News

“നിങ്ങള്‍ എന്റെ ഹൃദയത്തിലാണ്”: ആഫ്രിക്കയിലെ വിജയകരമായ സന്ദര്‍ശനത്തിന് ഒടുവില്‍ പാപ്പ വത്തിക്കാനില്‍ മടങ്ങിയെത്തി

പ്രവാചകശബ്ദം 06-02-2023 - Monday

വത്തിക്കാന്‍ സിറ്റി: സമാധാനത്തിന്റെ ദൂതനായി ആഫ്രിക്കയിലെത്തിയ ഫ്രാന്‍സിസ് പാപ്പ തന്റെ ആറ് ദിവസത്തെ കോംഗോ, തെക്കന്‍ സുഡാന്‍ അപ്പസ്തോലിക സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കി വത്തിക്കാനിലേക്ക് മടങ്ങിയെത്തി. “നിങ്ങള്‍ എന്റെ ഹൃദയത്തിലാണ്, നിങ്ങള്‍ ഞങ്ങളുടെ ഹൃദയത്തിലാണ്, നിങ്ങള്‍ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ ഹൃദയത്തിലാണ്! ഒരിക്കലും പ്രതീക്ഷ കൈവിടരുത്. സമാധാനം സ്ഥാപിക്കുവാനുള്ള ഒരവസരവും നഷ്ടപ്പെടുത്തരുത്” എന്നാണ് തന്റെ നാല്‍പ്പതാമത്തെ അപ്പസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നതിന് മുന്‍പ് തെക്കന്‍ സുഡാന്റെ മണ്ണില്‍വെച്ച് പാപ്പ നടത്തിയ അവസാന ആഹ്വാനം.

ജൂബ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും പ്രാദേശിക സമയം രാവിലെ 11:56നു പാപ്പയെയും വഹിച്ചുകൊണ്ടുള്ള വിമാനം പറന്നുയര്‍ന്നത്. ഏതാണ്ട് എഴുപതോളം മാധ്യമപ്രവര്‍ത്തകരും വിമാനത്തില്‍ ഉണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് പാപ്പ റോമില്‍ എത്തിയത്. കഴിഞ്ഞ ആറു ദിവസങ്ങളിലായി കോംഗോയിലെയും, തെക്കന്‍ സുഡാനിലെയും ജനങ്ങള്‍ക്ക് ആശ്വാസവും സമാധാനവും പ്രത്യേകം പകരുവാന്‍ പാപ്പയ്ക്കു കഴിഞ്ഞു. ഓരോ വ്യക്തിയും സ്വജീവിതത്തിലും, തങ്ങളുടെ രാഷ്ട്രത്തിലും സമാധാനം വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പാപ്പ എടുത്ത് പറഞ്ഞിരിന്നു. പാപ്പയുടെ ഓരോ സന്ദേശവും വിവിധ മേഖലകളിലെ ശ്രോതാക്കളെ ഉദ്ദേശിച്ചുള്ളതായിരുന്നുവെങ്കിലും, അവ ഇരു രാജ്യങ്ങളിലേയും അക്രമങ്ങള്‍ അവസാനിപ്പിക്കുവാനുള്ള ഉപദേശങ്ങളാക്കി മാറ്റുകയായിരുന്നു.

പാപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനകളില്‍ പങ്കെടുക്കുവാന്‍ ലക്ഷങ്ങളാണ് ഒരുമിച്ചു കൂടിയത്. കോംഗോയിലെ കിന്‍ഷാസയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പത്തു ലക്ഷത്തിലധികം ആളുകളും, തെക്കന്‍ സുഡാനിലെ ജൂബായില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ ഒരു ലക്ഷത്തിലധികം വിശ്വാസികളുമാണ് പങ്കെടുത്തത്. ജൂബയിലെ ജനസംഖ്യയുടെ അഞ്ചിലൊന്ന്‍ പേര്‍ പാപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുവെന്നതും ശ്രദ്ധേയമാണ്. ജൂബയില്‍ നിന്നും പേപ്പല്‍ വിമാനം പറന്നുയര്‍ന്നപ്പോള്‍ ജൂബാ മെത്രാപ്പോലീത്ത സ്റ്റീഫന്‍ അമേയു മാര്‍ട്ടിന്‍ മുള്ള നാഷണല്‍ സര്‍വീസ് ബ്രോഡ്കാസ്റ്റിംഗ് വഴി തെക്കന്‍ സുഡാന്‍ ജനതയ്ക്കായി പാപ്പ നല്‍കിയ പ്രതീക്ഷയുടെയും, സമാധാനത്തിന്റെയും സന്ദേശം പങ്കുവെച്ചിരിന്നു.

ആഭ്യന്തര കലഹങ്ങളും അക്രമങ്ങളും കൊണ്ട് പൊറുതിമുട്ടി ഏറെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യങ്ങളാണ് കോംഗോയും സുഡാനും. യുഎൻ അഭയാർത്ഥി ഏജൻസിയുടെ കണക്കനുസരിച്ച് ലോകത്തിലെ മൂന്നാമത്തെ വലിയ അഭയാർത്ഥി പ്രതിസന്ധിയാണ് ദക്ഷിണ സുഡാൻ നേരിടുന്നത്. ഏകദേശം 40 ലക്ഷം അഭയാർത്ഥികൾ രാജ്യം വിട്ട് പലായനം ചെയ്യുകയോ ദക്ഷിണ സുഡാനിൽ ആഭ്യന്തരമായി പലായനം ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ വിവിധങ്ങളായ മുറിവേറ്റവര്‍ക്ക് സമാശ്വാസം പകരുവാന്‍ പാപ്പയുടെ സന്ദര്‍ശനത്തിന് കഴിഞ്ഞുവെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ആഫ്രിക്കന്‍ സന്ദര്‍ശനാനന്തരം റോമില്‍ തിരിച്ചെത്തിയ പാപ്പ പതിവ് തെറ്റിക്കാതെ മരിയ മജിയോരെ ബസിലിക്കയിലെത്തി ‘റോമൻ ജനതയുടെ സംരക്ഷക’ ( 'സാലുസ് പോപുലി റൊമാനി') എന്ന വിശേഷണത്തോടെ വണങ്ങുന്ന മരിയൻ തിരുരൂപത്തിന് മുന്നില്‍ നന്ദിയര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു.

Tag: Pope Francis conclude African trip Sudan Congo, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »