News - 2024

കൊല്ലം രൂപതയുടെ മുൻ അധ്യക്ഷന്‍ ബിഷപ്പ് ജോസഫ് ഗബ്രിയേൽ ഫെർണാണ്ടസ് കാലം ചെയ്തു

04-03-2023 - Saturday

കൊല്ലം: കൊല്ലം രൂപതയുടെ മുൻ മെത്രാനായിരുന്ന ബിഷപ്പ് ജോസഫ് ഗബ്രിയേൽ ഫെർണാണ്ടസ് കാലംചെയ്തു. 97 വയസ്സായിരിന്നു. ഇന്ന് മാർച്ച് 4 ശനിയാഴ്ച രാവിലെ 9.30 ന് കൊല്ലം ബെൻസിഗർ ആശുപത്രിയിൽവെച്ചായിരിന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ന്യുമോണിയ പിടിപെടുകയായിരുന്നു. കേരള കാത്തലിക് ബിഷപ്സ് കൗൺസിലിന്റെ (കെസിബിസി) വൈസ് പ്രസിഡന്റ്, സിബിസിഐ ഹെൽത്ത് കമ്മീഷൻ ചെയർമാൻ, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയുടെ എപ്പിസ്കോപ്പൽ കമ്മീഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

1925 സെപ്റ്റംബർ 16-ന് കൊല്ലം ജില്ലയിലെ മരുതൂർകുളങ്ങര ഇടവകയിൽ പണ്ടാരതുരുത്തിൽ ഗബ്രിയേൽ-ജോസഫിന ദമ്പതികളുടെ മകനായി ജനിച്ചു. 1939-ൽ കൊല്ലത്തെ സെന്റ് റാഫേൽ മൈനർ സെമിനാരിയിൽ ചേർന്ന അദ്ദേഹം കൊല്ലത്തെ സെന്റ് തെരേസാസ് സെമിനാരിയിലും ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിലും വൈദിക പഠനം നടത്തി. 1949 മാർച്ച് 19-ന് ബിഷപ്പ് ജെറോം എം. ഫെർണാണ്ടസിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ച് അഭിഷിക്തനായി. പിന്നീട് ബിഷപ്പ് ജെറോമിന്റെ സെക്രട്ടറി, ചാൻസലർ, വിവിധ ഇടവകകളിൽ വികാരി, ഇൻഫന്റ് ജീസസ് ബോർഡിംഗ് സ്കൂൾ വാർഡൻ, സെന്റ് റാഫേൽ മൈനർ സെമിനാരി പ്രീഫെക്റ്റ്, കാർമൽ റാണി ട്രെയിനിംഗ് കോളേജ്, ഫാത്തിമ മാതാ നാഷണൽ കോളജ് എന്നിവിടങ്ങളിലെ ബർസാർ, വിമല ഹൃദയ സന്ന്യാസിനി സഭയുടെ ഗുരുഭൂതൻ, വിവിധ സന്യാസ സഭകളുടെ കുമ്പസാരക്കാരൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരിന്നു.

1978 ജനുവരി 30-ന് കൊല്ലത്തെ എട്ടാമത്തെ ബിഷപ്പായി പരിശുദ്ധ സിംഹാസനം അദ്ദേഹത്തെ നിയമിച്ചു. 1978 മെയ് 14-ന് ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു. 2001 ഒക്ടോബർ 16-ന് സജീവ എപ്പിസ്കോപ്പൽ ശുശ്രൂഷയിൽ നിന്ന് വിരമിച്ചു. 23 വർഷം മെത്രാനായി സേവനമനുഷ്ച്ചു. ബിഷപ്പ് ഡോ. ജോസഫ് ഗബ്രിയേൽ ഫെർണാണ്ടസിന്റെ നിര്യാണത്തിൽ കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി ദുഃഖം രേഖപ്പെടുത്തി. രൂപതയെ ആത്മീയവും ഭൗതികവുമായ വികസനത്തിലേക്കു നയിച്ച ക്രാന്തദർശിയായിരുന്നു അദ്ദേഹമെന്ന് ബിഷപ്പ് മുല്ലശേരി അനുസ്മരിച്ചു. ആർച്ച് ബിഷപ്പുമാരായ ഡോ. തോമസ് ജെ. നെറ്റോ, ഡോ. ജോസഫ് കളത്തിപറമ്പിൽ എന്നിവരും ഡോ. ജോസഫ് ഗബ്രിയേൽ ഫെർണാണ്ടസിന്റെ നിര്യാണത്തിൽ അനുശോചിച്ചു.


Related Articles »