Life In Christ - 2025
ക്രിസ്തുമസ് ദിനത്തില്‍ യഹൂദ സമൂഹവുമായി ചേര്‍ന്ന് 40,000 പാവപ്പെട്ടവര്‍ക്ക് ആഹാരമൊരുക്കി മെക്സിക്കന്‍ അതിരൂപത
പ്രവാചകശബ്ദം 27-12-2022 - Tuesday
ഗ്വാഡലാജാര: മെക്സിക്കോയിലെ ഗ്വാഡലാജാര അതിരൂപത യഹൂദ സമൂഹവുമായി കൈകോര്‍ത്തുകൊണ്ട് ക്രിസ്തുമസ് ദിനത്തില്‍ പാവപ്പെട്ടവര്‍ക്കായി 40,000 ക്രിസ്തുമസ് അത്താഴം വിതരണം ചെയ്തു. “10,000 ക്രിസ്തുമസ് ഇന്‍ വണ്‍” എന്ന ഈ സംരംഭത്തിന്റെ തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഇത് സംഘടിപ്പിച്ചത്. അതിരൂപതയിലെ നാല്‍പ്പതോളം ഇടവകകളില്‍ നിന്നും ഭക്ഷണം ശേഖരിച്ചായിരിന്നു വിതരണം. ഗ്വാഡലാജാര മെട്രോപ്പോളിറ്റന്‍ പ്രദേശത്തെ ഏറ്റവും പാവപ്പെട്ടവര്‍ക്ക് അന്തിയുറങ്ങുവാനുള്ള ഒരു അഭയകേന്ദ്രവും ഇവര്‍ തയ്യാറാക്കിയിരിന്നു. ജീവിതം ദുഷ്കരവും, ദുരിതവുമായവര്‍ക്ക് പ്രത്യാശ നല്‍കുന്നതിന് വേണ്ടിയാണ് ഈ സംരംഭമെന്നു ഗ്വാഡലാജാര അതിരൂപതയുടെ സെക്രട്ടറി ചാന്‍സിലറായ ഫാ. ജാവിയര്‍ മഗ്ദാലെനോ കുയേവ പറഞ്ഞു. വര്‍ഷം ചെല്ലുംതോറും ഈ ഉപവി പ്രവര്‍ത്തനത്തിന്റെ ഗുണഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘10,000 ക്രിസ്തുമസ് ഇന്‍ വണ്‍’ സംരംഭം തുടങ്ങിയ ആദ്യ വര്‍ഷം 10,000 പേര്‍ക്ക് ഭക്ഷണം നല്‍കുവനായിരുന്നു പദ്ധതി തയാറാക്കിയിരുന്നതെങ്കിലും 13,000-ത്തോളം പേര്‍ക്ക് നല്‍കുകയുണ്ടായി. 2021-ല്‍ 20,000 ഗുണഭോക്താക്കളെയാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും 30,000 പേര്‍ക്ക് ഭക്ഷണം ഒരുക്കി. ഇത് ഭക്ഷണം കൊടുക്കല്‍ മാത്രമല്ല മറിച്ച് സമാധാനത്തിന്റേയും, ഐക്യത്തിന്റേയും, പരസ്പര സഹായത്തിന്റേയും അടയാളം കൂടിയാണെന്നും ഫാ. മഗ്ദാലെനോ ചൂണ്ടിക്കാട്ടി. ചോളപ്പൊടി കൊണ്ട് ഉണ്ടാക്കുന്ന പരമ്പരാഗത മെക്സിക്കന്‍ ഭക്ഷണമായ ടമാലയും, വിവിധതരം മധുരപദാര്‍ത്ഥങ്ങളുമാണ് ഇക്കൊല്ലത്തെ ക്രിസ്തുമസ് ഡിന്നറില്‍ ഉള്‍പ്പെടുത്തിയത്.
എപ്പോഴും മറ്റുള്ളവരോട് കരുണകാണിക്കുന്ന സഭയുടെ മറ്റൊരു കാരുണ്യ പ്രവര്‍ത്തനമാണ് ഈ സംരംഭമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ ഗ്വാഡലാജാര അതിരൂപതാ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ജോസ് ഫ്രാന്‍സിസ്കോ റോബ്ലസ് ഒര്‍ട്ടേഗ പറഞ്ഞു. നമ്മള്‍ എല്ലാവരും ദൈവകരുണയുടെ സ്വീകര്‍ത്താക്കള്‍ ആണെന്ന് ഓര്‍മ്മിപ്പിച്ച മെത്രാപ്പോലീത്ത, സംരംഭം യഹൂദ സമൂഹവുമായുള്ള കൂട്ടായ്മയുടെ ഒരു അനുഭവമായി മാറുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. 2000 പേര്‍ക്കുള്ള ഭക്ഷണം ക്രിസ്തുമസ് ദിനത്തില്‍ വൈകിട്ട് 6 മണിക്ക് ഗ്വാഡലാജാര മെട്രോപ്പൊളിറ്റന്‍ കത്തീഡ്രലില്‍വെച്ചാണ് വിതരണം ചെയ്തത്.