Life In Christ

ദരിദ്രരുടെ ആഗോള ദിനത്തിൽ പാവങ്ങൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 14-11-2022 - Monday

വത്തിക്കാന്‍ സിറ്റി: പാവങ്ങളുടെ ആഗോള ദിനമായ ഇന്നലെ വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ അതിഥികളായെത്തിയ റോമിലെ ആയിരത്തിലധികം വരുന്ന പാവങ്ങൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ഫ്രാൻസിസ് പാപ്പ. റോമിലെ കാരിത്താസും സാൻ എജിദിയോ സമൂഹവും സഹായിക്കുന്ന പാവപ്പെട്ടവരെ പ്രത്യേക ഭക്ഷണത്തിനായി പാപ്പ പോൾ ആറാമൻ ഹാളിൽ സ്വീകരിക്കുകയായിരിന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരത്തിമുന്നൂറിലധികം പേര്‍ക്കാണ് ഭക്ഷണമാണ് ഒരുക്കിയത്. ഭക്ഷണത്തിനിടെ സ്നേഹ സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ട് പാപ്പ തന്റെ കരുണയും കരുതലും പങ്കുവെച്ചു. ഇറ്റലിയിലെ d'Amico Società di Navigazione എന്ന കമ്പനി ഭക്ഷണം സ്പോൺസർ ചെയ്തു.

2016ലെ കരുണയുടെ അസാധാരണ ജൂബിലി വർഷ സമാപനത്തിൽ ഫ്രാൻസിസ് പാപ്പയാണ് പാവങ്ങള്‍ക്കായുള്ള ആഗോള ദിനം ആരംഭിച്ചത്. ലോക പാവങ്ങളുടെ ദിനത്തോടനുബന്ധിച്ച് വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ആരോഗ്യ സേവനങ്ങൾ സൌജന്യമായി ലഭ്യമാക്കിയിരിന്നു. ഇതുകൂടാതെ 5,000 കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ അടങ്ങുന്ന പൊതികളും റോമിലെ ഇടവക ശൃംഖലകൾ വഴി വിതരണം ചെയ്യുന്നുണ്ട്.

വത്തിക്കാന്റെ ഇടപെടലില്‍ ഇറ്റലിയിലെ എലൈറ്റ് സൂപ്പർമാർക്കറ്റ് ശൃംഖല ഏകദേശം 10 ടൺ പാസ്ത, 5 ടൺ അരി, മൈദ, പഞ്ചസാര, ഉപ്പ്, കാപ്പിപ്പൊടി എന്നിവയും അയ്യായിരം ലിറ്റർ എണ്ണയും പാലും അടങ്ങിയ ഉൽപ്പന്നങ്ങൾ സംഭാവന ചെയ്തു. സമീപ മാസങ്ങളിലെ ദ്രുതഗതിയിലുള്ള പണപ്പെരുപ്പം വഷളാക്കിയ ഉയർന്ന വൈദ്യുതി, പാചക വാതക ബില്ലുകളുമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള പദ്ധതിയും വത്തിക്കാനിൽ ഒരുക്കിയിട്ടുണ്ട്. കത്തോലിക്ക ജീവകാരുണ്യ പ്രസ്ഥാനമായ കാരിത്താസ് ഇറ്റലിയുടെ കണക്കനുസരിച്ച്, ഇറ്റലിയിൽ ദാരിദ്ര്യത്തിൽ കഴിയുന്നവരുടെ എണ്ണം 5.6 ദശലക്ഷമാണ്. അതിൽ 1.4 ദശലക്ഷം കുട്ടികളാണ്.


Related Articles »