Faith And Reason

പ്രമുഖ ആംഗ്ലിക്കന്‍ ബിഷപ്പ് മൈക്കേല്‍ നസീര്‍ അലി കത്തോലിക്ക സഭയില്‍

പ്രവാചകശബ്ദം 15-10-2021 - Friday

ലണ്ടന്‍: ഇംഗ്ലണ്ട് ആസ്ഥാനമായ ആംഗ്ലിക്കന്‍ സഭയിലെ പ്രമുഖ മെത്രാനായിരുന്ന ലോര്‍ഡ്‌ മൈക്കേല്‍ നസീര്‍ അലി കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. ഫാ. റൊണാള്‍ഡ്‌ ക്നോക്സ് അടക്കമുള്ള പ്രമുഖരുടെ നിരയില്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്ന ആംഗ്ലിക്കന്‍ സഭയിലെ ഉന്നത വ്യക്തികളില്‍ ഒരാളാണ് പാക്കിസ്ഥാനിലേയും, ബ്രിട്ടനിലേയും ഇരട്ട പൗരത്വമുള്ള വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ നസീര്‍ അലി. മുസ്ലീം - ആംഗ്ലിക്കന്‍ - കത്തോലിക്ക പശ്ചാത്തലമുള്ള നസീര്‍ അലി 1949-ല്‍ പാക്കിസ്ഥാനിലെ കറാച്ചിയിലാണ് ജനിച്ചത്. 15 വര്‍ഷക്കാലം അദ്ദേഹം ഇംഗ്ളണ്ടിലെ റോച്ചസ്റ്റര്‍ ആംഗ്ലിക്കന്‍ രൂപതയുടെ മെത്രാനായിരുന്നു.

ക്രിസ്തീയ വിശ്വാസത്തിന്റേയും, സംസ്കാരത്തിന്റേയും, മതപീഡനത്തിനിരയാകുന്ന ക്രൈസ്തവരുടെ സംരക്ഷണത്തിനായി ബിഷപ്പ് മൈക്കേല്‍ നസീര്‍-അലി നടത്തിയ ശ്രമങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരിന്നു. ഇസ്ലാമിലെ ഭീകരതയ്ക്കെതിരെ അദ്ദേഹം സ്വരമുയര്‍ത്തിയിരിന്നു. 2008-ല്‍ നസീര്‍ അലിയ്ക്കു വധഭീഷണി ലഭിച്ചത് ഏറെ ചര്‍ച്ചയായി. ലോര്‍ഡ്‌ നസീര്‍-അലി കത്തോലിക്കാ സഭയുമായി ഐക്യത്തിലായത് പ്രധാനപ്പെട്ട കാര്യമാണെന്നു 2019-ല്‍ കത്തോലിക്ക സഭയിലെത്തിയ മുന്‍ ആംഗ്ലിക്കന്‍ വികാരിയും, എലിസബത്ത് രാജ്ഞിയുടെ ഹോണററി ചാപ്ലൈനുമായ ഗാവിന്‍ ആഷെന്‍ഡെന്‍ പ്രസ്താവിച്ചു.

ലോര്‍ഡ്‌ നസീര്‍ അലി കത്തോലിക്ക സഭയില്‍ എത്തിയതിലും, അദ്ദേഹത്തിന് പൗരോഹിത്യം ലഭിക്കുന്നതിലും തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നു ഓര്‍ഡിനാരിയേറ്റിലെ മോണ്‍. കെയിത്ത് ന്യൂട്ടണ്‍ പറഞ്ഞു. തങ്ങളുടെ ആംഗ്ലിക്കന്‍ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് കത്തോലിക്കാ സഭയുമായി ഐക്യത്തിലാകുവാന്‍ താല്‍പര്യമുള്ള ആംഗ്ലിക്കന്‍ വിശ്വാസികളെ കത്തോലിക്ക വിശ്വാസത്തിലേക്ക് സ്വീകരിക്കുവാനായി 2010-ല്‍ ബെനഡിക്ട് പതിനാറാമന്‍ സ്ഥാപിച്ച കാനോനിക്കല്‍ വിഭാഗമാണ് പേഴ്സണല്‍ ഓര്‍ഡിനാരിയേറ്റ്.

പ്രധാനദൂതനായ മിഖായേല്‍ മാലാഖയുടേയും മാലാഖമാരുടേയും തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 29നാണ് ലോര്‍ഡ് മൈക്കേല്‍ നസീര്‍ അലിയെ കത്തോലിക്കാ സഭയിലേക്ക് ഔദ്യോഗികമായി സ്വീകരിച്ചത്. അധികം താമസിയാതെ തന്നെ ലോര്‍ഡ്‌ നസീര്‍ അലി തിരുപ്പട്ട സ്വീകരണം നടത്തുമെന്നാണ് സൂചന. കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ ഇംഗ്ലണ്ടിലെ എബ്സ്ഫ്ലീറ്റ് രൂപതയുടെ മെത്രാനായി സേവനം ചെയ്തിരുന്ന ജോനാഥൻ ഗുഡ്ഓൾ കത്തോലിക്ക സഭയില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ചിരിന്നു. കത്തോലിക്ക സഭയ്ക്കും, ഓർത്തഡോക്സ് സഭയ്ക്കും ശേഷം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൈസ്തവ വിഭാഗമാണ് ആംഗ്ലിക്കൻ സഭ.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »