News

ബ്രിട്ടനിലെ മുൻ ആംഗ്ലിക്കൻ മെത്രാൻ റിച്ചാർഡ് പെയിനും കത്തോലിക്ക സഭയിലേക്ക്

പ്രവാചകശബ്ദം 15-06-2023 - Thursday

ലണ്ടന്‍: ഇംഗ്ലണ്ടിലെ വെയിൽസിലെ മോൺമൗത്ത് ആംഗ്ലിക്കൻ രൂപതയുടെ മെത്രാനായിരുന്ന റിച്ചാർഡ് പെയിൻ കത്തോലിക്കാ സഭയിലേക്ക്. ആംഗ്ലിക്കൻ സഭയിലെ അംഗങ്ങൾക്ക് കത്തോലിക്ക സഭയിലെ കടന്നുവരുന്നത് എളുപ്പമാക്കാൻ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാപിച്ച പേഴ്സണൽ ഓർഡിനറിയേറ്റ് ഓഫ് ഔർ ലേഡി ഓഫ് വാൽസിംഗം വഴിയായിരിക്കും അദ്ദേഹം കത്തോലിക്ക സഭയുടെ ഭാഗമാകുക. അടുത്തമാസം ജൂലൈ രണ്ടാം തീയതി സെന്റ് ബേസിൽ ആൻഡ് ഗ്ലാഡിസ് ദേവാലയത്തിൽ ചടങ്ങുകൾ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇത് ആദ്യമായിട്ടാണ് വെയിൽസിലെ ഒരു ആംഗ്ലിക്കൻ മെത്രാൻ ഓർഡിനറിയേറ്റിലൂടെ കത്തോലിക്ക സഭയിലേക്ക് കടന്നുവരുന്നത്. പ്രാർത്ഥനകൾക്ക് ശേഷം കത്തോലിക്ക കൂട്ടായ്മയിലേക്ക് കടന്നുവരട്ടെയെന്ന് ബിഷപ്പ് റിച്ചാർഡ് പെയിൻ ചോദിച്ചതിൽ തങ്ങൾക്കു ഏറെ സന്തോഷമുണ്ടെന്നു ഓർഡിനറിയേറ്റിന്റെ ചുമതല വഹിക്കുന്ന മോൺ. കീത്ത് ന്യൂട്ടൻ പറഞ്ഞു. വെയിൽസിലെ വിശ്വാസികൾക്ക് യേശുക്രിസ്തുവിന്റെ സുവിശേഷം പകർന്നു നൽകാൻ തന്റെ നിരവധി കഴിവുകൾ അദ്ദേഹം ഉപയോഗിക്കുമെന്നും ന്യൂട്ടൻ പ്രത്യാശ പ്രകടിപ്പിച്ചു.

അനുസരണത്തെയും, ക്രിസ്തുവിന്റെ വിളി സംബന്ധിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ പ്രബോധനങ്ങളും വ്യക്തിപരമായ പരിശീലനത്തിലേക്കും ഒടുവിൽ കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നതിലേക്കും നയിച്ചുവെന്ന് റിച്ചാർഡ് പെയിൻ പറഞ്ഞു. ആംഗ്ലിക്കൻ വിശ്വാസി എന്ന നിലയിൽ ജീവിതകാലം മുഴുവൻ ലഭിച്ച അനുഭവങ്ങൾക്ക് കൃതജ്ഞതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കത്തോലിക്ക സഭയിലേക്കുള്ള വിളി സ്വാഭാവികവും ആത്മീയവുമായിരുന്നു. ഓർഡിനറിയേറ്റ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ദീർഘവീക്ഷണം വഴി ഒരു തീർത്ഥാടകന്റെ വഴിയിൽ നടക്കാൻ വേണ്ടിയുള്ള മികച്ച ഒരു പാതയാണെന്നും മുൻ ആംഗ്ലിക്കൻ മെത്രാൻ പറഞ്ഞു.

1956 ലണ്ടനിൽ ജനിച്ച അദ്ദേഹം 1986 ലാണ് ആംഗ്ലിക്കൻ സഭയ്ക്ക് വേണ്ടി പൗരോഹിത്യം സ്വീകരിക്കുന്നത്. 2013ൽ മോൺമൗത്ത് രൂപതയുടെ മെത്രാനായി നിയമിതനായതിനു ശേഷം ആറ് വര്‍ഷക്കാലം സേവനം ചെയ്തു. 2019 ലാണ് അദ്ദേഹം വിരമിക്കുന്നത്. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഓർഡിനറിയേറ്റ് ആരംഭിച്ചതിനുശേഷം കുറഞ്ഞത് 15 മുൻ ആംഗ്ലിക്കൻ മെത്രാന്മാരെങ്കിലും കത്തോലിക്കാ സഭയിലേക്ക് കടന്നുവന്നിട്ടുണ്ട്. 2021ൽ മാത്രം നാല് മെത്രാന്മാരാണ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത്. ഇതിൽ കാന്റർബറി ആർച്ച് ബിഷപ്പ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട മൈക്കിൾ നാസർ അലിയും ഉൾപ്പെടുന്നു.

Tag:Anglican bishop from Wales will convert to Catholicism to serve as priest, Rev. Richard Pain, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »