Social Media

നോമ്പ് ശൂന്യവത്ക്കരണത്തിന്റെ കാലം | തപസ്സു ചിന്തകൾ 29

ഫാ. ജെയ്സണ്‍ കുന്നേല്‍ എം‌സി‌ബി‌എസ് 20-03-2023 - Monday

'ലൗകിക ശ്രദ്ധയില്‍ നിന്ന് നമ്മെത്തന്നെ ശൂന്യമാക്കാനും അവന്റെ സ്‌നേഹം, കൃപ, സമാധാനം എന്നിവയാല്‍ നമ്മെ നിറയ്ക്കാന്‍ ദൈവത്തെ അനുവദിക്കാനുമുള്ള സമയമാണ് നോമ്പുകാലം' - കല്‍ക്കട്ടയിലെ വിശുദ്ധ മദര്‍ തെരേസ.

ശൂന്യവത്കരണത്തിന്റെ ദിനങ്ങളാണല്ലോ നോമ്പു ദിനങ്ങള്‍. മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തിയ (ഫിലിപ്പി 2 : 8) ഈശോയെ അടുത്തനുകരിക്കേണ്ട സമയം.സ്വയം ശൂന്യമാക്കിയാലേ ദൈവത്തിന്റെ സ്‌നേഹവും കൃപയും സമാധാനവും ജീവിതത്തില്‍ അനുഭവിക്കാന്‍ സാധിക്കുകയുള്ളൂ. ജീവിതത്തില്‍ ഉണ്ടാകുന്ന സഹനങ്ങളും പീഡകളും ഭാവാത്മകമായി കാണണമെങ്കില്‍ ശൂന്യവല്‍ക്കരണത്തിന്റെ വഴിത്താരകള്‍ നമ്മള്‍ പിന്നിടുന്നവര്‍ ആയിരിക്കണം. ശൂന്യവല്‍ക്കരിച്ച ജീവിതങ്ങള്‍ക്കേ ജീവന്‍ പുറപ്പെടുവിക്കുവാന്‍, ജീവന്‍ സമൃദ്ധമായി പങ്കുവയ്ക്കുവാന്‍ കഴിയുകയുള്ളൂ.

ഈശോമിശിഹാ സ്വയം ശൂന്യവല്‍ക്കരിച്ച് വിശുദ്ധ കുര്‍ബാനയായി മാറിയപ്പോള്‍ വിശുദ്ധ കുര്‍ബാന ലോകത്തിന് ജീവന്‍ നല്‍കുന്ന ദിവ്യ ഔഷധമായി പരിണമിച്ചു. ആരെല്ലാം ജീവിതത്തില്‍ ത്യാഗങ്ങളും സഹനങ്ങളും ആത്മനാ ഏറ്റെടുത്തിട്ടുണ്ടോ അവിടെയെല്ലാം ജീവന്‍ വിളഞ്ഞിട്ടുണ്ട്. ആത്മദാനത്തിന്റെ നിര്‍വൃതി നമുക്ക് അനുഭവിക്കുവാന്‍ കഴിയണമെങ്കില്‍ ശൂന്യവല്‍ക്കരണത്തിന്റെ പാതകളിലൂടെ നാം നടക്കേണ്ടിയിരിക്കുന്നു. നോമ്പിലെ ശൂന്യവല്‍ക്കരണങ്ങള്‍ ഓരോന്നും ജീവന്‍ നല്‍കുവാനും അത് സമൃദ്ധമായി നല്‍കുവാനും വന്ന ഈശോയുടെ ജീവിതത്തെ അടുത്തു അനുകരിക്കുവാനും അവിടുത്തെ അനുഗമിക്കാനും നമ്മളെ പ്രേരിപ്പിക്കണം.

More Archives >>

Page 1 of 38