിശ്രമിക്കുകയും ഞാനതില്‍ വിജയിക്കുകയും ചെയ്തു, ദൈവസഹായം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എങ്ങും എത്തില്ലായിരുന്നു” - എന്നാണ് 2018-ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ മെസ്സി പറഞ്ഞിട്ടുള്ളത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 82