News - 2024

പ്രോലൈഫ് നിലപാടില്‍ അസ്വസ്ഥത: ക്രിസ്ത്യന്‍ പ്രോ ഫാമിലി സംഘടനയുടെ ബുക്കിംഗ് റദ്ദാക്കിയ വിര്‍ജീനിയന്‍ റെസ്റ്റോറന്റ് നടപടി വിവാദത്തില്‍

പ്രവാചകശബ്ദം 09-12-2022 - Friday

വിര്‍ജീനിയ: ജീവന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചുള്ള പ്രോലൈഫ് നിലപാട് കാരണം ക്രിസ്ത്യന്‍ പ്രോഫാമിലി സംഘടനയായ ദി ഫാമിലി ഫൗണ്ടേഷന്റെ അംഗങ്ങളുടെ ഒത്തുകൂടലിനുള്ള റിസര്‍വേഷന്‍ അമേരിക്കന്‍ സംസ്ഥാനമായ വിര്‍ജീനിയയിലെ പ്രാദേശിക റെസ്റ്റോറന്റ് റദ്ദാക്കിയ നടപടി വിവാദത്തില്‍. റിച്ച്മോണ്ടിലെ മെറ്റ്സ്ജര്‍ ബാര്‍ ആന്‍ഡ്‌ ബുച്ചറിയാണ് വിവാദത്തിലായിരിക്കുന്നത്. വിര്‍ജീനിയ സംസ്ഥാനത്തില്‍ ബൈബിള്‍, കുടുംബ സാന്മാര്‍ഗ്ഗിക മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ‘ദി ഫാമിലി ഫൗണ്ടേഷന്‍’ തങ്ങളുടെ അംഗങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി ഏര്‍പ്പെടുത്തിയിരിന്ന റിസര്‍വേഷനാണ് സംഘടനയുടെ പ്രോലൈഫ് നിലപാടിന്റെ പേരില്‍ റദ്ദാക്കിയത്.

ഒത്തുചേരലിന് വെറും ഒന്നര മണിക്കൂര്‍ മുന്‍പ് മാത്രമാണ് റിസര്‍വേഷന്‍ റദ്ദ് ചെയ്തുകൊണ്ടുള്ള അറിയിപ്പ് സംഘടനക്ക് ലഭിക്കുന്നത്. റിസര്‍വേഷന്‍ റദ്ദ് ചെയ്തതിന്റെ കാരണം വിവരിച്ചുകൊണ്ട് ഡിസംബര്‍ 1-ന് റെസ്റ്റോറന്റിന്റെ നടത്തിപ്പുകാര്‍ പങ്കുവെച്ച പ്രസ്താവനയില്‍ തങ്ങളുടെ ഭാഗത്തെ ന്യായീകരിക്കാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ട്. വിര്‍ജീനിയയിലെ സ്ത്രീകളുടേയും, എല്‍.ജി.ബി.ടി.ക്യു സമൂഹത്തിന്റേയും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്ന സംഘടനയുടെ ബുക്കിംഗ് റദ്ദാക്കിയെന്നാണ് റെസ്റ്റോറന്റിന്റെ പ്രസ്താവനയില്‍ പറയുന്നത്. ദി ഫാമിലി ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റ് വിക്ടോറിയ കോബ് റെസ്റ്റോറന്റിന്റെ നടപടിയെ ശക്തമായ ഭാഷയില്‍ അപലപിച്ചിട്ടുണ്ട്.

വിശ്വാസത്തിന്റെ പേരില്‍ ആരോടെങ്കിലും വിവേചനം കാണിക്കുന്നത് നിയമവിരുദ്ധമാണെന്നു കോബ് പറയുന്നു. ആരെങ്കിലും ഭക്ഷണം കഴിക്കുവാന്‍ വരുമ്പോള്‍ വാതില്‍ക്കല്‍ വെച്ച് രാഷ്ട്രീയമോ, മതപരമോ ആയ ആസിഡ് പരിശോധന നടത്തുന്ന റെസ്റ്റോറന്റുകള്‍ ഉള്ള ഒരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന്‍ ചിന്തിക്കുവാന്‍ ആരും ആഗ്രഹിക്കുന്നില്ലായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രോലൈഫ് നിലപാടിന്റെ പേരില്‍ ഇതാദ്യമായല്ല അമേരിക്കയില്‍ ക്രൈസ്തവര്‍ വിവേചനത്തിനിരയാകുന്നത്. ക്രിസ്തീയ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചുള്ള തങ്ങളുടെ ധാര്‍മ്മിക നിലപാടിന്റെ പേരില്‍ ജോലി സ്ഥലങ്ങളില്‍ പോലും ക്രൈസ്തവര്‍ക്ക് വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്.

More Archives >>

Page 1 of 807