India - 2025

കത്തോലിക്ക ദേവാലയത്തിനു നേരെയുള്ള അക്രമം ആശങ്കാജനകം: സീറോ മലബാർ സഭ

പ്രവാചകശബ്ദം 03-01-2023 - Tuesday

കാക്കനാട്: ഛത്തീസ്‌ഗഡിലെ ജഗദൽപുർ സീറോമലബാർ രൂപതയുടെ നാരായൺപുർ സേക്രഡ് ഹാർട്ട് ദേവാലയം അടിച്ചുതകർത്തതിനെയും ക്രിസ്തുവിന്റെ ക്രൂശിതരൂപവും ഗ്രോട്ടോയിലെ മാതാവിന്റെ തിരുസ്വരൂപവും നശിപ്പിക്കുകയും ചെയ്തതിൽ സീറോമലബാർ സഭ ആശങ്ക പ്രകടിപ്പിച്ചു. 1973 മുതൽ നാരായൺപൂരിൽ വിദ്യാഭ്യാസസ്ഥാപനവും പാവപ്പെട്ട കുട്ടികൾക്ക് താമസിച്ചു പഠിക്കാനുള്ള ഹോസ്റ്റലും ആരോഗ്യപരിപാലനകേന്ദ്രവും നടത്തിവരുന്ന കത്തോലിക്കാ മിഷനറിമാർക്കുനേരെയാണ് നീതികരിക്കാനാവാത്ത അക്രമസംഭവങ്ങൾ അരങ്ങേറിയതെന്നു മീഡിയ കമ്മീഷൻ ചൂണ്ടിക്കാട്ടി.

ആയിരത്തോളം വരുന്ന സായുധധാരികളായ അക്രമിസംഘമാണ് പ്രകടനത്തിന്റെ ഭാഗമായി സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന മിഷനറിമാർക്കും ദേവാലയത്തിനും എതിരായി അത്യന്തം അപലപനീയമായ അക്രമം നടത്തിയത്. ഏതാനും ആഴ്ചകളായി നാരായൺപൂരിലും സമീപപ്രദേശങ്ങളിലും ക്രൈസ്തവർക്കുനേരെ നടക്കുന്ന സംഘടിതമായ അക്രമങ്ങളുടെ തുടർച്ചയാണിതെന്ന് മനസ്സിലാക്കുന്നു. അക്രമം തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രകടനക്കാർ മർദിക്കുകയും സേക്രഡ് ഹാർട്ട് പള്ളിക്ക് പുറമേ പള്ളിമേട, മാതാവിന്റെ ഗ്രോട്ടോ എന്നിവയ്ക്കുനേരെയുമാണ് അക്രമമഴിച്ചുവിട്ടത്.

വൈദികർക്കും കന്യാസ്ത്രീകൾക്കും കത്തോലിക്കാവിശ്വാസികൾക്കും സഭാസ്ഥാപനങ്ങൾക്കും നേരെ നടക്കുന്ന ഇത്തരം അക്രമസംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനും ആരാധനാസ്വാതന്ത്ര്യം ഹനിക്കപ്പെടാതിരിക്കാനും ഛത്തീസ്‌ഗഡ്‌ സർക്കാരും നിയമപാലകരും സത്വര നടപടികൾ സ്വീകരിക്കണമെന്നും ഈ ദൈവാലയത്തിനും വിശ്വാസികൾക്കും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെടുന്നു. ഈ അക്രമസംഭവത്തിൽ വേദനിക്കുന്ന സഹോദരങ്ങളോട് അനുഭാവം പ്രകടിപ്പിക്കുകയും സമാധാനാന്തരീക്ഷം നിലനിർത്തണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നുവെന്നു മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി വടക്കേകര വി. സി പ്രസ്താവിച്ചു.


Related Articles »