India - 2024
ജയിലുകളില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ മുടങ്ങില്ല: പ്രതിഷേധത്തിന് ഒടുവില്‍ അനുമതി പുനഃസ്ഥാപിച്ചു
പ്രവാചകശബ്ദം 06-04-2023 - Thursday
കൊച്ചി: ജയിലുകളില്‍ തടവുപുള്ളികള്‍ക്കായി വിശുദ്ധ കുർബാന അർപ്പണം ഉൾപ്പെടെയുള്ള ആത്മീയ ആവശ്യങ്ങൾ വിലക്കിയ നടപടി പ്രതിഷേധത്തിന് ഒടുവില്‍ പിന്‍വലിച്ചു. കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി. സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കെസിബിസിയുടെ കീഴിലുള്ള ജീസസ് ഫ്രട്ടേണിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പെസഹാ ശുശ്രൂഷകൾ നടക്കും.
ഇത് സംബന്ധിച്ച നിർദേശം ജയിൽ മേധാവിക്ക് നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ജയിലുകളില്‍ തടവുപുള്ളികള്‍ക്കായി ദിവ്യബലിയര്‍പ്പണവും മറ്റു സേവനങ്ങളും നൽകുന്ന ജീസസ് ഫ്രട്ടേണിറ്റി ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ പ്രവേശനം വിലക്കിക്കൊണ്ടുള്ള ജയില്‍ ഡിജിപി ബൽറാം കുമാർ ഉപാധ്യായ നിർദേശം സംബന്ധിച്ച് വാർത്ത പുറത്തു വന്നിരുന്നു. തുടർന്ന് കർദ്ദിനാൾ ക്ലീമിസ് ഇന്നലെ രണ്ടു വട്ടം മുഖ്യമന്ത്രിയുമായി വിഷയത്തിൽ ഫോണിലൂടെ ചർച്ച നടത്തി. തടവുപുള്ളികളുടെ മനസീകവും ആത്മീയവുമായ ആവശ്യങ്ങൾ നിഷേധിക്കുന്നത് നീതിയല്ലെന്നു കർദിനാൾ അഭിപ്രായപ്പെട്ടു.
ജയിലുകളിലെ അന്തേവാസികളുടെ മനപരിവർത്തനത്തിനും ധാർമിക ജീവിതത്തിനും ആവശ്യമായ പ്രചോദനങ്ങളും പ്രോത്സാഹനങ്ങളും നൽകുന്ന സന്നദ്ധ സംഘടനകൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത് നീതീകരിക്കാനാവില്ലെന്ന് കെസിബിസി വക്താവ് ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി പറഞ്ഞു. കെസിബിസിയുടെ കീഴിലുള്ള ജീസസ് ഫ്രട്ടേണിറ്റി ജയിലുകളിലെ വന്ദേവാസികളുടെ മാനസികവും ആത്മീയവുമായ വളർച്ചയ്ക്കും നന്മയിലേക്കുള്ള തിരിച്ചുവരവിനും പ്രചോദനം പകരുന്ന വർഷങ്ങളായി നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.