News - 2024
നൈജീരിയയിലെ ക്രൈസ്തവര്‍ വര്‍ഷങ്ങളായി ജീവിക്കുന്നത് കടുത്ത സമ്മര്‍ദ്ധത്തിന് നടുവില്‍: സൊകോട്ടോ രൂപതാധ്യക്ഷന്റെ വെളിപ്പെടുത്തല്‍
പ്രവാചകശബ്ദം 07-12-2022 - Wednesday
സൊകോട്ടോ: നൈജീരിയയിലെ ക്രൈസ്തവര്‍ വര്‍ഷങ്ങളായി കടുത്ത സമ്മര്‍ദ്ധത്തിലാണ് ജീവിക്കുന്നതെന്ന് വടക്ക്-പടിഞ്ഞാറന്‍ നൈജീരിയയിലെ സൊകോട്ടോ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാത്യു ഹസന്‍ കുക്കാ. വടക്കന്‍ നൈജീരിയയിലെ കാനോ സംസ്ഥാനത്തില്‍ വിവിധ മതപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ഡിസംബര്‍ 1ന് സംഘടിപ്പിച്ച മതാന്തര സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മതതീവ്രവാദം കൂടിയ മേഖലകളില്‍ ക്രൈസ്തവര്‍ കടുത്ത ഭീതിയിലാണ് കഴിയുന്നതെന്ന് ബിഷപ്പ് കുക്ക പറഞ്ഞു. വടക്കന്‍ നൈജീരിയയിലെ ക്രൈസ്തവര്‍ തുടക്കം മുതലേ കടുത്ത സമ്മര്‍ദ്ധത്തിലാണ് ജീവിക്കുന്നതെന്നും അധികാരത്തിലിരിക്കുന്നവര്‍ക്കും, പദവികള്‍ ഉള്ളവര്‍ക്കും ഇരകളുടെ വികാരം എങ്ങനെയാണെന്ന് മനസ്സിലാക്കുവാന്‍ കഴിയുന്നില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യവസായം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടും ക്രിസ്ത്യാനികള്‍ക്ക് ഇത് തങ്ങളുടെ നാടാണ് എന്ന് തോന്നുന്നില്ല. അവരുടെ സ്വാതന്ത്ര്യം ബലികഴിക്കപ്പെട്ടിരിക്കുകയാണ്. നൈജീരിയയില്‍ പ്രത്യേകിച്ച് രാജ്യത്തിന്റെ വടക്ക് ഭാഗത്ത് ക്രൈസ്തവര്‍ ചിന്തിക്കുവാന്‍ പോലും കഴിയാത്ത തീരാത്ത ദുരിതങ്ങളാണ് നേരിടുന്നതെന്ന്‍ മെത്രാന്‍ ചൂണ്ടിക്കാട്ടി. ദേവാലയങ്ങള്‍ കാണാനുണ്ട്. പക്ഷേ അവ നമ്മുടെ നഗരത്തിന്റേയും പാരമ്പര്യത്തിന്റേയും ഭാഗമാണെന്ന് അംഗീകരിക്കപ്പെടുന്നില്ലായെന്നു ബിഷപ്പ് പറഞ്ഞു.
ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കുന്നത് എങ്ങനെ സഹിക്കുവാന്‍ കഴിയും? വിശ്വാസത്തിന്റെ പേരില്‍ ഒരാള്‍ക്ക് എങ്ങനെ മറ്റൊരാളുടെ ജീവനെടുക്കുവാന്‍ കഴിയും? എന്നിട്ടും ഒന്നും സംഭവിക്കാത്തതെന്തേ? ഹോട്ടലുകളും, സിനിമാ തിയേറ്ററുകള്‍ക്കും ഇല്ലാത്ത പ്രശ്നം ദേവാലയങ്ങളുടെ കാര്യത്തില്‍ മാത്രം എന്തുക്കൊണ്ട്?” ബിഷപ്പ് ചോദ്യമുയര്‍ത്തി. ക്രൈസ്തവര്‍ക്ക് അവരുടെ നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്നും ബിഷപ്പ് പറഞ്ഞു. നൈജീരിയയില്‍ എല്ലാ വിശ്വാസങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും, ബിഷപ്പ് പറഞ്ഞു. മാനവ സമഗ്ര വികസനത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി അംഗമായിരുന്നിട്ടുള്ള ബിഷപ്പ് കുക്കാ നിരവധി തവണ നൈജീരിയയിലെ ക്രൈസ്തവര്‍ നേരിടുന്ന അതികഠിനമായ പീഡനങ്ങളെ വിവരിച്ചുക്കൊണ്ട് രംഗത്തുവന്നിട്ടുണ്ട്.