Tuesday Mirror
വിശുദ്ധ കാതറിൻ ലബോറെയും കന്യകാമറിയത്തിന്റെ അമലോത്ഭവത്തിന്റെ അത്ഭുത മെഡലും
ഫാ. ജെയ്സണ്‍ കുന്നേല്‍ എംസിബിഎസ്/ പ്രവാചകശബ്ദം 26-11-2024 - Tuesday
അത്ഭുത മെഡൽ. പരിശുദ്ധ കന്യകാമറിയത്തിനു ജീവിതത്തിൽ സവിശേഷമാം വിധം സ്ഥാനം കൊടുക്കുന്ന പലർക്കും ഇതു മരിയ ഭക്തിയുടെ ഒരു ഭാഗമായി തീർന്നിരിക്കുന്നു. 1854 ൽ സഭ ഔദോഗികമായി പരിശുദ്ധ കന്യകാമറിയത്തിന്റെ അമലാത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ച അന്നു മുതൽ ഈ അത്ഭുതമെഡൽ എല്ലാവർക്കും പ്രത്യേകിച്ച് അമലോത്ഭവ മാതാവിന്റെ പുരോഹിതർക്ക് Marian Fathers of the Immaculate Conception വളരെ പ്രാധാന്യമുള്ളതാണ്.
ഫ്രാൻസിലെ പാരീസിൽ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി എന്ന സന്യാസ സമൂഹത്തിലെ 24 വയസുള്ള ഒരു നവ സന്യാസിനിക്കു ലഭിച്ച ദർശനമനുസരിച്ചാണ് ഈ അത്ഭുത മെഡലിന്റെ രൂപവൽക്കരണം.
1830 ജൂലൈ 18 തീയതി നടന്ന ഒരു അസാധാരണ സംഭവത്തോടെയാണ് കഥ ആരംഭിക്കുന്നത്. ആ രാത്രിയിൽ സി. കാതറിൻ ലബോറെയെ (Catherine Laboure) ഒരു കുട്ടി വിളിച്ചുണർത്തി മഠത്തിന്റെ ചാപ്പലിലേക്കു നയിച്ചു. അവിടെ പരിശുദ്ധ കന്യകാമറിയം ഒരു കസേരയിൽ ഇരിക്കുന്നതായി സി. കാതറിൻ കണ്ടു. അത്ഭുതപരതന്ത്രമായ കാതറിൻ മറിയത്തിന്റെ മുമ്പിൽ മുട്ടുമുത്തി. അവളുടെ കരങ്ങൾ അമ്മയുടെ മടിയിൽ വച്ചു സംസാരിക്കാൻ തുടങ്ങി അതു മണിക്കൂറുകളോളം നീണ്ടു.
സംസാരത്തിനിടയിൽ മറിയം കാതറിനോടു താൻ തിരികെ വരുമെന്നും ഒരു പുതിയ ദൗത്യം അവളെ ഭരമേല്പിക്കുമെന്നും വാഗ്ദാനം ചെയ്തു. കുട്ടി തന്നെ കാതറിനെ അവളുടെ കിടക്കയിലേക്കു നയിച്ചു. ജൂലൈ 19ലെ പ്രഭാത മണി കേട്ടാണ് പിന്നീട് അവൾ ഉണർന്നത്.
നാലു മാസത്തിനകം പരിശുദ്ധ മറിയത്തിന്റെ ആഗ്രഹം സി. കാതറിൻ മനസ്സിലാക്കി. 1830 നവംബർ 27 തീയതിയിലെ സായാഹ്ന ധ്യാനത്തിനിടയിൽ പരിശുദ്ധ മറിയത്തിന്റെ ദർശനം അവൾക്കുണ്ടായി.മെഡലിൽ ചിത്രീകരിച്ചിരിക്കുന്നതു പോലെ ഒരു ഗ്ലോബിന്റെ മുകളിലാണ് പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ടത്.
പരിശുദ്ധ അമ്മ കാതറിനോടു പറഞ്ഞു, " ഞാൻ കാണിച്ചു തരുന്ന മാതൃകയിൽ ഒരു മെഡൽ നിർമ്മിക്കുക, ഇത് അണിയുന്നവർ, പ്രത്യേകമായി കഴുത്തിലണിച്ചുന്നവർ വലിയ കൃപകൾ സ്വന്തമാക്കും." ആദ്യ മെഡലുകൾ 1832 നിർമ്മിക്കുകയും പാരീസിലുടനീളം വിതരണം ചെയ്യുകയും ചെയ്തു. മെഡലുകൾ ധരിക്കുന്നവർ ധാരാളം അനുഗ്രഹങ്ങൾ പ്രാപിക്കാൻ തുടങ്ങി. ഈ ഭക്തി വളരെ വേഗത്തിൽത്തനെ നാടെങ്ങും പടർന്നു.1836 സഭ, മാതാവിന്റെ ഈ പ്രത്യക്ഷീകരണം ശരിയാണന്നു പ്രഖ്യാപിച്ചു.
മെഡലിന്റ മുൻവശം
മെഡലിന്റെ മുൻവശത്ത് മറിയം ഒരു ഗ്ലോബിന്റെ മുകളിൽ നിൽക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. അവൾ പാദങ്ങൾ കൊണ്ട് ഒരു സമർപ്പത്തിന്റെ തല തകർക്കുന്നു. കാതറിൻ പറയുന്നതനുസരിച്ച് ആദ്യ ദർശനത്തിൽ പരിശുദ്ധ മറിയം സൂര്യരശ്മിപോലെ തേജസ്സുള്ളതായിരുന്നു. മറിയത്തിന്റെ കരങ്ങളിൽ നിന്നു പ്രവഹിച്ചിരുന്ന കിരണങ്ങൾ മറിയം കാതറിനോടു പറഞ്ഞതുപോലെ "എന്നോടു യാചിക്കുന്നവർക്കു ഞാൻ ചൊരിയുന്ന കൃപകളെയാണ് സൂചിപ്പിക്കുക ". ഓവൽ ആകൃതിയിലുള്ള ഈ മെഡലിന്റെ ഒരു വശത്ത് ജന്മപാപമില്ലാതെ ജനിച്ച മറിയമേ, നിന്നിൽ അഭയം തേടുന്ന ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
മെഡൽ വെളിപ്പെടുത്തുന്ന മരിയവിജ്ഞാനങ്ങൾ
മറിയം നമ്മുടെ അമ്മ - തുറന്ന കരങ്ങളിലൂടെ ഈ ലോകത്തിലുള്ള എല്ലാവർക്കും അഭയസ്ഥാനമായ അമ്മയാണ് താനെന്ന് മറിയം സൂചിപ്പിക്കുന്നു. അമലോത്ഭവ - ജന്മപാപമില്ലാതെ ജനിച്ചവൾ എന്ന സംജ്ഞ മറിയത്തിന്റെ അമലോത്ഭവത്തെ ധ്വനിപ്പിക്കുന്നു.
സ്വർഗ്ഗരോപിത - ഗ്ലോബ്ലിനു മുകളിൽ മറിയം നിൽക്കുന്നത് മറിയത്തിന്റെ സ്വർഗ്ഗാരോപണത്തിന്റെ സൂചനയാണ്. മധ്യസ്ഥ - മറിയത്തിന്റെ കരങ്ങളിൽ നിന്നു പ്രവഹിക്കുന്ന കൃപകളായ കിരണങ്ങൾ പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥതയുടെ പ്രതീകമാണ്. മറിയം നമ്മുടെ സംരക്ഷക - സർപ്പത്തിന്റെ തല തകർത്തുകൊണ്ട് മറിയം മനുഷ്യവർഗ്ഗത്തെ സംരക്ഷിക്കുന്നു. (ഉൽപത്തി 3:15).
മെഡലിന്റെ മറുവശം
മറുവശത്ത് വെളിപാടു പുസ്തകത്തിൽ രേഖപ്പെടുത്തിയപോലെ "ശിരസ്സിൽ പന്ത്രണ്ടു നക്ഷത്രങ്ങൾ കൊണ്ടുള്ള കിരീടം" (വെളി. 12:1) പോലെ 12 നക്ഷത്രങ്ങൾ. M എന്ന അക്ഷരത്തിനുള്ളിലൂടെ ഒരു കുരിശ് ഉയർന്നു നിൽക്കുന്നു, അതിനു താഴെ ജ്വലിക്കുന്ന രണ്ട് ഹൃദയങ്ങളും ,ഒരു ഹൃദയം മുള്ളുകളാൽ ചുറ്റപ്പെട്ടതും മറ്റൊന്ന് വാളിനാൽ പിളർന്നതു. ഈ രൂപകൽപ്പനയിൽ കത്തോലിക്കാ വിശ്വാസത്തിന്റെ ചില പ്രതീകങ്ങൾ നിഴലിക്കുന്നുണ്ട്.
M എന്ന അക്ഷരം പരിശുദ്ധ മറിയത്തെ അമ്മയും മധ്യസ്ഥയുമായി മനസ്സിലാക്കുന്നു.
കുരിശ് - നമ്മളെ രക്ഷിച്ച യേശുവിന്റെ രക്ഷകരമായ കുരിശാണ്.
12 നക്ഷത്രങ്ങൾ — ആദിമസഭയെ പടുത്തുയർത്തിയ 12 അപ്പസ്തോലന്മാരെ സൂചിപ്പിക്കുന്നു.
ഇടതു വശത്തുള്ള ഹൃദയം — ഈശോയുടെ തിരുഹൃദയമാണ്
വലതു വശത്തുള്ള ഹൃദയം — പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവ ഹൃദയമാണ്.
തീജ്വാലകൾ — യേശുവിന്റെയും മാതാവിന്റെയും നമ്മോടുള്ള സ്നേഹത്തിന്റെ പ്രതീകം.
ഈ മെഡൽ ധരിച്ചിരുന്ന നമുക്കെല്ലാവർക്കും പരിചിതരായ രണ്ട് വിശുദ്ധരാണു വിശുദ്ധ മാക്സിമില്യാൻ കോൾബയും വിശുദ്ധ മദർ തേരേസായും. ഫാ: കോൾബ തന്റെ ജീവിതകാലത്ത് മാതാവിന്റെ അമലോത്ഭവ ഭക്തി പ്രചരിപ്പിക്കാൻ അമലോത്ഭവ മാതാവിന്റെ പടയാളികൾ (Knights of the Immaculata)എന്നൊരു ദൈവമാതൃഭക്ത സംഘടനയ്ക്കു രൂപം നൽകിയിരുന്നു. ആ സംഘടനയുടെ അധികാരമുദ്രയായിരുന്നു ഈ അത്ഭുത മെഡൽ, ഇതിലെ അംഗങ്ങൾ എല്ലാവരും ഈ മെഡൽ ധരിക്കണമെന്നു നിഷ്കർഷിച്ചിരുന്നു.
കോൾബേയുടെ അഭിപ്രായത്തിൽ തിന്മക്കെതിരെയുള്ള സിൽവർ ബുള്ളറ്റായിരുന്നു (silver bullet) ഈ മെഡൽ. കൽക്കത്തായിലെ മദർ തേരേസാ ഈ മെഡലിനെ ഉപവിയുടെ മെഡൽ (medal of charity)എന്നാണ് വിളിച്ചിരുന്നത്. ദൈവം എല്ലാ വ്യക്തികളെയും എല്ലാ നിമിഷവും സ്നേഹിക്കുന്നു എന്നതിന്റെ അടയാളമായണ് മദർ ഈ അത്ഭുത മെഡലിനെ കണ്ടിരുന്നത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യൻ ജെമൈക്കയുടെ ഉസൈൻ ബോൾട്ടിന്റെ ഓരോ സ്വർണ്ണ വേട്ടയും അത്ഭുത മെഡലൽ അണിഞ്ഞുകൊണ്ടായിരുന്നു.
പരിശുദ്ധ മറിയം വഴി യേശുവിലേക്കു അത്ഭുതകരമായി വളരാൻ ഈ മെഡൽ നമ്മെ സഹായിക്കട്ടെ.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟