News

പാക്കിസ്ഥാനില്‍ അറുപതുകാരന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം ചെയ്തു

പ്രവാചകശബ്ദം 15-02-2023 - Wednesday

ലാഹോര്‍: ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ കൊണ്ട് സമീപകാലത്ത് കുപ്രസിദ്ധിയാര്‍ജ്ജിച്ച പാക്കിസ്ഥാനില്‍ നിന്നും വീണ്ടും മനുഷ്യാവകാശ ലംഘനത്തിന്റെ വാര്‍ത്ത. ഫൈസലാബാദിലെ യൂസഫാബാദ് മേഖലയിലെ സിതാര ആരിഫ് (സൈറ) എന്ന പതിനഞ്ചു വയസ്സുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത ശേഷം വിവാഹം ചെയ്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അറുപതു വയസ്സുള്ള റാണാ തയ്യബ് എന്നയാളാണ് പ്രതി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15-നാണ് സംഭവം നടന്നതെങ്കിലും 2 മാസങ്ങള്‍ക്ക് ശേഷം മാത്രമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സൈറ വീട്ടുജോലിക്കാരിയായി വേല ചെയ്തിരുന്ന നൈല അംബ്രീന്‍ എന്ന സര്‍ക്കാര്‍ സ്കൂള്‍ പ്രിന്‍സിപ്പാളിന്റെ ഭര്‍ത്താവാണ് റാണാ തയ്യബ്. പോലീസില്‍ പോയി പരാതി കൊടുത്തുവെങ്കിലും തന്റെ പരാതി സ്വീകരിക്കുവാന്‍ പോലും തയ്യാറാകാതെ സ്റ്റേഷനില്‍ നിന്നും പുറത്താക്കുകയാണ് പോലീസ് ചെയ്തതെന്നു കത്തോലിക്ക വിശ്വാസിയും, വികലാംഗനുമായ സൈറയുടെ പിതാവ് ആരിഫ് ഗില്‍ പറഞ്ഞു. മാഡം നൈല സര്‍ക്കാര്‍ ജീവനക്കാരിയായതിനാല്‍ അവര്‍ക്കും, ഭര്‍ത്താവിനും പോലീസില്‍ നല്ല സ്വാധീനമുണ്ടെന്നും, ദാരിദ്ര്യം കാരണമാണ് തങ്ങള്‍ തങ്ങളുടെ മകളെ ആ വീട്ടില്‍ വീട്ടുവേലക്ക് വിട്ടതെന്നും, തങ്ങളുടെ മകളുടെ അഞ്ചു മടങ്ങ് പ്രായക്കൂടുതലുള്ള മനുഷ്യന്‍ അവളെ നോട്ടമിടുമെന്ന്‍ വിചാരിച്ചില്ലെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 3-നാണ് തങ്ങള്‍ സംഭവത്തെ കുറിച്ച് അറിഞ്ഞതെന്നും വിഷയം അറിഞ്ഞ ഉടന്‍ തന്നെ ഫൈസലാബാദ് റീജിയണല്‍ പോലീസ് മേധാവിയുടെ അടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ആവശ്യപ്പെട്ടുവെന്നും ഗില്ലിന്റെ അഭിഭാഷകനും, പാക്കിസ്ഥാനിലെ മൈനോരിറ്റി അലയന്‍സിന്റെ ചെയര്‍മാനും അറ്റോര്‍ണിയുമായ അക്മല്‍ ഭട്ടി പറഞ്ഞു. ഫെബ്രുവരി 4-നാണ് മദീന ടൌണ്‍ പോലീസ് സ്റ്റേഷന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. തയ്യബിന്റെ വീട്ടില്‍ പരിശോധന നടത്തിയ പോലീസ് സൈറയെ കണ്ടെത്തിയതിനെ തുടര്‍ന്ന്‍ പാക്കിസ്ഥാന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 365-ബി അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഭട്ടി അറിയിച്ചു.

പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് പതിവായിട്ടും, കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള നാഷണല്‍ കമ്മീഷനും, പഞ്ചാബ് പ്രവിശ്യാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ ബ്യൂറോയും കാണിക്കുന്ന അലംഭാവത്തെ അക്മല്‍ ഭട്ടി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളില്‍പ്പെട്ട ആയിരത്തോളം സ്ത്രീകളാണ് വര്‍ഷംതോറും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു ഇരയായി കൊണ്ടിരിക്കുന്നത്. 2021-22 കാലയളവില്‍ സംശയാസ്പദമായ അറുപതോളം മതപരിവര്‍ത്തന കേസുകളാണ് ഉണ്ടായിരിക്കുന്നതെന്നു ലാഹോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 70% പെണ്‍കുട്ടികളും 18 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. ക്രിസ്ത്യാനിയായി ജീവിക്കുന്നതിന് ബുദ്ധിമുട്ടുള്ള രാജ്യങ്ങളെ കുറിച്ച് ‘ഓപ്പണ്‍ഡോഴ്സ്’ പുറത്തുവിട്ട 2023-ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഏഴാമതാണ് പാക്കിസ്ഥാന്റെ സ്ഥാനം.


Related Articles »