Thursday Mirror - 2024

ഈ സംഭവ കഥ വിശുദ്ധ കുർബാനയിലേക്കു നിങ്ങളെ അടുപ്പിക്കും...!

ഫാ. ജെയ്സണ്‍ കുന്നേല്‍ എം‌സി‌ബി‌എസ് 06-04-2023 - Thursday

സുപ്രസിദ്ധ അമേരിക്കൻ വാഗ്മിയും വചന പ്രഘോഷകനുമായിരുന്നു ആർച്ചു ബിഷപ്പ് ഫുൾട്ടൺ ജെ. ഷീൻ. 1979 മരിക്കുന്നതിനു ഏതാനും മാസങ്ങൾക്കു മുമ്പ് ബിഷപ്പ് ഷീൻ ടെലിവിഷനിൽ ഒരു അഭിമുഖം നൽകുകയുണ്ടായി. ചോദ്യകർത്താവ് ബിഷപ്പ് ഷീനോടു ചോദിച്ചു. "അല്ലയോ പിതാവേ, താങ്കളുടെ പ്രസംഗങ്ങൾ ലക്ഷക്കണക്കിനു മനുഷ്യരെ പ്രചോദിപ്പിക്കുന്നു. താങ്ങളെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ച വ്യക്തി ആരാണ്? അത് ഒരു മാർപാപ്പ ആയിരുന്നോ?"

"അതു ഒരു മാർപാപ്പയോ കർദ്ദിനാളോ, മെത്രാനോ ഒരു പുരോഹിതനോ ഒരു കന്യാസ്ത്രീയോ ആയിരുന്നില്ല. അതു പതിനൊന്നു വയസ്സു മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയായിരുന്നു" എന്നതായിരുന്നു ബിഷപ്പ് ഷീൻ്റെ മറുപടി.

നാല്പതുകളുടെ അവസാനത്തിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം ചൈനയെ അവരുടെ വരുതിയിലാക്കിയപ്പോൾ നടന്നതാണ് ഈ സംഭവം. മത വിരോധികളായിരുന്ന കമ്മ്യൂണിസ്റ്റുകാർ കത്തോലിക്കാ ദൈവാലയങ്ങൾ തിരഞ്ഞുപിടിച്ചു നശിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ അവർ ഒരു ഗ്രാമത്തിലെ പള്ളിയിൽ എത്തുകയും പുരോഹിതനെ പള്ളിമേടയിൽ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ദൈവാലയത്തിൻ്റെ വാതിൽ തുടന്ന് പട്ടാളക്കാർ അവിടെ ഉണ്ടായിരുന്ന തിരുസ്വരൂപങ്ങളും ദൈവാലയ വസ്തുക്കളും തല്ലിതകർത്തു. അടുത്തതായി അവരുടെ ലക്ഷ്യം സക്രാരി തല്ലി തകർക്കുകയായിരുന്നു. സക്രാരി കുത്തിതുറന്ന പട്ടാളക്കാർ കുസ്തോതിയിൽ ഉണ്ടായിരുന്ന തിരുവോസ്തികൾ നിലത്തു വാരി വിതറി അതിനെ അപമാനിച്ചു.

ഈ സംഭവങ്ങളെല്ലാം പള്ളിമേടയിലെ ജനൽ പാളികളിൾക്കിടയിലൂടെ വീക്ഷിച്ചുകൊണ്ടിരുന്ന വികാരിയച്ചൻ ''ദൈവമേ പാപിയായ ഇവരോടു പൊറുക്കണമേ'' എന്നു പറഞ്ഞു നെഞ്ചത്തടിച്ചു വിലപിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

സക്രാരിയിൽ കൃത്യം 32 തിരുവോസതികൾ ഉണ്ടെന്ന് പുരോഹിതന് നിശ്ചയമായിരുന്നു. ഈ സംഭവങ്ങൾ നടക്കുമ്പോൾ 11 വയസ്സുള്ള ഒരു പെൺകുട്ടി ദേവാലയത്തിന്റെ പുറകിലിരുന്ന് പ്രാർത്ഥിക്കുകയായിരുന്നു പട്ടാളക്കാർ ദൈവാലയത്തിൽ പ്രവേശിച്ചതെ അവൾ പള്ളിയിലെ പിറകിലത്തെ ബെഞ്ചിനടിയിൽ ഒളിച്ചിരുന്നു. പട്ടാളക്കാർ പോയപ്പോൾ അവൾ വീട്ടിൽ പോയി. ആ രാത്രിയിൽ ആ പെൺകുട്ടി തകർന്നു കിടക്കുന്ന ദൈവാലയത്തിൽ എത്തുകയും ചിതറിക്കിടന്ന തിരുവോസ്തികൾ ഒരു പാത്രത്തിൽ ശേഖരിച്ച് ദൈവാലയത്തിൽ തന്നെ ഒളിച്ചുവയ്ക്കുകയും ചെയ്തു.

എന്നും രാത്രി അവൾ തനിച്ചു ദൈവാലയത്തിൽ എത്തി ഒരു മണിക്കൂർ ആരാധന നടത്തി ഒരോ തിരുവോസ്തി നാവിൽ ഉൾകൊള്ളുകയും ചെയ്തുപോന്നു. അങ്ങനെ 32 രാത്രികൾ പിന്നിട്ടു. പള്ളിമേടയിലെ ജാലകപ്പഴുതിലൂടെ വികാരിയച്ചൻ ദിവസവും ഇതു വീക്ഷിക്കുന്നുണ്ടായിരുന്നു. വിശുദ്ധ കുർബാനയെ ജീവനു തുല്യം സ്നേഹിക്കുന്ന ആത്മീയ സന്താനത്തെക്കണ്ട് ആ വൈദീകൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. മുപ്പത്തിരണ്ടാം ദിവസം വിശുദ്ധ കുർബാന ഉൾക്കൊണ്ട് പുറത്തുവരുന്നതിനിടയിൽ അവിടെ നിരീക്ഷിക്കാൻ വന്നിരുന്ന പട്ടാളക്കാരൻ്റെ മുമ്പിലാണ് പതിനൊന്നുകാരി ചെന്നു പെട്ടത്.

ചെന്നായ്ക്കളുടെ മുമ്പിലകപ്പെട്ട കുഞ്ഞാടിൻ്റെ അവസ്ഥ .ഭയന്നു വിറച്ച അവൾ ഓടിയൊളിക്കാൻ ശ്രമിച്ചെങ്കിലും പട്ടാളക്കാരൻ അവളെ പിന്തുടരുകയും വെടിവെച്ചു വീഴ്ത്തുകയും ചെയ്തു. വെടിയൊച്ചയും നിലവിളിയും കേട്ട് വികാരിയച്ചൻ ജനൽ പാളി തുറന്നു നോക്കുമ്പോൾ ഈശോയുടെയും തൻ്റെയും പ്രിയപ്പെട്ട ആ മകൾ തോക്കിൻ കുഴലിനു മുമ്പിൽ പിടഞ്ഞു മരിക്കുന്ന കാഴ്ചയാണ് കണ്ടത്. നിസ്സഹായകനായ ആ വൈദീകന് മാറത്തടിച്ചു കരയാൻ മാത്രമേ സാധിച്ചൊള്ളു.

ഈ സംഭവം ഷീൻ മെത്രാൻ അറിയുകയും അന്നുമുതൽ വിശുദ്ധ കുർബാനയുടെ മുമ്പിൽ ഒരു മണിക്കൂറെങ്കിലും ചെലവഴിക്കുമെന്ന് ഈശോയോട് വാഗ്ദാനം ചെയ്യുകയും ചെയ്തു. വിശുദ്ധ കുർബാനയെ സ്നേഹിക്കുവാനും പൗരോഹിത്യത്തെ വിലമതിക്കുവാനും ബിഷപ്പ് ഷീനെ ഏറ്റവും സ്വാധീനിച്ചത് വിദൂര നാട്ടിൽ നിന്നുള്ള പീഡന സഭയിലെ ഒരു പതിനൊന്നുകാരി പെൺകുട്ടിയായിരുന്നു. പെസഹായുടെ ഓർമ്മയാചരിക്കുമ്പോൾ വിശുദ്ധ കുർബാനയെ ഉള്ളു തുറന്നു സ്നേഹിക്കുന്നവരാകാൻ നമുക്കു പരിശ്രമിക്കാം.


Related Articles »