Life In Christ

ക്രൂരമായ ശാരീരിക പീഡനം, പിതാവിന്റെ കഴുത്തറത്തത് കണ്‍മുന്നില്‍, എങ്കിലും അവരോടു ക്ഷമിക്കുന്നു: ബൊക്കോഹറാമില്‍ നിന്ന് രക്ഷപ്പെട്ട നൈജീരിയന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടി

പ്രവാചകശബ്ദം 24-11-2022 - Thursday

മൈദുഗുരി (നൈജിരിയ): ബൊക്കോഹറാം തീവ്രവാദികളുടെ ഇടയിൽ നിന്ന് അതിക്രൂരമായ വിധത്തിൽ നേരിട്ട പീഡനത്തിന്റെ വ്യാപ്തി വിവരിച്ച നൈജീരിയന്‍ ക്രിസ്ത്യൻ പെൺകുട്ടിയുടെ അനുഭവകഥ നൊമ്പരമാകുന്നു. തന്റെ പിതാവിനെ ശിരഛേദം ചെയ്യുകയും, പിന്നീട് തന്നെ ബന്ധിയാക്കി ദിവസങ്ങളോളം പീഡിപ്പിക്കുകയും ചെയ്ത ബൊക്കോഹറാം തീവ്രവാദികളോട് താന്‍ ക്ഷമിച്ചുവെന്നും അവരുടെ മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും ജാനഡാ മാര്‍ക്കസ് എന്ന ഈ പെൺകുട്ടി പറയുന്നു. സ്വന്തം പിതാവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയത് അടക്കം അനേകം ദുരന്തങ്ങൾക്ക് നേരിട്ട് സാക്ഷ്യം വഹിച്ച വ്യക്തി കൂടിയാണ് ജാനഡാ. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) ഇന്റര്‍നാഷ്ണലാണ് ജാനഡാ മാര്‍ക്കസിന് ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോ ഹറാമില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകള്‍ പുറംലോകത്തെത്തിച്ചത്.

ആര്‍ക്കും ചിന്തിക്കുവാന്‍ പോലും കഴിയാത്ത ക്രൂരതകളാണ് ജാനഡക്ക് നേരിടേണ്ടി വന്നത്. ബൊക്കോഹറാം തീവ്രവാദികള്‍ തന്റെ പിതാവിന്റെ കഴുത്തില്‍ അരിവാള്‍ വെച്ചുകൊണ്ട് താനുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ വെറുതെവിടാമെന്ന് പറഞ്ഞുവെന്ന് ജാനഡ നിറകണ്ണുകളോടെ പറഞ്ഞു. “ഇത് മറക്കുവാനും പൊറുക്കുവാനും എളുപ്പമല്ല, എങ്കിലും ഞാനവരോട് ഹൃദയം കൊണ്ട് ക്ഷമിക്കുന്നു. ഇത് ഞാന്‍ തന്നെയാണോ പറയുന്നത് എന്ന് എനിക്ക് വിശ്വസിക്കുവാന്‍ കഴിയുന്നില്ല. ഞാനവരുടെ ആത്മാക്കളുടെ മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുന്നു”- ഇരുപത്തിരണ്ടുകാരിയായ ജാനഡ പറഞ്ഞു.

രണ്ടു പ്രാവശ്യം ബൊക്കോഹറാമിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവരാണ് ജാനഡയുടെ കുടുംബം. അതേതുടര്‍ന്ന്‍ ലേക്ക് ചാഡിലെ ബാഗാ പ്രാദേശിക ഗവണ്‍മെന്റ് മേഖലയിലെ വീടുപേക്ഷിച്ച് ബോര്‍ണോ സംസ്ഥാനത്തിലെ അസ്കിര ഉബായിലെ പുതിയ വീട്ടിലേക്ക് അവര്‍ മാറുകയായിരുന്നു. മൈദുഗുരിയില്‍ കുറച്ച് കൃഷി ഭൂമി സ്വന്തമാക്കിയ ജാനഡയുടെ പിതാവ് അവിടെ കൃഷി നടത്തി വരികെയാണ് അടുത്ത വേട്ടയാടൽ ഉണ്ടായത്.

“ഞങ്ങളുടെ പേടിസ്വപ്നം അവസാനിച്ചു എന്ന സന്തോഷത്തിലായിരുന്നു ഞങ്ങള്‍. എന്നാല്‍ 2018 ഒക്ടോബര്‍ 20-ന് ഞങ്ങളുടെ സന്തോഷം അവസാനിച്ചു. കൃഷി ഭൂമിയില്‍ ക്രിസ്തീയ ഭക്തിഗാനവും പാടിക്കൊണ്ട് ജോലി ചെയ്തിരുന്ന ഞങ്ങളെ ബൊക്കോഹറാം വളഞ്ഞു. ചിന്തിക്കുവാന്‍ പോലും കഴിയാത്ത കാര്യമാണ് അവര്‍ ഞങ്ങളോട് ചെയ്തത്. താനുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ അവര്‍ പിതാവിനെ നിര്‍ബന്ധിച്ചപ്പോള്‍ എനിക്ക് എന്റെ സ്വന്തം മാംസവും രക്തവുമായി അങ്ങിനെ ചെയ്യുവാന്‍ കഴിയില്ലെന്നു പറഞ്ഞുകൊണ്ട് എന്റെ പിതാവ് മരണം വരിക്കുകയായിരുന്നു”- ജാനഡ പറയുന്നു.

തന്റെ നരകയാതന അവിടം കൊണ്ട് അവസാനിച്ചില്ലെന്നു പറഞ്ഞ ജാനഡ, 2020 നവംബര്‍ 9-ന് മറ്റൊരു സംഘം തീവ്രവാദികള്‍ തന്നെ ബന്ധിയാക്കുകയും 6 ദിവസത്തോളം തന്നെ ശാരീരികവും, മാനസികവുമായി ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും കൂട്ടിച്ചേര്‍ത്തു. 2020 നവംബര്‍15-ന് മോചിതയായ ജാനഡ കുറച്ച് ദിവസങ്ങളോളം തന്റെ അമ്മക്കൊപ്പം ചിലവഴിച്ച ശേഷം മൈദുഗുരി രൂപതയുടെ കീഴിലുള്ള കത്തോലിക്കാ ട്രോമാ സെന്ററില്‍ പ്രവേശിപ്പിക്കപ്പെടുകയായിരിന്നു. നിരവധി വൈദ്യ പരിശോധനകള്‍ക്കും കൗണ്‍സിലുകള്‍ക്കും വിധേയയായ അവള്‍ ഇപ്പോള്‍ സൗഖ്യത്തിന്റെ പാതയിലാണ്.

കത്തോലിക്കാ ട്രോമാ കേന്ദ്രത്തില്‍ നിന്നും ലഭിച്ച വലിയ പിന്തുണയ്ക്കും സഹായത്തിനും അവൾ നന്ദിയർപ്പിച്ചു. പിൽക്കാലത്ത് ദൈവത്തിന്റെ ശക്തിയില്‍ സംശയിച്ച ജാനഡ പിന്നീട് തന്റെ കയ്പ്പേറിയ അനുഭവങ്ങള്‍ തന്നെ ദൈവവുമായി കൂടുതൽ അടുപ്പിച്ചുവെന്നും തന്റെ ക്രിസ്തു വിശ്വാസം ശക്തിപ്പെട്ടെന്നും കൂട്ടിച്ചേര്‍ത്തു. നൈജീരിയയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന നൂറുകണക്കിന് സംഭവങ്ങളിൽ ഒന്ന് മാത്രമാണ് ജാനഡയുടേത്. ഇസ്ലാമിക ഭീകരർ നടത്തുന്ന അതിക്രൂരമായ വേട്ടയാടലിൽ രാജ്യത്തെ ക്രൈസ്തവ സമൂഹം നേരിടുന്നത് സമാനതകളില്ലാത്ത പീഡനങ്ങളാണ്.


Related Articles »