Faith And Reason - 2025

മാര്‍ച്ച് 25നു ദൈവമാതാവിന്റെ വിമലഹൃദയത്തിന് പുനഃപ്രതിഷ്ഠ നടത്തുവാന്‍ ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 22-03-2023 - Wednesday

വത്തിക്കാന്‍ സിറ്റി: പരിശുദ്ധ അമ്മയ്ക്കു സ്വയം സമർപ്പിക്കുവാനും, സമാധാനത്തിനുവേണ്ടി വിശ്രമമില്ലാതെ പ്രാർത്ഥിക്കണമെന്നുമുള്ള ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ വർഷം മാർച്ച് ഇരുപത്തിയഞ്ചാം തീയതി, ആഗോള മെത്രാന്മാരോടു ചേർന്നുകൊണ്ട് സഭയെയും ആഗോള സമൂഹത്തെയും പ്രത്യേകമായി യുക്രൈൻ - റഷ്യ രാജ്യങ്ങളെയും മാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ചതിന്റെ ഓര്‍മ്മ ഇത്തവണയും പുതുക്കണമെന്ന് പാപ്പ പറഞ്ഞു. മാര്‍ച്ച് ഇരുപത്തിയഞ്ചാം തീയതി സഭ മംഗളവാർത്ത തിരുനാൾ ആഘോഷിക്കുന്ന സുദിനമാണ്. ഇന്നു ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച വേളയിലാണ് പാപ്പ വിമലഹൃദയ പുനഃപ്രതിഷ്ഠയ്ക്കു ആഹ്വാനം ചെയ്തത്.

സമാധാനത്തിന്റെ രാജ്ഞിയെ സമാധാനത്തിന്റെ ലക്ഷ്യം ഭരമേൽപ്പിക്കുന്നതിൽ നാം തളരരുത്. അതിനാൽ, ഓരോ വിശ്വാസികളെയും സമൂഹത്തെയും, പ്രത്യേകിച്ച് പ്രാർത്ഥനാ കൂട്ടായ്മകളെയും മാർച്ച് 25നു, നമ്മുടെ മാതാവിനോടുള്ള സമർപ്പണം പുതുക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അങ്ങനെ അമ്മയായ അവൾ നമ്മെയെല്ലാം ഐക്യത്തിലും സമാധാനത്തിലും കാത്തുസൂക്ഷിക്കും. ഇന്നും യുദ്ധത്തിന്റെ ദുരിതങ്ങള്‍ പൂർണ്ണമായി മാറിയിട്ടില്ലെങ്കിലും സമാധാനത്തിനു വേണ്ടി, സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ മറിയത്തോട് വിശ്രമവും, മടുപ്പും കൂടാതെ അപേക്ഷകൾ സമർപ്പിക്കുവാൻ നമുക്ക് സാധിക്കണമെന്ന് പാപ്പ പറഞ്ഞു. യുക്രൈൻ ജനതയനുഭവിക്കുന്ന ദുരിതങ്ങളും, ബുദ്ധിമുട്ടുകളും എടുത്തുപറഞ്ഞ പാപ്പ, ഒരിക്കലും അവരെ മറക്കരുതേയെന്നും, അവർക്കു വേണ്ടി പ്രാർത്ഥിക്കണമേയെന്നും വിശ്വാസി സമൂഹത്തെ ഓർമ്മിപ്പിച്ചു.

നിരവധി മാർപാപ്പമാർ തിരുസഭയെയും ലോകത്തെയും മറിയത്തിന് സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് പാപ്പ നടത്തിയ വിമലഹൃദയ സമര്‍പ്പണം ഏറെ ശ്രദ്ധ നേടിയിരിന്നു. അന്നു അനുതാപ ശുശ്രൂഷയുടെ അന്ത്യത്തിലാണ് സമർപ്പണം നടന്നത്. ഇരു രാജ്യങ്ങളുടെയും പേര് പറയുന്നതിനൊപ്പം, ആഗോള വിശ്വാസി സമൂഹത്തെയും, സഭയെയും മാനവരാശി മുഴുവനെയും മാർപാപ്പ ദൈവമാതാവിന് സമർപ്പിച്ചു. മധ്യ ഇറ്റലിയിൽ നിന്ന് കൊണ്ടുവന്ന ഫാത്തിമ മാതാവിന്റെ ശില്പത്തിന് മുന്നിൽ ഇരുന്നുകൊണ്ടാണ് പരിശുദ്ധ പിതാവ് പ്രാർത്ഥനകൾ നയിച്ചിരിന്നത്.


Related Articles »