News - 2024

ദൈവത്തെ തിരഞ്ഞു കണ്ടുപിടിക്കുക എന്നത് ആധുനിക ജനതയുടെ ഏറ്റവും വലിയ വെല്ലുവിളി: പോപ്പ് എമേരിറ്റസ് ബെനഡിക്ട് പതിനാറാമൻ

അഗസ്റ്റസ് സേവ്യർ 30-08-2015 - Sunday

ദൈവത്തെ തിരഞ്ഞു കണ്ടു പിടിക്കുക എന്ന വെല്ലുവിളിയാണ് ആധുനീക കാലഘട്ടത്തിലെ മനുഷ്യനെ അഭിമുഖീകരിക്കുന്ന. ഏറ്റവും ദുർഘടമായ പ്രശ്നം. ആ പ്രശ്നം പരിഹരിക്കുന്നതോടെ മറ്റെല്ലാ പ്രശ്നങ്ങളും ഇല്ലാതാകുകയാണ്. എമേരിറ്റസ് പോപ്പ് ബെനഡിക്ട് XVI-ന്റെ പൂർവ്വ വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ ഈ ചിന്തകൾ പങ്കുവെയ്ക്കാൻ അവസരമൊരുക്കുകയാണ്.

സെപ്റ്റംബർ 28 മുതൽ 30 വരെ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന റാറ്റ്സിംഗർ പൂർവ്വ വിദ്യാർത്ഥി സമ്മേളനം, അവരുടെ മുൻ പ്രൊഫസർ മുന്നോട്ടുവെച്ച ചില ചിന്തകൾ പഠിക്കുവാനും പ്രചരിപ്പിക്കുവാനും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്.

എമേരിറ്റസ് പോപ്പിന്റെ പൂർവ്വ വിദ്യാർത്ഥിയായ Fr.സ്റ്റീഫൻ ഹോൺ പറയുന്നു. "അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മനുഷ്യപുരോഗതി തന്നെ ഒരു തത്ത്വശാസ്തമായിരുന്നു. ദൈവാന്വേഷണം ആ തത്ത്വശാസ്ത്രത്തിലെ അവിഭാജ്യ ഘടകവും."

നാൽപ്പതോളം പേരടങ്ങുന്ന റാറ്റ്സിംഗർ പൂർവ്വ വിദ്യാർത്ഥി സംഘം ഒരു തിയോളജിക്കൽ കുടുംബമായാണ് പ്രവർത്തിക്കുന്നത്. 2008-ൽ ചെറുപ്പക്കാരായ തിയോളജിയൻസിനെ ഉൾപ്പെടുത്തി ഒരു ഉപ ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. രണ്ടു ഗ്രൂപ്പുകളും ലക്ഷ്യമിടുന്നത് എമേരിറ്റസ് പോപ്പ് ബെനഡിക്ട് XVI-ന്റെ ചിന്തകളുടെ ആഴത്തിലുള്ള പഠനമാണ്.

2013-ൽ പോപ്പ് ബെനഡിക്ട് XVI വിരമിച്ചതിനുശേഷം അദ്ദേഹം ഈ യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ല.

പക്ഷേ, അദ്ദേഹം ഈ പൂർവ്വ വിദ്യാർത്ഥികളുടെ പ്രവർത്തനം അടുത്തു വീക്ഷിച്ചുകൊണ്ടിരുന്നു. അവർ മുന്നോട്ടു വെയ്ക്കുന്ന മൂന്നു വിഷയങ്ങളിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുത്തു നൽകിയിരുന്നത് അദ്ദേഹമാണ്. 'കുരിശിന്റെ തത്ത്വശാസ്ത്രം' എന്ന വിഷയമാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി അവർ ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയം.അതോടൊപ്പം തന്നെ 'ക്രൈസ്തവ മൂല്യങ്ങളും മതനിരപേക്ഷതയും' എന്ന വിഷയവും ചർച്ചകളിൽ പ്രാധാന്യം നേടുന്നു.

Fr. ഹോൺ പറയുന്നു, ''ലോക രക്ഷയ്ക്കായുള്ള ഇന്നത്തെ ആവശ്യം ദൈവവചനമാണ് എന്ന് അദ്ദേഹം കരുതുന്നു. ദൈവവചനം എല്ലാവരിലും എത്തിക്കാനായി തിരുസഭ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്."

രണ്ടാം വത്തിക്കാൻ കൗൺസിൽ മുതൽ ഈ ആശയം ബെനഡിക്ട് XVI-ന്റെ മനസ്സിലുണ്ടായിരുന്നു എന്ന് Fr. ഹോൺ സാക്ഷ്യപ്പെടുത്തുന്നു.

1977-ൽ അദ്ദേഹം, 'അധുനീക മനുഷ്യന്റെ ജീവിതത്തിൽ വിശുദ്ധ കുർബാനയുടെ പ്രാധാന്യ'ത്തെ പറ്റി നീണ്ട പഠനങ്ങൾ നടത്തിയിരുന്നു. പുരോഹിതന്മാരുടെയും ദൈവ ജനങ്ങളുടെയും വിദ്യാഭ്യാസം- ദൈവശാസ്ത്രത്തിൽ അടിത്തറയിട്ടുള്ള വിദ്യാഭ്യാസം- പരമപ്രധാനമെന്ന് അദ്ദേഹം കരുതിയിരുന്നു.

Fr. സ്റ്റീഫൻ ഹോൺ പറഞ്ഞവസാനിപ്പിക്കുന്നു, "സത്യത്തിലേക്കുള്ള വഴി ബുദ്ധിയിലൂടെയല്ല, ഹൃദയത്തിലൂടെയാണ് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അതൊരു ജീവിതവൃത്തിയാണ് . അതുകൊണ്ട് നമ്മൾ കൃസ്തുവിന്റെ വഴിയെ നടക്കുന്നവരോട് സംസാരിക്കുകയും അവരുടെ വിശ്വാസവും ദൈവീകജ്ഞാനവും വളർത്തുവാൻ യത്നിക്കുകയും വേണം എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തുന്നു."