Faith And Reason
മുൻ ആംഗ്ലിക്കൻ മെത്രാൻ നസീര്‍ അലി കത്തോലിക്ക പൗരോഹിത്യം സ്വീകരിച്ചു
പ്രവാചകശബ്ദം 01-11-2021 - Monday
ലണ്ടന്‍: കത്തോലിക്ക സഭയില്‍ ചേരുകയാണെന്ന പ്രഖ്യാപനം നേരത്തെ നടത്തിയ ഇംഗ്ലണ്ട് ആസ്ഥാനമായ ആംഗ്ലിക്കന്‍ സഭയിലെ മുന്‍ മെത്രാനായിരുന്ന ലോര്‍ഡ് മൈക്കേല്‍ നസീര്‍ അലി കത്തോലിക്ക പൗരോഹിത്യം സ്വീകരിച്ചു. ഇക്കഴിഞ്ഞ ഒക്ടോബർ മുപ്പതാം തീയതി ശനിയാഴ്ച ലണ്ടനിലെ ചർച്ച് ഓഫ് ഔർ ലേഡി ഓഫ് ദി അസംപ്ഷൻ ആൻഡ് സെന്റ് ഗ്രിഗറി ദേവാലയത്തിൽവെച്ച് നടന്ന ചടങ്ങിലാണ് റോച്ചസ്റ്റർ രൂപതയുടെ മുൻ മെത്രാനായിരുന്ന മൈക്കേല്‍ നസീര്‍ അലിക്ക് തിരുപ്പട്ടം സ്വീകരിച്ച് നവാഭിഷിക്തനായത്. വെസ്റ്റ് മിന്‍സ്റ്റർ ആർച്ച് ബിഷപ്പായ കർദ്ദിനാൾ വിൻസന്റ് നികോൾസ് തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ഒക്ടോബർ 28നു അദ്ദേഹം സൗത്ത് വാക്ക് രൂപതയുടെ മുൻ ആർച്ച് ബിഷപ്പ് കെവിൻ മക്ഡൊണാൾഡിൽ നിന്ന് ഡീക്കൻ പട്ടം സ്വീകരിച്ചിരുന്നു. പില്‍ക്കാലത്ത് ആംഗ്ലിക്കന്‍ സഭയുടെ ശിരാകേന്ദ്രമായ കാന്റർബറി ആർച്ച് ബിഷപ്പായി നിയമിതനാകാൻ സാധ്യത കല്പിക്കപ്പെട്ടിരുന്ന 72 വയസ്സുകാരനായ നാസിർ അലി, ആംഗ്ലിക്കൻ സഭാ വിശ്വാസികൾക്ക് കത്തോലിക്കാ സഭയിലേക്ക് കടന്നുവരാൻ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാപിച്ച പേഴ്സണൽ ഓർഡിനറിയേറ്റ് വഴിയാണ് കത്തോലിക്കാ സഭയിലേക്ക് കടന്നുവരുന്നത്. പേഴ്സണൽ ഓർഡിനറിയേറ്റ് ഓഫ് ഔർ ലേഡി ഓഫ് വാൽസിംഗത്തിന്റെ നേതൃത്വ ചുമതലയുള്ള മോൺസിഞ്ഞോർ കീത്ത് ന്യൂട്ടണും, ബെർമിങ്ഹാം ആർച്ച് ബിഷപ്പ് ബർണാർഡ് ലോങ്ലിയും, മൂന്ന് ആംഗ്ലിക്കൻ മെത്രാന്മാരും പൗരോഹിത്യ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
1949ൽ പാക്കിസ്ഥാനിലെ കറാച്ചിയിൽ ജനിച്ച നസീര്‍ അലി കത്തോലിക്ക സ്കൂളുകളിലാണ് വിദ്യാഭ്യാസം നടത്തിയത്. അദ്ദേഹത്തിന്റെ പിതാവ് ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വ്യക്തിയായിരുന്നു. 1976ൽ അലി ആംഗ്ലിക്കൻ സഭയിൽ പൗരോഹിത്യം സ്വീകരിക്കുകയും, ഏതാനും നാളുകൾക്കുള്ളിൽ പടിഞ്ഞാറൻ പഞ്ചാബിലെ റേയ്വിന്ത് രൂപതയുടെ ആദ്യത്തെ മെത്രാനായി നിയമിക്കപ്പെടുകയും ചെയ്തു. 1994ലാണ് റോച്ചസ്റ്റർ രൂപതയെ നയിക്കാനുള്ള നിയോഗം അദ്ദേഹത്തിന് ലഭിക്കുന്നത്. രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ മൈക്കേല്‍ നസീര്‍ അലി ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡ്സിൽ 1999 മുതൽ രണ്ട് വർഷം അംഗമായിരുന്നു.
കത്തോലിക്കാ സഭയും, ആംഗ്ലിക്കൻ സഭയുമായി നടത്തിവന്നിരുന്ന മതാന്തര സംവാദങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു. കത്തോലിക്കാ സഭയിലേക്ക് കടന്നു വരുന്ന വിവരം വെളിപ്പെടുത്തിയതിനു ശേഷം ഡെയിലി മെയിൽ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ തീരുമാനം പീഡിത ക്രൈസ്തവ സമൂഹത്തിന് വേണ്ടി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാൻ അവസരമൊരുക്കുമെന്ന് മൈക്കേല്‍ നസീര്‍ അലി പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിനു മുന്‍പും നിരവധി ആംഗ്ലിക്കൻ മെത്രാന്മാർ കത്തോലിക്കാ സഭയിലേക്ക് കടന്നുവന്നിട്ടുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
