News
പ്രിയപ്പെട്ട പാപ്പയെ ഒരു നോക്കു കാണാന്‍ ആയിരങ്ങള്‍; സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ജനപ്രവാഹം തുടരുന്നു
പ്രവാചകശബ്ദം 02-01-2023 - Monday
വത്തിക്കാന്‍ സിറ്റി: ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ഭൗതീക ശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് മാറ്റിയതോടെ പാപ്പയെ ഒരു നോക്കു കാണാന്‍ വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം തുടരുന്നു. രാവിലെ 7:15 ന് പോപ്പ് എമിരിറ്റസ് തന്റെ അവസാനകാലം ചെലവിട്ട മാത്തര്‍ എക്ലേസിയ ആശ്രമത്തില്‍ നിന്ന് ഭൗതിക ശരീരം ബസിലിക്കയിലേക്ക് കൊണ്ടുവന്നു. സഭയുടെ ആദ്യ മാർപാപ്പയായ വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിന് മുകളിലുള്ള സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാന അൾത്താരയ്ക്ക് മുന്നിൽ പ്രത്യേകം തയാറാക്കിയ പീഠത്തില്‍ മൃതശരീരംവെച്ചതോടെ പ്രാര്‍ത്ഥനകള്‍ക്ക് ആരംഭമായി.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ആർച്ച്‌പ്രീസ്റ്റ് കർദ്ദിനാൾ മൗറോ ഗാംബെറ്റിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരിന്നു പ്രാര്‍ത്ഥന. ചുവപ്പും സ്വർണ്ണ നിറവും ഇഴുകി ചേര്‍ന്ന വസ്ത്രമായിരിന്നു പാപ്പയെ ധരിപ്പിച്ചിരിന്നത്. കൂപ്പിയ കരങ്ങളില്‍ ജപമാല ഉണ്ടായിരുന്നു. തന്റെ പേപ്പല്‍ ഭരണകാലത്ത് അദ്ദേഹം ധരിച്ചിരുന്ന ചുവന്ന ഷൂസിന് പകരം കറുത്ത ഷൂസാണ് ധരിപ്പിച്ചിരുന്നത്. അതേസമയം ബെനഡിക്ട് പതിനാറാമനോട് പ്രാർത്ഥിക്കാനും ആദരാഞ്ജലികൾ അർപ്പിക്കാനും ആയിരക്കണക്കിന് ആളുകൾ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ മുന്നില്‍ നിരയായി നിലകൊണ്ടിരിന്നു.
പൊതുദര്‍ശനത്തിന് ബസിലിക്കയിലേക്ക് വിശ്വാസികളെ പ്രവേശിപ്പിക്കാന്‍ ആരംഭിച്ച സമയം മുതല്‍ ഇപ്പോഴും നിലയ്ക്കാത്ത നിര തുടരുകയാണ്. പൊതുദര്‍ശനം വരും ദിവസങ്ങളില്‍ ഉണ്ടെങ്കിലും ആദ്യ ദിനത്തില്‍ തന്നെ ആയിരങ്ങളാണ് പാപ്പയെ ഒരു നോക്കുകാണാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇന്നു വത്തിക്കാന്‍ സമയം വൈകീട്ട് എഴുമണിവരെ (ഇന്ത്യന്‍ സമയം രാത്രി 11.30) പൊതുദര്‍ശനത്തിന് അവസരമുണ്ടാകും. നാളെയും മറ്റന്നാളും രാവിലെ 7 മണി മുതല്‍ പൊതുദര്‍ശനം ആരംഭിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്.