Faith And Reason

'അത്ഭുത മെഡല്‍ മാതാവി'ന്റെ ഇറ്റാലിയന്‍ പര്യടനം പുനഃരാരംഭിച്ചു

പ്രവാചകശബ്ദം 06-10-2022 - Thursday

റോം: രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്രാന്‍സിസ് പാപ്പ ആശീര്‍വദിച്ചയച്ച ‘അത്ഭുത മെഡല്‍ മാതാവ്’ തിരുസ്വരൂപത്തിന്റെ ഇറ്റാലിയന്‍ പര്യടനം വീണ്ടും പുനഃരാരംഭിച്ചു. “മറിയത്തോടൊപ്പം മൂന്നു ദിവസം” എന്ന ദേശീയ തീര്‍ത്ഥാടനത്തിന്റെ ഭാഗമായിട്ടാണ് പര്യടനം പുനഃരാരംഭിച്ചത്. ഈ മാസം മുഴുവനും ഇറ്റലിയിലെ ഫ്ലോറന്‍സ്, എല്‍’അക്വില, കോമോ, കാസെര്‍ട്ടാ എന്നീ നഗരങ്ങളിലെ വിവിധ ഇടവകകളിലൂടെ ഈ രൂപം പര്യടനം നടത്തും. 2020 മുതല്‍ ഇറ്റലിയിലെ സ്കൂളുകള്‍, ആശുപത്രികള്‍ പോലെയുള്ള നിരവധി സ്ഥലങ്ങളില്‍ ഈ രൂപം എത്തിച്ചിരിന്നു.

ഈ അജപാലന വര്‍ഷത്തില്‍, ഒരു പൂര്‍ണ്ണ സൃഷ്ടിയായ മറിയത്തിലൂടെ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് കര്‍ത്താവ് തങ്ങള്‍ക്ക് വെളിപ്പെടുത്തിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പര്യടനമെന്നും കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷന്റെ സുപ്പീരിയറായ ഫാ. വലേരിയോ ട്രാപാനി പറഞ്ഞു. വിന്‍സെന്‍ഷ്യന്‍ മിഷ്ണറിമാരുടെ ഈ പദ്ധതിയെ സര്‍വ്വാത്മ സ്വാഗതം ചെയ്ത ഇടവകകളിലെല്ലാം മാതാവിന്റെ തിരുസ്വരൂപമെത്തുമെന്നും റോമിലെ ലിയോണിയന്‍ അപ്പസ്തോലിക് കോളേജിന്റെ സുപ്പീരിയര്‍ കൂടിയായ ഫാ. വലേരിയോ പറഞ്ഞു. യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള മതബോധന കൂടിക്കാഴ്ചകള്‍, പ്രാര്‍ത്ഥന, കൗദാശികമായ അനുരജ്ഞനം, രോഗീസന്ദര്‍ശനം, യുവജനങ്ങളുമായി കൂടുതല്‍ അടുപ്പം തുടങ്ങിയവയും ഈ പര്യടനം കൊണ്ട് ലക്ഷ്യമിടുന്നുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1830 നവംബര്‍ 27-ന് വിന്‍സെന്‍ഷ്യന്‍ സന്യാസിനിയായ വിശുദ്ധ കാതറിന്‍ ലബോറക്ക് പരിശുദ്ധ കന്യകാമാതാവ് പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് അത്ഭുത മെഡല്‍ ലോകമെമ്പാടും ശ്രദ്ധ നേടുന്നത്. അന്നു ദൈവമാതാവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ കുരിശു രൂപമുള്ള തിളക്കമുള്ള ഒരു ഭൂഗോളവും കയ്യില്‍ പിടിച്ച് ശുഭ്രവസ്ത്രധാരിയായിട്ടായിരുന്നു ദര്‍ശനം. മാതാവ് തന്റെ തിളക്കമുള്ള കൈവിരലുകള്‍ തുറന്നപ്പോള്‍ അവളുടെ വിരലുകളില്‍ നിന്നും തിളങുന്ന കിരണങ്ങള്‍ ഭൂമിയില്‍ പതിക്കുന്ന വിധത്തിലായിരിന്നു. “സംരക്ഷണത്തിന് വേണ്ടി എന്നെ വിളിച്ചപേക്ഷിക്കുന്ന മക്കളെ സഹായിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്” എന്നതടക്കം നിരവധി കാര്യങ്ങള്‍ ദൈവമാതാവ് സിസ്റ്റര്‍ കാതറിന്‍ ലബോറയോട് പറഞ്ഞിരിന്നു.

അമ്മയുടെ ശിരസ്സിന് മുകളില്‍ “ഓ ജന്മപാപമില്ലാതെ ജനിച്ച മറിയമേ, അങ്ങയെ ആശ്രയിക്കുന്ന ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ” എന്നെഴുതിയ ഒരു പ്രകാശ വലയം രൂപപ്പെടുകയും ചെയ്തു. നീ ഈ കാണുന്ന രീതിയിലുള്ള ഒരു പതക്കം (കാശുരൂപം) നിര്‍മ്മിക്കണമെന്നും അത് ധരിക്കുന്നവര്‍ക്കെല്ലാം തന്റെ സംരക്ഷണം ലഭിക്കുമെന്നും ദൈവമാതാവ് അരുളി ചെയ്തു. ഇതാണ് അത്ഭുത മെഡലായി ലോകമെമ്പാടും വണങ്ങപ്പെടുന്നത്. കല്‍ക്കത്തയിലെ വിശുദ്ധ മദര്‍ തെരേസ അടക്കം അനേകം വിശുദ്ധര്‍ തങ്ങളുടെ ജീവിതകാലയളവില്‍ ഏറെ പ്രാധാന്യം കൊടുത്ത കാശുരൂപമാണ് അത്ഭുത മെഡല്‍.

2016-ല്‍ റിയോയില്‍ നടന്ന ഒളിമ്പിക്സ് മത്സരങ്ങളില്‍ റെക്കോര്‍ഡ് കുറിച്ച ഉസൈന്‍ ബോള്‍ട്ട് 'പരിശുദ്ധ അമ്മയുടെ അത്ഭുതമെഡല്‍' അണിഞ്ഞ് മത്സരിച്ചതും വിജയത്തിന് ശേഷം മെഡല്‍ ചുംബിച്ചതും അന്നു ഏറെ മാധ്യമ ശ്രദ്ധ നേടിയിരിന്നു. ആ വാര്‍ത്ത വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-


Related Articles »