India - 2025
ചരിത്രത്തെ വിസ്‌മരിച്ചുകൊണ്ട് സഭയ്ക്കു മുന്നോട്ടു പോകാനാകില്ല: മാർ ജോസഫ് കല്ലറങ്ങാട്ട്
പ്രവാചകശബ്ദം 23-10-2024 - Wednesday
നിലയ്ക്കൽ (പത്തനംതിട്ട): ചരിത്രത്തെ വിസ്‌മരിച്ചുകൊണ്ട് സഭയ്ക്കു മുന്നോട്ടു പോകാനാകില്ലെന്ന് പാലാ രൂപതാധ്യക്ഷന്‍ മാർ ജോസഫ് കല്ലറങ്ങാട്ട്. നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിൽ മാർത്തോമ്മാ നസ്രാണി സമുദായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിൽനിന്നു മാത്രമേ സഭയുടെ മുന്നോട്ടുള്ള പ്രയാണം സാധ്യമാകുവെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.
ചരിത്രത്തെ നശിപ്പിക്കുന്നതാണ് ഏറ്റവും വലിയ കുറ്റകൃത്യം. മാർത്തോമ്മാ ശ്ലീഹായുടെ സാക്ഷ്യമാണ് ഭാരതസഭയുടെ കരുത്ത്. മാർത്തോമ്മൻ പാരമ്പര്യത്തിനവകാശപ്പെട്ട സഭകളുടെ വളർച്ച അദ്ദേഹം കടന്നുവന്ന വഴികളിലൂടെ ത്തന്നെ ദൃശ്യമാകും. സഭയുടെ സുവിശേഷ വളർച്ചയുടെ വഴികൾ കൂടിയാണിത്. സുവിശേഷ ദൗത്യം സഭ തുടരണമെന്ന് ഇതു നമ്മെ ഉദ്ബോധിപ്പിക്കുന്നുവെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
ക്നാനായ സമുദായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് അധ്യ ക്ഷത വഹിച്ചു. ഓർത്തഡോക്‌സ് സഭ നിലയ്ക്കൽ ഭദ്രാസനാധിപൻ ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത ആമുഖ പ്രഭാഷണം നടത്തി. സിഎസ്ഐ ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, ഏബ്രഹാം മാത്യു പന ച്ചമുട്ടിൽ, ഫാ. ജോർജ് തേക്കടയിൽ, ഫാ. ഷൈജു മാത്യു ഒഐസി, ബിനു വാഴമുട്ടം എ ന്നിവർ പ്രസംഗിച്ചു. തുടർന്നു നടന്ന സെമിനാർ മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത ജോ സഫ് മാർ ബർണബാസ് ഉദ്ഘാടനം ചെയ്‌തു.
കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പു ളിക്കൽ മോഡറേറ്ററായിരുന്നു. കോട്ടയം പൗരസ്ത്യ വിദ്യാപീഠം കാനൻ ലോ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ. ഡോ. ജോസ് കടുപ്പിൽ വിഷയാവതരണം നടത്തി. അഡ്വ. ബിജു ഉമ്മൻ, ഫാ. ഗീവർഗീസ് സഖറിയ, അഡ്വ. ഏബ്രഹാം എം. പട്യാനി, റെജി ചാണ്ടി, തോമസുകുട്ടി തേവരുമുറിയിൽ, അഡ്വ. ഷെവ. വി.സി. സെബാസ്റ്റ്യൻ എന്നിവർ ചർച്ചകൾക്കു നേതൃത്വം നൽകി.