Youth Zone

ആയുധപെട്ടിയെ ജീവന്റെ കലയാക്കി മുറിവേറ്റവര്‍ക്ക് സാന്ത്വനമേകുന്ന യുക്രൈന്‍ ദമ്പതികള്‍ ശ്രദ്ധ നേടുന്നു

പ്രവാചകശബ്ദം 13-12-2022 - Tuesday

ലണ്ടന്‍: ബ്രിട്ടനിലെ യുക്രൈന്‍ കത്തോലിക്ക കത്തീഡ്രലില്‍ സമീപകാലത്ത് സന്ദര്‍ശനം നടത്തിയ ഇംഗ്ലണ്ടിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന് യുക്രൈനിലെ ദമ്പതികള്‍ സമ്മാനിച്ചത് വളരെയേറെ പ്രത്യേകതയുള്ള ഒരു സമ്മാനം. മരംകൊണ്ടുള്ള ആയുധപെട്ടിയുടെ പലകയില്‍ പെയിന്റ് ചെയ്ത കരുണയുടെ രാജ്ഞിയുടെ ചിത്രമാണ് ചാള്‍സ് മൂന്നാമന് സമ്മാനമായി നല്‍കിയത്. ലണ്ടനിലെ ഹോളി ഫാമിലി രൂപതാധ്യക്ഷന്‍ ബിഷപ്പ് കെന്നെത്ത് നോവാകോവ്സ്കിയാണ് പെയിന്റിംഗ് സമ്മാനിച്ചത്. സമീപകാലത്ത് ചാള്‍സ് മൂന്നാമന്‍ ലണ്ടനില്‍ യുക്രൈന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി അഭയാര്‍ത്ഥി കേന്ദ്രം തുറന്നിരിന്നു. ഇതിന്റെ നന്ദിസൂചകമായിട്ടാണ് ഈ സമ്മാനം.

“ഒരു പെയിന്റിംഗ് വാങ്ങൂ – ഒരു ജീവന്‍ രക്ഷിക്കൂ” എന്നറിയപ്പെടുന്ന ‘ഐക്കണ്‍സ് ഓണ്‍ അമ്മോ ബോക്സസ്’ എന്ന പദ്ധതിയുടെ സ്ഥാപകരും കലാകാരന്മാരുമായ ക്ലിമെന്‍കോ, സോഫിയ അറ്റ്‌ലാന്റോവാ ദമ്പതികള്‍ പെയിന്റ് ചെയ്തതാണ് ഈ ചിത്രം. ഇത് തങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു ബഹുമതിയാണെന്നും, ഇതുവഴി രാജാവ് യുക്രൈനെ കുറിച്ച് കൂടുതല്‍ ചിന്തിക്കുമെന്നും, ഇത് പെയിന്റിംഗിനും അപ്പുറം രാജ്യത്തിന്റെ കഥകൂടിയാണെന്നും അറ്റ്ലാന്റോവ പറഞ്ഞു. 2000 ഡോളര്‍ മുതല്‍ 4500 ഡോളര്‍ വരെയാണ് ഓരോ പെയിന്റിംഗിന്റേയും വില. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം യുദ്ധത്തില്‍ മുറിവേറ്റ പട്ടാളക്കാരെയും സാധാരണക്കാരെയും ചികിത്സിക്കുന്ന ‘പിരോഗോവ് ഫസ്റ്റ് വോളണ്ടീയര്‍ മൊബൈല്‍ ഹോസ്പിറ്റല്‍’ എന്ന ഫീല്‍ഡ് ആശുപത്രിയെ സഹായിക്കുവാനാണ് വിനിയോഗിക്കുന്നത്.

ഇത്തരത്തിലുള്ള പെയിന്റിംഗ് സമ്മാനമായി ലഭിച്ച ആദ്യത്തെ വ്യക്തിയല്ല ചാള്‍സ് മൂന്നാമന്‍. റഷ്യയുടെ പൂര്‍ണ്ണ തോതിലുള്ള അധിനിവേശത്തിന് മുന്‍പ് യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ ഫിലാഡെല്‍ഫിയ മെത്രാപ്പോലീത്ത ബോറിസ് ഗുഡ്സിയാക്കും നാല് മെത്രാന്മാരും ചേര്‍ന്ന് ഫ്രാന്‍സിസ് പാപ്പക്ക് ഇത്തരത്തില്‍ തയ്യാറാക്കിയ വിശുദ്ധ പത്രോസിന്റെ പെയിന്റിംഗ് സമ്മാനിച്ചിരിന്നു. വിശുദ്ധ പത്രോസിന്റെ നൂറുകണക്കിന് പെയിന്റിംഗ് ഫ്രാന്‍സിസ് പാപ്പക്ക് ലഭിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു പെയിന്റിംഗ് ആദ്യമായിട്ടായിരുന്നു ലഭിക്കുന്നത്.

2014 മുതലാണ്‌ താനും ക്ലിമെന്‍കോയും ഈ പെയിന്റിംഗ് പദ്ധതി ആരംഭിച്ചതെന്നു അറ്റ്ലാന്റോവ പറയുന്നു. ഒരു മിലിട്ടറി യൂണിറ്റ് സന്ദര്‍ശിക്കുന്നതിനിടയിലാണ് എകെ -47 വെടിയുണ്ടകള്‍ പാക്ക് ചെയ്ത് വരുന്ന പെട്ടികള്‍ പെയിന്റിംഗിന് പറ്റിയതാണെന്ന കാര്യം ക്ലിമെന്‍കോയുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതുവരെ തങ്ങള്‍ എത്ര പെയിന്റിംഗ് ചെയ്തുവെന്നതിനെ കുറിച്ച് ഈ ദമ്പതികള്‍ക്ക് യാതൊരു കണക്കുമില്ല. ക്രിസ്തുവും, സുവിശേഷകരും, വിശുദ്ധ യോഹന്നാനും, വിശുദ്ധ നിക്കോളാസും, വിശുദ്ധ മിഖായേല്‍ മാലാഖയും, പരിശുദ്ധ കന്യകാമറിയവും ഇവരുടെ തൂലികക്ക് വിഷയമായിട്ടുണ്ട്. തങ്ങളുടെ ജോലിക്ക് വേണ്ട സാമഗ്രികള്‍ക്ക് യാതൊരു ക്ഷാമവുമില്ലായെന്നാണ് അറ്റ്ലാന്റോവ പറയുന്നത്. പിരോഗോവ് ഫീല്‍ഡ് ആശുപത്രിയുടെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സാണ് ഈ പെയിന്റിംഗ് പദ്ധതി.